ADVERTISEMENT

കോവിഡ് അനാഥമാക്കിയ ഗാലറികളുടെ നിശ്ശബ്ദതയ്ക്കു മേലെ കാൽപന്തിന്റെ കാഹളം നാളെ മുതൽ. ഇംഗ്ലിഷ് പ്രീമിയർ ലീഗിലും സ്പാനിഷ് ലാ ലിഗയിലും  നാളെ മുതൽ പന്തുരുളുന്നു.

റയലും ബാർസയും പിന്നെ...

ലയണൽ മെസ്സി തിരിച്ചെത്തിയെങ്കിലും പഴയ പ്രതാപത്തിന്റെ പടിപ്പുരയ്ക്കു പുറത്തു തുടരുന്ന ബാർസിലോന, കോവിഡ് സാമ്പത്തിക പ്രതിസന്ധി മൂലം പുതിയ താരങ്ങളെ വാങ്ങാൻ മെനക്കെടാതിരുന്ന നിലവിലെ ചാംപ്യന്മാരായ റയൽ മഡ്രിഡ്, ആരെയും ഏതുനിമിഷവും അട്ടിമറിക്കാൻ കരുത്തുള്ള അത്‌ലറ്റിക്കോ മഡ്രിഡ്... സ്പാനിഷ് ലാ ലിഗയിൽ അധികം മാറ്റങ്ങളൊന്നുമില്ല. ഗ്രനാഡയും അത്‌ലറ്റിക് ബിൽബാവോയും തമ്മിൽ ഇന്നു നടത്താൻ നിശ്ചയിച്ചിരുന്ന മത്സരം നാളത്തേക്കു മാറ്റിയിട്ടുണ്ട്. നാളെ വൈകിട്ട് ഇന്ത്യൻ സമയം 7.30ന് ഐബറും സെൽറ്റ വിഗോയും തമ്മിലുള്ള പോരാട്ടത്തോടെ ലാ ലിഗയ്ക്ക് ഔദ്യോഗിക തുടക്കം.

അടുത്തയിടെ പൂർത്തിയായ ചാംപ്യൻസ് ലീഗിൽ കളിച്ച റയൽ മഡ്രിഡ്, ബാർസിലോന, അത്‌ലറ്റിക്കോ മഡ്രിഡ് തുടങ്ങിയ ടീമുകൾക്കു വൈകിയാണു മത്സരങ്ങൾ തുടങ്ങുക. റയൽ മഡ്രിഡ് 20നു രാത്രി എവേ മത്സരത്തിൽ റയൽ സോസിദാദിനെ നേരിടും. ബാർസയ്ക്കും അത്‌ലറ്റിക്കോയ്ക്കും 27നാണു മത്സരം. ബാർസ വിയ്യാറയലിനെയും അത്‌ലറ്റിക്കോ ഗ്രനാഡയെയും നേരിടും.

മാറ്റമില്ലാതെ റയൽ

ബാർസിലോനയെ പിന്തള്ളി ചാംപ്യന്മാരായ റയൽ മഡ്രിഡ് നിരയിൽ വലിയ മാറ്റങ്ങളൊന്നുമില്ല. പഴയ പടക്കുതിരകളിൽ കോച്ച് സിനദിൻ സിദാനു വിശ്വാസമുണ്ട്. നോർവീജിയൻ മിഡ്ഫീൽഡർ മാർട്ടിൻ ഒഡേഗാർഡ് ടീമിലേക്കു തിരികെയെത്തുന്നതാണു റയലിലെ പ്രധാന മാറ്റം. ഏതാനും വർഷങ്ങളായി വിവിധ യൂറോപ്യൻ ക്ലബ്ബുകളിൽ വായ്പയ്ക്കു കളിച്ച ഒഡേഗാർഡ് റയൽ സോസിദാദിലെ തകർപ്പൻ പ്രകടനത്തിന്റെ ഓർമകളുമായാണു റയലിന്റെ മധ്യനിരയിലേക്കു വരുന്നത്. ഇതിനകം തന്നെ പ്രതിഭകളുടെ ധാരാളിത്തമുള്ള റയൽ മിഡ്ഫീൽഡിൽ പ്രായം 30 പിന്നിട്ട ടോണി ക്രൂസിനും ലൂക്കാ മോഡ്രിച്ചിനും ജോലിഭാരം കുറയ്ക്കാൻ ഒഡേഗാ‍ർഡിന്റെ വരവോടെ സാധിക്കും.

സിറ്റി, ലിവർപൂൾ, ചെൽസി...

കളി കാണാൻ ആളുണ്ടാവില്ലെങ്കിലും ഇത്തവണ ഇംഗ്ലണ്ടിലെ ഗ്രൗണ്ടുകളിൽ തീപ്പൊരി ചിതറുമെന്നുറപ്പാണ്. നിലവിലെ ചാംപ്യന്മാരായ ലിവർപൂളിനു കിരീടം നിലനിർത്തുകയെന്നത്, കഴിഞ്ഞ സീസണിൽ കിരീടം നേടിയതിനെക്കാൾ അധ്വാനവും സമ്മർദവുമുള്ള ജോലിയാകും. മുൻ ചാംപ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി മാത്രമല്ല ഇത്തവണ കിരീടത്തിൽ കണ്ണുവച്ചു രംഗത്തുള്ളത്. ഫ്രാങ്ക് ലാംപാർഡ് പരിശീലിപ്പിക്കുന്ന ചെൽസിയും മിക്കൽ അർറ്റേറ്റയുടെ ആർസനലും ഇതിനകം കരുത്തറിയിച്ചു കഴിഞ്ഞു. റഷ്യൻ കോടീശ്വരൻ റോമൻ അബ്രാഹിമോവിച്ച് ലാംപാർഡിന്റ ഇഷ്ടത്തിനനുസരിച്ചു പണം വാരിവിതറുക കൂടി ചെയ്തതോടെ ചെൽസിയിലേക്കു കരുത്തരായ ഒട്ടേറെ കളിക്കാർ വന്നു കഴിഞ്ഞു. പ്രതാപശാലികളായ മാഞ്ചസ്റ്റർ യുണൈറ്റഡും പോർച്ചുഗീസ് സൂപ്പർ പരിശീലകൻ ഹൊസെ മൗറീഞ്ഞോയുടെ ടോട്ടനവും വരെ ഇത്തവണ രണ്ടും കൽപിച്ചാണ്.

നാളെ വൈകിട്ട് 5നു ഫുൾഹാമും ആർസനലും തമ്മിലുള്ള മത്സരത്തോടെയാണു ലീഗിനു കിക്കോഫ്. വൈകിട്ട് 7.30നു ക്രിസ്റ്റൽ പാലസ് സതാംപ്ടനെയും രാത്രി 10നു ലിവർപൂൾ ലീഡ്സ് യുണൈറ്റഡിനെയും നേരിടും. ചെൽസിയുടെ ആദ്യമത്സരം 14നു രാത്രി 12.45നാണ്. എവേ മത്സരത്തിലെ എതിരാളികൾ ബ്രൈറ്റൺ. 19നു രാത്രി 10നാണു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യകളി. എതിരാളികൾ ക്രിസ്റ്റൽ പാലസ്. 22നു വോൾവ്സിനെതിരെയാണ് മാഞ്ചസ്റ്റ‍ർ സിറ്റിയുടെ ആദ്യമത്സരം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com