റൊണാൾഡോ പോയതെങ്ങനെ? മെസ്സിക്കു പിഴച്ചതെവിടെ? ചോദ്യങ്ങൾ, ഉത്തരങ്ങൾ!
Mail This Article
‘കാൽക്കാശിനു വകയില്ലാത്ത ക്ലബ്’– 1984ൽ ലോക റെക്കോർഡ് തുകയ്ക്ക് എഫ്സി ബാർസിലോനയിൽ നിന്ന് ഇറ്റാലിയൻ ക്ലബ് നാപ്പോളിയിലേക്ക് ചേക്കേറിയപ്പോൾ അർജന്റീന ഇതിഹാസം ഡിയേഗോ മറഡോണ ബാർസയെ വിശേഷിപ്പിച്ചതിങ്ങനെയാണ്. മൂന്നരപ്പതിറ്റാണ്ടിനു ശേഷം ലയണൽ മെസ്സി പറഞ്ഞതു മറ്റൊന്നാണ്– ബാർസയാണ് എനിക്കെല്ലാം നൽകിയത്. ഈ ക്ലബ്ബിനെ ഞാൻ കോടതി കയറ്റില്ല! അടിമുടി ‘റിബൽ’ ആയ ഡിയേഗോയും ‘ലോയൽ’ ആയ ലിയോയും തമ്മിലുള്ള വ്യത്യാസം ഇതിലുമുണ്ട്. ഒരു വർഷം കൂടിയെങ്കിലും ബാർസയിൽ തുടരാം എന്ന് മെസ്സി തീരുമാനിച്ചതിനു പിന്നിൽ മറ്റനേകം കാരണങ്ങൾ കൂടിയുണ്ടെങ്കിലും...
∙ മെസ്സിയും ബാർസയും
‘ഇറ്റലിയിലെ അഴുക്കുചാൽ’ എന്നറിയപ്പെട്ട നേപ്പിൾസിലേക്ക് മറഡോണയെപ്പോലൊരു സൂപ്പർതാരം എന്തിനു പോകുന്നു എന്നായിരുന്നു അന്ന് ലോകത്തിന്റെ അദ്ഭുതം. എന്നാൽ ബ്യൂനസ് ഐറിസിലെ ചേരിയിൽ പിറന്ന മറഡോണയ്ക്ക് നേപ്പിൾസ് രണ്ടാം വീടായി. എല്ലാവരും പുച്ഛിച്ച തങ്ങളെ പുണർന്ന മറഡോണയെ നേപ്പിൾസ് ചങ്കു പറിച്ചുനൽകി സ്നേഹിച്ചു. നേപ്പിൾസിലെ വീടുകളുടെ ചുമരിൽ ക്രിസ്തുവിന്റെ ചിത്രത്തിനൊപ്പം മറഡോണയുടെ ചിത്രവും തൂങ്ങി. മെസ്സിക്ക് അങ്ങനെ പറയാവുന്ന നഗരം മാഞ്ചസ്റ്ററോ മിലാനോ പാരിസോ അല്ല; ബാർസിലോന തന്നെയാണ്.
തന്റെ പൂർവികരുടെ കാറ്റലോനിയൻ പൈതൃകമുള്ള, 13–ാം വയസ്സു മുതൽ താൻ ജീവിച്ച, തന്റെ മക്കൾ ജനിച്ചു വളർന്ന നഗരം. ബാർസിലോന വിടുന്ന കാര്യം പറഞ്ഞപ്പോൾ ഭാര്യയും മക്കളും കരഞ്ഞു എന്ന് മെസ്സി പറഞ്ഞതു വെറുതെയല്ല. അതുകൊണ്ടാവാം പോയാലും താൻ ഇവിടേക്കു തന്നെ തിരിച്ചുവരും എന്ന് മെസ്സി ഊന്നിപ്പറഞ്ഞതും. പക്ഷേ എന്നിട്ടും ക്ലബ് വിടാം എന്ന് മെസ്സിക്ക് തോന്നിയതെന്തു കൊണ്ടാവാം?
