നിലത്ത് മുട്ടുകുത്തിച്ചു, പിൻകാലിൽ ആഞ്ഞടിച്ചു..; ഗ്രീസ് സംഭവത്തിൽ ഹാരി മഗ്വയർ
Mail This Article
മാഞ്ചസ്റ്റർ ∙ ഗ്രീസിൽ കുടുംബത്തോടൊപ്പം അവധിയാഘോഷത്തിനിടെ അടിപിടിക്കേസിൽ അറസ്റ്റിലാവുകയും കോടതി 21 മാസം തടവുശിക്ഷ വിധിക്കുകയും ചെയ്ത ഇംഗ്ലണ്ട് ഫുട്ബോളറും മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റനുമായ ഹാരി മഗ്വയർ സംഭവത്തെക്കുറിച്ച് ആദ്യമായി മനസ്സു തുറന്നു. പൊലീസ് ഓഫിസറെ ആക്രമിക്കുകയും പിന്നീട് കൈക്കൂലി നൽകാൻ ശ്രമിക്കുകയും ചെയ്തുവെന്നതാണ് കേസ്. മഗ്വയർ നൽകിയ അപ്പീലിൽ കോടതി പുനർവിചാരണയ്ക്ക് അനുമതി നൽകിയിട്ടുണ്ട്.
തന്നെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്താൻ ശ്രമിക്കുകയാണെന്ന ധാരണയിൽ രക്ഷപ്പെടാൻ ശ്രമിക്കുകയാണുണ്ടായതെന്ന് ബിബിസിയിലെ അഭിമുഖത്തിൽ ഇരുപത്തിയേഴുകാരൻ സെന്റർ ബായ്ക്ക് വെളിപ്പെടുത്തി.
മഗ്വയർ പറയുന്നത് ഇങ്ങനെ: ‘ഒരു ദിവസം രാത്രി 2 പേർ എന്റെ ഇളയസഹോദരിയെ ശല്യപ്പെടുത്തി. പേടിച്ചരണ്ടുപോയ സഹോദരി ബോധംകെട്ടു നിലത്തുവീണു. ഇതുകണ്ട് ഒപ്പമുണ്ടായിരുന്ന എന്റെ പ്രതിശ്രുതവധു നിലവിളിച്ചുകൊണ്ടോടി. അടുത്ത ദിവസമാണ് മിനിവാനിൽ സുഹൃത്തിനൊപ്പം സഞ്ചരിച്ച എന്നെ സാധാരണ വേഷത്തിലെത്തിയ ഒരുസംഘം വലിച്ചു പുറത്തു ചാടിച്ച് ആക്രമിച്ചത്. തോക്കുചൂണ്ടി വെറും നിലത്ത് മുട്ടുകുത്തിച്ചു. നിന്റെ ഫുട്ബോൾ കരിയർ അവസാനിച്ചു എന്നു പറഞ്ഞത് പിൻകാലിൽ ആഞ്ഞടിച്ചു. തട്ടിക്കൊണ്ടുപോകൽ സംഘമായിരിക്കുമെന്നു കരുതി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നീടാണ് പൊലീസാണ് ഇതെന്നു മനസ്സിലായത്’.
കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമിച്ചു എന്ന ആരോപണം മഗ്വയർ നിഷേധിച്ചു. ക്ഷമാപണം നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും മഗ്വയർ പറഞ്ഞു. ‘എന്തെങ്കിലും തെറ്റു ചെയ്തെങ്കിൽ മാത്രമേ ക്ഷമാപണം അർഹിക്കുന്നുള്ളൂ. ഞാൻ ചെയ്ത കാര്യങ്ങളെക്കുറിച്ച് എനിക്കു പൂർണബോധ്യമുണ്ട്’. യുവേഫ നേഷൻസ് ലീഗിനുള്ള ഇംഗ്ലണ്ട് ടീമിൽ കഴിഞ്ഞ ദിവസം മഗ്വയറിനെ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഗ്രീക്ക് കോടതി ശിക്ഷ വിധിച്ച പശ്ചാത്തലത്തിൽ താരത്തെ പിന്നീടു പുറത്താക്കി.
English Summary: Harry Maguire's account of his arrest on the Greek island of Mykonos