ഡോർട്ട്മുണ്ടിനൊപ്പം തുടരാൻ സാഞ്ചോ; മാഞ്ചസ്റ്റർ യുണൈറ്റഡിനു തിരിച്ചടി
Mail This Article
ലണ്ടൻ ∙ ജർമൻ ഫുട്ബോൾ ക്ലബ് ബോറൂസിയ ഡോർട്ട്മുണ്ടിന്റെ ഇംഗ്ലിഷ് താരം ജെയ്ഡൻ സാഞ്ചോയെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മോഹങ്ങൾക്കു തിരിച്ചടി. ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്കിടെ സാഞ്ചോ ഡോർട്ട്മുണ്ട് ടീമിനൊപ്പം പ്രീ സീസൺ പര്യടനത്തിനു സ്വിറ്റ്സർലൻഡിലേക്കു പോയി. ഇരുപതുകാരൻ സാഞ്ചോയ്ക്കായി ഡോർട്ട്മുണ്ട് ആവശ്യപ്പെടുന്ന 12 കോടി യൂറോ (ഏകദേശം 1058 കോടി രൂപ) നൽകുന്ന കാര്യത്തിൽ യുണൈറ്റഡ് ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. യുണൈറ്റഡ് ഇത്രയും തുക നൽകിയാൽ ബുന്ദസ്‌ലിഗയിലെ റെക്കോർഡ് ട്രാൻസ്ഫറായിരിക്കും അത്. ഇംഗ്ലിഷ് പ്രീമിയർ ലീഗിലേക്കു വരാനുള്ള താൽപര്യം സാഞ്ചോ പലവട്ടം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പ്രീ സീസണു മുൻപ് സാഞ്ചോ ലണ്ടനിലേക്കു പോയപ്പോൾ ട്രാൻസ്ഫർ അഭ്യൂഹങ്ങൾ സജീവമായിരുന്നു. 2022 വരെ സാഞ്ചോയ്ക്ക് ഡോർട്ട്മുണ്ടുമായി കരാറുണ്ട്.
∙ എന്തിനാണിത്രയും വില?
2017ൽ മാഞ്ചസ്റ്റർ സിറ്റി യൂത്ത് ടീമിൽ നിന്നാണ് സാഞ്ചോ ഡോർട്ട്മുണ്ടിലേക്കു പോയത്. നോർവെ താരം എർലിങ് ഹാലൻഡിനൊപ്പം ഡോർട്ട്മുണ്ടിന്റെ മുന്നേറ്റനിരയിൽ മിന്നിക്കളിച്ച താരം ടീമിനെ ലീഗിൽ രണ്ടാം സ്ഥാനത്തെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. ഡോർട്ട്മുണ്ടിനായി സീസണിൽ 17 ഗോളുകൾ നേടിയ സാഞ്ചോ 16 അസിസ്റ്റുകളും ഒരുക്കി. ഗോളടിക്കാനും വഴിയൊരുക്കാനും സാഞ്ചോയ്ക്കുള്ള ഈ മികവാണ് താരത്തിന്റെ വില കൂട്ടിയത്. 2017ൽ ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിലൂടെ രാജ്യാന്തര ഫുട്ബോളിൽ വരവറിയിച്ച സാഞ്ചോ ഇംഗ്ലണ്ട് സീനിയർ ടീമിനായി 11 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
∙ സാഞ്ചോ വന്നാൽ..!
സാഞ്ചോ കൂടി എത്തിയാൽ അടുത്ത സീസണിലും മികച്ച പ്രകടനം തുടരാമെന്ന കണക്കുകൂട്ടലിലായിരുന്നു യുണൈറ്റഡ്. ലോക്ഡൗണിനു ശേഷം പ്രീമിയർ ലീഗിലെ 9 കളികളിൽ ആറും ജയിച്ച യുണൈറ്റഡ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി ചാംപ്യൻസ് ലീഗ് യോഗ്യതയും ഉറപ്പാക്കിയിരുന്നു. മാർക്കസ് റാഷ്ഫോർഡ്, ആന്തണി മർത്യാൽ, മേസൺ ഗ്രീൻവുഡ് എന്നിവരുൾപ്പെടുന്ന യുവ മുന്നേറ്റ നിരയിലേക്കാണ് സാഞ്ചോയെ കൂടി യുണൈറ്റഡ് ലക്ഷ്യമിടുന്നത്.