∙ മെസ്സിയുടെ ‘കംഫർട്ട് സോൺ’
വായിൽ വെള്ളിക്കരണ്ടിയുമായിട്ടല്ല അർജന്റീനയിലെ റൊസാരിയോയിൽ മെസ്സി ജനിച്ചതെങ്കിലും ബാർസിലോനയിൽ മെസ്സി വളർന്നത് കാലിൽ സ്വർണപ്പന്തുമായിട്ടാണ്. 13–ാം വയസ്സിൽ ബാർസിലോന അക്കാദമിയായ ലാ മാസിയയുടെ സുരക്ഷിതത്വത്തിലെത്തി, 16–ാം വയസ്സിൽ ബാർസിലോന സീനിയർ ടീമിലെത്തി, ചാവി–ഇനിയേസ്റ്റ തുടങ്ങിയ സുവർണതാരങ്ങളുടെ കൂട്ടിൽ കിരീടങ്ങളേറെ നേടിയ മെസ്സിയെ മറ്റു പല കളിക്കാരെയും പോലെ ക്ലബ് ഫുട്ബോളിലെ അനിശ്ചിതത്വവും അസ്ഥിരതയും ഒരിക്കലും പിടികൂടിയിട്ടില്ല. കളിക്കുന്ന കാലമത്രയും ബാർസയിൽ തന്നെ തുടരാം എന്നത് മെസ്സിക്കു മാത്രം കിട്ടിയ ഉറപ്പാണ്.
പക്ഷേ, ഈ സൗകര്യവും ആഡംബരവും തന്നെയാണ് മെസ്സിയെ പലപ്പോഴും വിമർശനവിധേയനാക്കുന്നതും. തന്റെ ‘കംഫർട്ട് സോൺ’ കടന്നാൽ മെസ്സിക്കു തിളങ്ങാനാവില്ല എന്ന ആക്ഷേപം അർജന്റീന ദേശീയ ടീമിനെ ചൂണ്ടിക്കാട്ടി വിമർശകർ ഉയർത്തിക്കാട്ടാറുണ്ട് പലപ്പോഴും. ഇതിനെല്ലാം മറുപടിയായിട്ടായിരിക്കാം ബാർസ വിട്ട് പുതിയ വെല്ലുവിളികൾ സ്വീകരിക്കാം എന്നതിന് മെസ്സിയെ പ്രേരിപ്പിച്ചതും.
∙ മെസ്സിക്കു പിഴച്ചതെവിടെ?
പക്ഷേ ബാർസയിൽ നിന്ന് അനായാസേനെ പോകാനാവും എന്ന മെസ്സിയുടെ കണക്കുകൂട്ടലുകൾ പാടേ തെറ്റി. ക്ലബ് വിടാൻ താൽപര്യമുണ്ട് എന്നു മെസ്സി സൂചിപ്പിച്ചപ്പോൾ തന്ത്രപരമായ മൗനമാണ് ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബർത്തോമ്യു അവലംബിച്ചത്. ഒടുവിൽ ഒരു ബ്യൂറോഫാക്സ് സന്ദേശത്തിലൂടെ മെസ്സി തന്റെ താൽപര്യം പരസ്യമാക്കിയപ്പോൾ ബർത്തോമ്യു കുടുങ്ങേണ്ടതായിരുന്നു. പക്ഷേ, കോവിഡ് മൂലം സീസൺ നീണ്ടു പോയത് കച്ചിത്തുരുമ്പായി. സീസൺ അവസാനം എന്നത് ജൂണിൽ തന്നെയാണെന്ന സാങ്കേതികത അവർ മുന്നോട്ടുവച്ചു. ക്ലബ് വിടാൻ റിലീസ് ക്ലോസ് ആയി 70 കോടി യൂറോ (ഏകദേശം 6048 കോടി രൂപ) വേണം എന്നത് ബാർസിലോന ബോർഡിന്റെ പതിനെട്ടാം അടവായി.
മെസ്സി കൂടി പോയാൽ ലീഗിന്റെ ‘ഗ്ലാമർ’ നഷ്ടപ്പെടും എന്നതു തിരിച്ചറിഞ്ഞ് ലാ ലിഗ സംഘാടകരും ബാർസിലോനയ്ക്കു കൂട്ടുനിന്നു. മാഞ്ചസ്റ്റർ സിറ്റി ഉൾപ്പെടെ മെസ്സിയെ സ്വന്തമാക്കാനിരുന്ന ക്ലബ്ബുകളും അതോടെ കാത്തിരുന്നു കാണാം എന്ന നിലപാടിലായി. ഒടുവിൽ മെസ്സിക്കു മുന്നിൽ നിയമക്കുരുക്കുകളില്ലാത്ത ഒരു വഴി മാത്രമായി– തുടരുക!
∙ ആരു ജയിച്ചു?
