ബാർസയിൽ ആരും സുരക്ഷിതരല്ല, സീറ്റും ഉറപ്പില്ല; എങ്ങനെ ഫുട്ബോൾ വളരും, പൂവിടും, വിടരും...?
Mail This Article
കോൺഫിയാ...
ട്രസ്റ്റ് എന്നതിനു കാറ്റലൻ ഭാഷയിൽ എന്തുപറയും എന്ന ചോദ്യത്തിനു ബാർസിലോനയിൽ താമസിക്കുന്നൊരാളുടെ മറുപടിയാണ്: ‘‘കോൺഫിയാ...’’
ബാർസിലോനക്കാർ ബിസിനസ് ലാക്കുള്ളവരാണ്. കഠിനാധ്വാനികൾ. വിജയം മാത്രമാണു ലക്ഷ്യം എന്നൊക്കെ സ്പെയിനിന്റെ മറ്റു ഭാഗങ്ങളിൽനിന്നുള്ളവർ ആരോപിക്കാറുണ്ട്. ബാർസിലോനക്കാരുടെ ജീവിതത്തിൽ കളിചിരി, തമാശകളില്ലേ എന്നു ചോദിച്ചാൽ? അതെ, എല്ലാമുണ്ട്. എന്നാലും വിജയത്തിലേക്ക് എത്താൻ പരുക്കൻ രീതി സ്വാഭാവികം എന്നാണ് ആരോപണം.
പരുക്കൻ രീതിയുണ്ടെന്നു പറയുമ്പോഴും ഒരു യാഥാർഥ്യമുണ്ട്. കലാകാരൻമാരുടെ പറുദീസയാണ് ആ നഗരം. കലാപരമായ ആത്മാർഥതയ്ക്ക് അവിടെ സ്ഥാനമുണ്ട്. ബിസിനസ് ലാക്കുള്ളവരും കലാകാരൻമാരും ഇടകലർന്നു ജീവിക്കുന്ന, ശ്വസിക്കുന്ന, ഭക്ഷിക്കുന്ന, പ്രണയിക്കുന്ന ആ നഗരത്തിൽ ഏതൊക്കെയോ മേഖലകളിൽ കലയുടെ ആത്മാർഥതയും ബിസിനസ്സിന്റെ ആത്മാർഥതയും ഇടകലരുന്നുണ്ട്. അവിടെയാണ് മുൻപു പറഞ്ഞ വാക്ക് കടന്നുവരുന്നത്. ‘കോൺഫിയാ.’
ലയണൽ മെസ്സിയും എഫ്സി ബാർസിലോനയും കലയുടെയും ബിസിനസ്സിന്റെയും ആത്മാർഥതയിൽ എവിടെ നിൽക്കുന്നു? ഇവർക്കിടയിൽ എവിടെയാണു കോൺഫിയാ...? ബാർസിലോന ക്ലബിൽ ട്രസ്റ്റ് അഥവാ വിശ്വാസം ബാക്കിയില്ലാത്തവിധം ഉടഞ്ഞുപോയോ? വിശ്വാസം നഷ്ടമായെങ്കിൽ അതു കളിക്കളത്തിൽ ബയേൺ മ്യൂനിക് ചെയ്തതല്ല. അവരല്ല അതിന് ഉത്തരവാദികൾ. പിന്നെയാര്?
ദുർബലൻ അല്ലെന്നു തോന്നിപ്പിക്കാൻ ശ്രമിക്കുന്നൊരു ക്ലബ് പ്രസിഡന്റ്. ഡയറക്ടർ ബോർഡിലെ മറ്റ് ആളുകൾ. തൊട്ടടുത്തെന്നു തോന്നിച്ചാലും ഏറെ അകലെയായ കളിക്കാർ. അവർക്കിടയിൽ വിശ്വാസം എന്ന ഘടകം ഇല്ലാതായി. ഇവയൊക്കെത്തന്നെ കാരണം. സൂപ്പർ സ്റ്റാർ ലയണൽ മെസ്സിയെ സന്തോഷിപ്പിക്കാൻ, സുഖിപ്പിക്കാൻ ആവുന്നതു ചെയ്തു, ചെയ്യുന്നു എന്നു വരുത്താൻ ക്ലബ് പ്രസിഡന്റ്‍ ജോസഫ് മരിയ ബർതോമ്യു ശ്രമിച്ചു. എന്നിട്ട്...? വിപരീതഫലമാണുണ്ടായത്.
