കോവിഡ് മൂലം ‘ഉപരിപഠനം’ മുടങ്ങില്ല; ഫുട്ബോളാണു സാറേ, ഇവരുടെ മെയിൻ!
Mail This Article
കോവിഡ് മൂലം ലോകമെങ്ങും സ്കൂളുകളും കോളജുകളും മുടങ്ങിയെങ്കിലും ഈ കൗമാരതാരങ്ങളുടെ ‘ഉപരിപഠനം’ മുടങ്ങില്ല. യൂറോപ്യൻ ഫുട്ബോളിലെ പത്താം ക്ലാസ് പരീക്ഷ ജയിച്ചവരാണിവർ. ഇനിയുള്ളത് ഒന്നാംനിര താരങ്ങൾ എന്ന പദവിയിലേക്കുള്ള പ്രയാണമാണ്. ഇന്നു തുടങ്ങുന്ന ഇംഗ്ലിഷ് പ്രീമിയർ ലീഗിലും സ്പാനിഷ് ലീഗിലും ഇന്നലെ തുടങ്ങിയ ഫ്രഞ്ച് ലീഗിലും പുതിയ സീസണിൽ തിളങ്ങാൻ സാധ്യതയുള്ള 5 ഭാവി സൂപ്പർ താരങ്ങൾ ഇതാ... ഇന്ത്യയിലായിരുന്നെങ്കിൽ, പ്രായമനുസരിച്ച് അവർ പഠിക്കുന്ന ക്ലാസ് ഏതാണെന്നും നോക്കാം.
അൻസു ഫാറ്റി (ലാ ലിഗ)
ലയണൽ മെസ്സി വന്ന വഴിയിലൂടെയാണ് അൻസു ഫാറ്റിയും വരുന്നത്. ബാർസിലോന ടീമിൽ സ്ഥിരാംഗമായിക്കഴിഞ്ഞ ഫാറ്റി സ്പെയിൻ ദേശീയ ടീമിനു വേണ്ടിയും കളിച്ചു കഴിഞ്ഞു. മെസ്സിക്കു ശേഷമാരെന്ന ചോദ്യത്തിനു ബാർസ ആരാധകരുടെ ഉത്തരമാണ് ഈ പതിനേഴുകാരൻ.
ചാവി സിമ്മൺസ് (ഫ്രഞ്ച് ലീഗ്)
പതിനേഴുകാരനായ സിമ്മൺസ് കാഴ്ചയിൽ ഒരു കുഞ്ഞു വാൾഡറമയാണ്. പിഎസ്ജി ടീമിലെ ഭാവി സൂപ്പർ താരം. ബാർസിലോനയുടെ ലാ മാസിയ അക്കാദമിയിലൂടെ വളർന്ന സിമ്മൺസ്, ലയണൽ മെസ്സിക്കൊപ്പം കളിക്കുന്നതു സ്വപ്നം കണ്ടാണു പന്തുതട്ടിയത്. എന്നാൽ, കളിച്ചത് നെയ്മർക്കാപ്പം. ഹോളണ്ടാണു സ്വദേശം.
മേസൺ ഗ്രീൻവുഡ് (പ്രീമിയർ ലീഗ്)
51 ശതമാനം ലെഫ്റ്റ് ഫൂട്ടഡും 49 ശതമാനം റൈറ്റ് ഫൂട്ടഡും ആയ താരം- മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗുണ്ണർ സോൾഷ്യർ മേസൺ ഗ്രീൻവുഡിനെ വിശേഷിപ്പിക്കുന്നതിങ്ങനെയാണ്. മുൻ ഹോളണ്ട് താരം റോബിൻ വാൻപെഴ്സിയോടാണ് ആരാധകർ പതിനെട്ടുകാരൻ ഗ്രീൻവുഡിനെ ഉപമിക്കുന്നത്. ഇംഗ്ലണ്ടിനുവേണ്ടിയും അരങ്ങേറ്റം നടത്തി.
റോഡ്രിഗോ (ലാ ലിഗ)
11-ാം വയസ്സിൽ നൈക്കിയുമായി കരാർ ഒപ്പിട്ടവനാണു റോഡ്രിഗോ. ‘അടുത്ത നെയ്മർ’ എന്നു വാഴ്ത്തപ്പെട്ട റോഡ്രിഗോയ്ക്കു പിന്നാലെ റയലും ബാർസയുമുണ്ടായിരുന്നു. ബ്രസീൽ ക്ലബ് സാന്റോസിൽ നിന്നാണു റോഡ്രിഗോയുടെയും വരവ്. കഴിഞ്ഞ സീസണിൽ ഈ പത്തൊൻപതുകാരൻ റയലിനായി അരങ്ങേറി.
ഫെറാൻ ടോറസ് (പ്രീമിയർ ലീഗ്)
സ്പാനിഷ് ക്ലബ് വലെൻസിയയിൽനിന്നു മാഞ്ചസ്റ്റർ സിറ്റിയിലെത്തിയപ്പോൾ ഫെറാൻ ടോറസിനു കിട്ടിയ ജഴ്സി നമ്പർ ഡേവിഡ് സിൽവയുടേതാണ്: 21. വലതുവിങ്ങിൽ പറന്നു കളിക്കുന്ന ഇരുപതുകാരൻ ആദ്യമായി ലോകശ്രദ്ധയാകർഷിക്കുന്നത് സ്പെയിൻ അണ്ടർ 17 ടീമിലൂടെയാണ്.
English Summary: Teenage footballers in Premier League, French League