ലിവർപൂളിന് വീണ്ടും ഷൂട്ടൗട്ട് ദുരന്തം; ആർസനലിന് കമ്യൂണിറ്റി ഷീൽഡ്
Mail This Article
ലണ്ടൻ∙ പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തിൽ പ്രീമിയർ ലീഗ് ചാംപ്യൻമാരായ ലിവർപൂളിനെ വീഴ്ത്തി ആർസനലിന് എഫ്എ കമ്യൂണിറ്റി ഷീൽഡ്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതിനെ തുടർന്നാണ് വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടിൽ ആർസനൽ അഞ്ച് കിക്കുകളും ലക്ഷ്യത്തിലെത്തിച്ചപ്പോൾ, ലിവർപൂൾ താരം റയാൻ ബ്രൂസ്റ്ററിന്റെ ഷോട്ട് ക്രോസ്ബാറിൽത്തട്ടി പുറത്തേക്കു പോയി. ഇതോടെ ഷൂട്ടൗട്ടിൽ 5–4ന് ലിവർപൂളിനെ വീഴ്ത്തിയാണ് ആർസനൽ കിരീടം ചൂടിയത്.
ഗാബോൺ താരം പിയറി–എമറിക് ഔബമെയാങ്ങിന്റെ പ്രകടനമാണ് മത്സരത്തിന്റെ ഹൈലൈറ്റ്. മത്സരത്തിന്റെ 12–ാം മിനിറ്റിൽ തകർപ്പൻ ഗോളിലൂടെ ടീമിന് ലീഡ് സമ്മാനിച്ച ഔബമെയാങ്ങാണ്, ഷൂട്ടൗട്ടിൽ നിർണായകമായി മാറിയ അഞ്ചാം കിക്ക് ലക്ഷ്യത്തിലെത്തിച്ച് ടീമിന് കിരീടം സമ്മാനിച്ചത്. ഏറെ നേരം പിന്നിലായിപ്പോയ ലിവർപൂൾ ജപ്പാൻ താരം മിനാമിനോ 73–ാം മിനിറ്റിൽ നേടിയ ഗോളിലൂടെയാണ് സമനില പിടിച്ചത്. എന്നാൽ, പകരക്കാരൻ താരം റയാൻ ബ്രൂസ്റ്ററിന് ഷൂട്ടൗട്ടിൽ പിഴച്ചതോടെ ലിവർപൂൾ കിരീടം കൈവിട്ടു.
എഫ്എ കപ്പ് വിജയിച്ചിട്ട് ഒരു മാസം പൂർത്തിയാകും മുൻപാണ് സീസണിനു തുടക്കം കുറിച്ചുള്ള എഫ്എ കമ്യൂണിറ്റി ഷീൽഡിലും ആർസനൽ വിജയക്കൊടി പാറിച്ചത്. മുൻ സീസണിലെ പ്രീമിയർ ലീഗ് ചാംപ്യൻമാരും എഫ്എ കപ്പ് ചാംപ്യൻമാരും ഏറ്റുമുട്ടുന്ന മത്സരമാണ് കമ്യൂണിറ്റി ഷീൽഡ്. വെംബ്ലിയിലെ വിഖ്യാത സ്റ്റേഡിയത്തിൽ നടക്കുന്ന ഇത്തവണത്തെ ആവേശപ്പോരാട്ടത്തിൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാണികളെ പ്രവേശിപ്പിച്ചിരുന്നില്ല.
മറുവശത്ത്, തുടർച്ചയായ രണ്ടാം തവണയാണ് ലിവർപൂൾ പെനൽറ്റി ഷൂട്ടൗട്ടിൽ കമ്യൂണിറ്റി ഷീൽഡ് കൈവിടുന്നത്. കഴിഞ്ഞ വർഷം മാഞ്ചസ്റ്റർ സിറ്റിയോടായിരുന്നു ഷൂട്ടൗട്ടിൽ 5–4ന്റെ തോൽവി. അന്നും നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചു.
English Summary: Arsenal beat Premier League champions Liverpool in the Community Shield at an empty Wembley Stadium