ക്ലബ് അധികൃതർ പറയുന്നതും വാഗ്ദാനം ചെയ്യുന്നതുമൊന്നും നടപ്പാകുന്നില്ല എന്നതിപ്പോൾ രഹസ്യമൊന്നുമല്ല. ടീമിന്റെ ശരാശരി പ്രായം 29. ഉടച്ചുവാർക്കൽ അനിവാര്യമെന്നർഥം. മാറ്റങ്ങളൊന്നുമില്ലെങ്കിൽ 29 എന്നത് അടുത്ത സീസണിൽ 30 ആകും. അതൊരു അപായമണിയാണ്.
മാറ്റം മാത്രം പരിഹാരം
എന്താണു പരിഹാരം? ടീമിന്റെ സമീപകാല സംസ്കാരത്തിൽത്തന്നെ മാറ്റംവരണം. ഭാവനാത്മകമായ മാറ്റങ്ങൾ. മാറ്റങ്ങൾക്കായി ദൃഢനിശ്ചയം വേണം. ചങ്കുറപ്പുള്ള ആളുകൾ തലപ്പത്തുവരണം. ഊർജത്തിന്റെ ഉറവ വറ്റിയവർക്കു ചങ്കുറപ്പുണ്ടാവില്ല. ക്ലബ് ഭരണമെന്ന കളിയിൽ 90 മിനിറ്റും കഴിഞ്ഞ് എക്സ്ട്രാ ടൈമിൽ പൊരുതാൻ ഇപ്പോഴത്തെ ഊർജം മതിയാവില്ല. ഇതെല്ലാമുണ്ടെങ്കിലും വിശ്വാസം–കോൺഫിയാ–, അതുവേണം. അതില്ലാതെ ഒരു ആക്‌ഷൻ പ്ലാനും കടലാസിൽനിന്നു ഫീൽഡിലേക്ക് ഇറങ്ങുകയില്ല. വിജയിക്കുകയില്ല. മെസ്സി തുടരുന്നു. പക്ഷേ ബാർസിലോനയിൽ ഇപ്പോൾ ആരും സുരക്ഷിതരല്ല. ആർക്കും സീറ്റ് ഉറപ്പില്ല. പിന്നെയെങ്ങനെ വിശ്വാസം നിലനിൽക്കും?
ഏകാധിപത്യം
ബർതോമ്യു ഏകാധിപതിയായ പ്രസിഡന്റോ? മെസ്സി ക്ലബിൽ തുടരാൻവേണ്ടി ഞാൻ സ്ഥാനമൊഴിഞ്ഞേക്കാം എന്ന വാഗ്ദാനമെവിടെ? മെസ്സിയെ ബന്ദിയാക്കി, തടവിലാക്കിയ പ്രസിഡന്റാണു ബർതോമ്യു. ഏതാനും ആഴ്ചകൾ വീട്ടുതടവിൽ ഇട്ടശേഷം അഴികൾക്കുള്ളിലാക്കി എന്നപോലെയാണ് ആരാധകർക്കു തോന്നുന്നത്. സെല്ലിൽനിന്നു പുറത്തിറക്കി, അടുത്ത സീസൺ തുടങ്ങുമ്പോൾ കളിക്കളത്തിലേക്കു വിടും. അന്നേരമാവും ഒരുപക്ഷേ ബാർസിലോനയിലെ പ്രശ്നങ്ങൾ വീണ്ടും പുറംലോകത്തെത്തുന്നത്. അതു റൊണാൾഡ് കൂമാൻ സൃഷ്ടിച്ച പ്രശ്നങ്ങൾ ആവില്ലെന്നതിനാൽ പരിഹാരം കാണാൻ അദ്ദേഹത്തിനു തനിച്ചു കഴിയുകയുമില്ല.
