ADVERTISEMENT

കൊൽക്കത്ത ∙ ബാർസിലോന വിടാനൊരുങ്ങിയ അർജന്റീന താരം ലയണൽ മെസി ഇന്ത്യയിൽ അവതരിക്കുമോ, അതും കാൽപ്പന്തു കളിയുടെ ഈറ്റില്ലമായ കൊൽക്കത്തയിൽ? അതിവിദൂര സാധ്യത മാത്രമായ ഈ ആശയത്തെ ചുറ്റിപ്പറ്റി സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ കൊഴുക്കുകയാണ്. ചൊവ്വാഴ്ചയാണു ബാർസിലോനയുമായുള്ള കരാർ അവസാനിപ്പിക്കാൻ മെസ്സി ഒരുങ്ങുന്നുവെന്ന റിപ്പോർട്ട് വന്നത്. 

ആഭ്യന്തര കലഹമാണു ക്ലബ് വിടാനുള്ള താരത്തിന്റെ ആഗ്രഹത്തിനു പിന്നിലെന്നാണ് സൂചനകൾ. ക്ലബ് മാറുന്നതിനെപ്പറ്റി ഗൗരവകരമായ ചർച്ചകൾ രാജ്യാന്തര തലത്തിൽ നടക്കുമ്പോൾ‌ ഇന്ത്യയ്ക്കു മാറിനിൽക്കാനാകുമോ? ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ഫ്രാഞ്ചൈസിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ (കെ‌കെ‌ആർ) രസകരമായ ട്വീറ്റാണ് മെസ്സിയുടെ ഇന്ത്യൻ വരവിനു കുറിച്ചുള്ള ചർച്ചകൾക്കു തുടക്കമിട്ടത്.

ഇഷ്ടം പോലെ പണമുള്ള ലീഗിന്റെ പതിമൂന്നാം പതിപ്പിന് മുന്നോടിയായി ഞങ്ങളുടെ ജഴ്സി ധരിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്നായിരുന്നു ട്വീറ്റിലൂടെ മെസിയോടു ചോദിച്ചത്. അടുത്ത ട്വീറ്റ് കുറച്ചു കൂടി കടന്ന കയ്യായിരുന്നു. മെസ്സിയുടെ പുതിയ ക്ലബിനെ പറ്റിയുള്ള വാർത്തയോടൊപ്പം മോർഫ് ചെയ്ത ചിത്രം സഹിതമായിരുന്നു ട്വീറ്റ്. ‘മിസ്റ്റർ മെസ്സീ, പർപ്പിൾ–ഗോൾഡ് ജഴ്സിയിൽ എങ്ങനെയുണ്ട്’? എന്നു ചോദിച്ച് താരത്തെ കെകെആറിന്റെ ജഴ്സി ധരിപ്പിച്ചുള്ള ട്വീറ്റും ചർച്ചയായി.

മെസ്സിയെ റാഞ്ചാൻ കൊൽക്കത്ത മാത്രമല്ല ഒരുങ്ങിയിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സും അരയുംതലയും മുറുക്കി രംഗത്തുണ്ട്. ‘ബുധനാഴ്ച പ്രഖ്യാപനത്തിന് ഒരു ദിവസം മുമ്പാണ് മെസ്സി ക്ലബ് വിടാൻ തീരുമാനിക്കുന്നത്’ എന്നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ നർമത്തിൽ പൊതിഞ്ഞ ട്വീറ്റ്. ഫുട്ബോൾ ഇതിഹാസത്തെ സ്വന്തമാക്കാനുള്ള പോരാട്ടത്തിൽ വ്യത്യസ്ത നിലപാടാണു ഡൽഹി ക്യാപിറ്റൽസിന്റേത്. ‘മെസ്സിക്കായി ലേലത്തിൽ പങ്കെടുത്തിട്ടില്ലെന്നു വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു’ എന്നായിരുന്നു ഡൽഹിയുടെ ട്വീറ്റ്.

English Summary: Lionel Messi In IPL? Talk Of Barcelona Exit Triggers Hilarious KKR Tweet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com