മെസ്സിയുടെ മനസ്സു തുറന്നുള്ള അഭിമുഖത്തിലൂടെ ഈ കളിയിൽ ആരു ജയിച്ചു എന്നത് വീണ്ടും ചോദ്യചിഹ്നമാകുന്നു. മെസ്സി ക്ലബ് വിട്ടില്ല എന്നതിൽ ബാർസ പ്രസിഡന്റ് ബർത്തോമ്യുവിന് ആശ്വസിക്കാം. പക്ഷേ, ക്ലബ്ബിന്റെ എക്കാലത്തെയും ഇതിഹാസതാരത്തെ ഇങ്ങനെ വാർത്തകളിലേക്കു വലിച്ചിഴച്ചതിൽ നിന്ന് അദ്ദേഹം മുക്തനാവുകയില്ല. ആ തെറ്റിനുള്ള ശിക്ഷ അടുത്ത മാർച്ചിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ക്ലബ് അംഗങ്ങൾ അദ്ദേഹത്തിനു നൽകിയേക്കാം. അതിനുള്ള ‘ക്യാംപയിൻ’ തന്റെ അഭിമുഖത്തിലൂടെ മെസ്സി തന്നെ തുടങ്ങിക്കഴിഞ്ഞു.
∙ റൊണാൾഡോ പോയതെങ്ങനെ?
മെസ്സിക്കു ബാർസയിട്ടതിനെക്കാളും വലിയ റിലീസ് ക്ലോസ് ആണ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു റയൽ മഡ്രിഡ് ഇട്ടിരുന്നത്: 100 കോടി യൂറോ (8643 കോടി രൂപ). എന്നാൽ, റൊണാൾഡോ 2018ൽ ഇറ്റാലിയൻ ക്ലബ് യുവെന്റസിലേക്കു പോയത് ഇതിന്റെ പത്തിലൊന്നു തുകയ്ക്കാണ്: 10 കോടി യൂറോ (ഏകദേശം 864 കോടി രൂപ). റൊണാൾഡോയുടെ റിലീസ് ക്ലോസിന്റെ കാര്യത്തിൽ റയൽ കടുംപിടുത്തം കാണിച്ചില്ല എന്നതാണു കാരണം. ട്രാൻസ്ഫർ നടക്കാനായി റൊണാൾഡോയുടെ റിലീസ് ക്ലോസ് റയൽ 12 കോടി യൂറോ ആയി കുറച്ചതായും വാർത്തകളുണ്ടായിരുന്നു.
എന്നാൽ റൊണാൾഡോയുടെ കാര്യത്തിൽ റയലും യുവെന്റസും തമ്മിൽ നടന്ന ചർച്ച പോലൊന്നു മെസ്സിയുടെ കാര്യത്തിൽ ബാർസയും മറ്റൊരു ക്ലബ്ബുമായി നടന്നില്ല. ലോക ഫുട്ബോളിലെ സൂപ്പർ ഏജന്റ് എന്നറിയപ്പെടുന്ന ജോർജ് മെൻഡസ് ആണ് റൊണാൾഡോയുടെ ഏജന്റ്. അദ്ദേഹത്തിന്റെ നയതന്ത്രജ്ഞത റൊണാൾഡോയ്ക്കു തുണയായി എന്നു പറയാം. എന്നാൽ, മെസ്സിയുടെ ഏജന്റ് അദ്ദേഹത്തിന്റെ പിതാവു തന്നെയാണ്. പ്രശ്നം വഷളായതിനു ശേഷമാണ് അദ്ദേഹം നേരിട്ട് ഇടപെട്ടതുതന്നെ.
∙ എന്താണീ ക്ലോസുകൾ?
മെസ്സിയും ബാർസയുമായുള്ള ട്രാൻസ്ഫർ തർക്കത്തിനൊപ്പം പ്രചരിച്ച 2 വാക്കുകളാണ് റിലീസ് ക്ലോസും ബൈഔട്ട് ക്ലോസും. എന്താണിവ?
റിലീസ് ക്ലോസ്- കരാർ കാലാവധി തീരുന്നതിനു മുൻപ് കളിക്കാരൻ പോവുകയാണെങ്കിൽ നിലവിലെ ക്ലബ്ബിനു നൽകേണ്ട തുക. കളിക്കാരനുമായുള്ള കരാറിൽ ഇതു പറഞ്ഞിട്ടുണ്ടാകും. സാധാരണ ഗതിയിൽ കളിക്കാരനെ വാങ്ങുന്ന ക്ലബ്ബാണ് ഇതു നൽകുക. മെസ്സിയുടെ റിലീസ് ക്ലോസ് 70 കോടി യൂറോ (ഏകദേശം 6053 കോടി രൂപ) ആണെന്നാണ് ബാർസ പറയുന്നത്.
ബൈഔട്ട് ക്ലോസ്- മുൻകരാറിൽ തുക പറഞ്ഞിട്ടില്ലെങ്കിൽ വാങ്ങുന്ന ക്ലബ് ഒരു മിനിമം തുക നൽകണം. വിലപേശലിനനുസരിച്ച് ഇതു മാറാം.
English Summary: Lionel Messi, Ronaldo Football Transfer