ക്ഷമ ഒരു നന്മയാണ്. പക്ഷേ യൂറോപ്പിലെ സൂപ്പർ ക്ലബുകളിൽ ക്ഷമയ്ക്കു സ്ഥാനമില്ല. കൂമാനും ഇതു ബാധകമാണ്. തടവിലായിപ്പോയ മെസ്സിയുടെ കൈകാലുകളിലെ അദൃശ്യമായ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചുവിടാൻ കൂമാനു കഴിയുമോ? അതിനെത്ര സമയം വേണ്ടിവരും? അതിനുള്ള ക്ഷമ ക്ലബിനുണ്ടാകുമോ? ആരാധകർ ക്ഷമയോടെ കാത്തിരിക്കുമോ? ഷോകേസിൽ ട്രോഫികൾ പ്രദർശിപ്പിച്ച പ്രസിഡന്റുമാരിൽ ഒരാളാണു ബർതോമ്യൂ. ഒരുപക്ഷേ കളിപ്രേമികളുടെ ശാപവാക്കുകൾ ഏറ്റവുമധികം നേരിടേണ്ടിവന്ന പ്രസിഡന്റും. അദ്ദേഹം ക്ലബിന്റെ സാമ്പത്തികം വേണ്ടവിധത്തിലല്ല കൈകാര്യം ചെയ്തതെന്നു വിമർശകർ പറയുന്നു. ബർതോമ്യു ക്ലബിനെ നശിപ്പിച്ചു എന്നും ആരോപണമുണ്ട്.
ക്ലബ് അംഗങ്ങൾ ഉടമസ്ഥരായുള്ള സംവിധാനമാണ് എഫ്സി ബാർസിലോനയുടേത്. അംഗങ്ങളെ പ്രസിഡന്റ് വെറുപ്പിച്ചുകഴിഞ്ഞു. ചില അംഗങ്ങൾ ആരോപിക്കുന്നുണ്ട്, മെസ്സി ക്ലബുമായി വിലപേശി എന്ന്. അതിന്റെ പേരിൽ അവർക്കു മുഷിച്ചിലുണ്ട്. എന്നാൽ വെറുപ്പില്ല. അടുത്ത തിരഞ്ഞെടുപ്പിൽ ബർതോമ്യുവിനെതിരെ ഭൂരിപക്ഷവും വോട്ടുചെയ്യും. അദ്ദേഹത്തിന്റെ എതിരാളികൾ ഭരണം പിടിക്കും. സ്ഥാനമൊഴിയുന്ന ഏകാധിപതിക്കു പകരം പുതിയ ഏകാധിപതി വരുമോ എന്നാണ് അറിയാനുള്ളത്.
മെസ്സിക്കുള്ളതു മെസ്സിക്കും ആരാധകർക്കുള്ളത് അവർക്കും
സുവർണ കാലഘട്ടങ്ങളുടെ അസ്തമയം മുൻപും കണ്ടിട്ടുണ്ട് ബാർസിലോന. യോഹാൻ ക്രൈഫിന്റെയും റൊണാൾഡീഞ്ഞോയുടെയും യുഗങ്ങൾ അസ്തമിച്ചിട്ടുണ്ട്. കാലത്തിന്റെ ഒഴുക്കിൽ ഒഴിവാക്കാനാവാത്തത്. മെസ്സി യുഗവും കടന്നുപോകും. പക്ഷേ ബാർസിലോന ആ കടന്നുപോക്കിനെ എങ്ങനെ അതിജീവിക്കും? അതിനുള്ള പ്ലാനും പദ്ധതിയും നടപ്പാക്കിയെടുക്കാനുള്ള പരസ്പര വിശ്വാസവും അവിടെ ഇപ്പോൾ ഇല്ല എന്നതാണു വാസ്തവം.
ബിസിനസും കലയും കാൽപന്തുകളിയും ഇടകലർന്നു ജീവിക്കുന്ന ബാർസിലോനയിൽ പന്തുകളിക്കു ബിസിനസ്സിനെ വിശ്വസിക്കാമോ? പന്തുകളിയിലും ബിസിനസ്സുണ്ട്. നെറിയുള്ള ചിന്താഗതിയുമായി പന്തുകളിയെ അതിന്റെ വഴിക്കുവിട്ടാൽ, അവിടെ തെളിയും, കോൺഫിയാ...
പരസ്പരവിശ്വാസം നിലനിൽക്കുന്നൊരു അന്തരീക്ഷം ബാർസിലോന നഗരവും ക്ലബും അർഹിക്കുന്നു. തുടർന്നു വരുന്നൊരു മാന്യമായ യാത്രയയപ്പ് ലയണൽ മെസ്സി അർഹിക്കുന്നു. അതിന്റേതായ ആനന്ദം ആരാധകരും അർഹിക്കുന്നു.
English Summary: Lionel Messi, FC Barcelona