പ്രതിഫലം കുറച്ച് ഇന്ത്യയിലേക്ക് ‘നോക്കി’ യായാ ടൂറെ; ഐഎസ്എല്ലിൽ കളിക്കുമോ?
Mail This Article
മുംബൈ ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗിലും സ്പാനിഷ് ലാ ലിഗയിലും മിന്നുന്ന താരമായിരുന്ന ഐവറി കോസ്റ്റ് താരം യായാ ടൂറെ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) കളിക്കാനെത്തുമോ? താരത്തെ ടീമിലെത്തിക്കാൻ വിവിധ ഐഎസ്എൽ ക്ലബ്ബുകൾക്ക് ഓഫർ ലഭിച്ചതായി ‘ടൈംസ് ഓഫ് ഇന്ത്യ’യാണ് റിപ്പോർട്ട് ചെയ്തത്. എഫ്സി ഗോവ, ബെംഗളൂരു എഫ്‍സി തുടങ്ങിയ ടീമുകൾ മുപ്പത്തിയേഴുകാരനായ ടൂറെയെ ടീമിലെടുക്കാൻ ഓഫർ ലഭിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
മാഞ്ചസ്റ്റർ സിറ്റിയുടെയും ബാർസിലോനയുടെയും മുൻ മധ്യനിര താരമായ യായാ ടൂറെ കഴിഞ്ഞ വർഷമാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഗ്രീക്ക് ക്ലബ് ഒളിംപിയാക്കോസിലും കളിച്ചിട്ടുണ്ട്. ആഫ്രിക്കൻ ഫുട്‌ബോളർ ഓഫ് ദി ഇയർ പുരസ്‌കാരം തുടർച്ചയായി നാലു തവണ നേടിയിട്ടുള്ള ഏക താരമെന്ന റെക്കോർഡ് യായാ ടൂറെയുടെ പേരിലാണ്. ഐവറി കോസ്റ്റിന്റെ മുൻ നായകനാണ്.
ഇപ്പോഴും കോടികൾ പ്രതിഫലം പറ്റുന്ന താരമായ ടൂറെയെ ടീമിലെടുക്കാനുള്ള സാമ്പത്തിക ഭദ്രത ഐഎസ്എൽ ടീമുകൾക്ക് ഇല്ലാത്തതിനാൽ വിലയിൽ കുറവു വരുത്താനും ടൂറെ തയാറാണെന്നാണ് റിപ്പോർട്ട്. കരിയറിലെ പ്രതാപകാലത്ത് മാഞ്ചസ്റ്റർ സിറ്റിയിൽ ആഴ്ചതോറും രണ്ടു കോടിയിലധികം രൂപ പ്രതിഫലം പറ്റിയിരുന്ന താരമാണ് യായാ ടൂറെ. നിലവിൽ 11.25 കോടിയോളം രൂപയാണ് ടൂറെയുടെ വാർഷിക പ്രതിഫലമായി അദ്ദേഹത്തിന്റെ ട്രാൻസ്ഫർ കാര്യങ്ങള്‍ കൈകാര്യ ചെയ്യുന്ന വടക്കുകിഴക്കൻ ഏഷ്യയിലെ പ്രതിനിധികളായ ഹാർകസ് കൺസൾട്ടൻസി ഗ്രൂപ്പ് നിശ്ചയിച്ചിരിക്കുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ വിലയ്ക്ക് ടൂറെയെ ടീമിലെടുക്കാനുള്ള സാമ്പത്തിക ഭദ്രത ഐഎസ്എൽ ക്ലബ്ബുകൾക്കില്ല. എഫ്‌സി ഗോവയിൽനിന്ന് അടുത്തിടെ സ്പാനിഷ് താരം യൂഗോ ബോമെസിനെ മുംബൈ സിറ്റി എഫ്‍സി 1.6 കോടി രൂപയ്ക്ക് സ്വന്തമാക്കിയതാണ് ഇതുവരെയുള്ള ഉയർന്ന ഐഎസ്എൽ ട്രാൻസ്ഫർ. കോവിഡ് വ്യാപനം നിമിത്തം നിലവിലെ വിലയുടെ മൂന്നിലൊന്ന് തുകയ്ക്ക് (ഏകദേശം 3.75 കോടി രൂപ) ഇന്ത്യൻ ക്ലബ്ബുകൾക്ക് കളിക്കാൻ ടൂറെ തയാറാണെന്നാണ് റിപ്പോർട്ട്. ഈ തുകയ്ക്ക് താരത്തെ വാങ്ങാൻ ഏതെങ്കിലും ക്ലബ് മുന്നിട്ടിറങ്ങുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.
English Summary: Manchester City legend Yaya Toure coming to ISL?