ADVERTISEMENT

ടൂറിൻ ∙ പരിശീലകനായുള്ള ആന്ദ്രെ പിർലോയുടെ അരങ്ങേറ്റം ക്രിസ്റ്റ്യാനോ റൊണാൾഡോയും കൂട്ടുകാരും ആഘോഷമാക്കി. കരിയറിലെ തുടർച്ചയായ 19-ാം സീസണിലും ഗോൾ എന്ന നേട്ടം ക്രിസ്റ്റ്യാനോ സ്വന്തമാക്കിയ മത്സരത്തിൽ സാംപ്ദോറിയയ്ക്കെതിരെ യുവെന്റസിന്റെ വിജയം 3-0ന്. ദെജാൻ കുലുസെവ്സ്കി, ലിയനാർഡോ ബൊനൂച്ചി എന്നിവരാണ് യുവെയുടെ ആദ്യ 2 ഗോളുകൾ നേടിയത്. പുതിയ സീസണിലെ ആദ്യ മത്സരത്തിൽ 88-ാം മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോൾ. വെയ്ൽസ് താരം ആരോൺ റാംസെയുടെ പാസിൽ നിന്നാണ് ക്രിസ്റ്റ്യാനോ ലക്ഷ്യം കണ്ടത്. സ്വീഡിഷ് താരമായ കുലുസെവ്സ്കിയുടെ യുവെയ്ക്കു വേണ്ടിയുള്ള കന്നി ഗോളിനു വഴിയൊരുക്കിയതും ക്രിസ്റ്റ്യാനോ തന്നെ.

∙ ഗോളടിക്കാതെ, വാങ്ങാതെ റയൽ

മഡ്രിഡ് ∙ സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ നിലവിലെ ചാംപ്യന്മാരായ റയൽ മഡ്രിഡിന് ആദ്യമത്സരത്തിൽ സമനില. റയൽ സോസിദാദുമായുള്ള മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചതിനു മഡ്രിഡ് ടീം നന്ദി പറയേണ്ടതു ഗോൾകീപ്പർ തിബോ കോർട്ടോയോടാണ്. കഴിഞ്ഞ സീസണിലെ ടീമിൽ വലിയ മാറ്റങ്ങളൊന്നുമില്ലാതെ ലീഗ് തുടങ്ങിയ റയലിനു കളിയിൽ കാര്യമായ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞില്ല.

അതേസമയം, സോസിദാദ് നടത്തിയ അപകടകരമായ മുന്നേറ്റങ്ങൾ ഗോൾപോസ്റ്റിനു മുന്നിൽ തിബോ കോർട്ടോയുടെ മികവിനു മുന്നിൽ നിഷ്പ്രഭമാവുകയായിരുന്നു. സോസിദാദ് ഫോർവേഡ് അലക്സാണ്ടർ ഇസാക്കിന്റെ ഒരു ഷോട്ട് കോർട്ടോ കാലുകൊണ്ടു തട്ടിക്കളഞ്ഞതു ലാ ലിഗയിലെ ഉഗ്രൻ സേവുകളിലൊന്നായി വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ സീസണിൽ അവസാനത്തെ 11 മത്സരങ്ങളിൽ പത്തും ജയിച്ച റയലിന്റെ നിഴൽ മാത്രമായിരുന്നു മൈതാനത്ത്.

സ്പാനിഷ് ലീഗിലേക്കു മടങ്ങിയെത്തിയ മുൻ റയൽ മഡ്രിഡ് കോച്ച് മാനുവൽ പെല്ലഗ്രിനിയുടെ റയൽ ബെറ്റിസ് 2–0ന് വല്ലദോലിദിനെ തോൽപിച്ചു. അലാവെസിനെ 2–1നു തോൽപിച്ചു ലീഗിലെ 2–ാം വിജയം സ്വന്തമാക്കിയ ഗ്രനാഡയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഈ സീസണിൽ സ്ഥാനക്കയറ്റം കിട്ടിയെത്തിയ ടീമുകളായ കാഡിസും ഹ്യൂസ്കയും തമ്മിലുള്ള പോരാട്ടത്തിൽ കാഡിസ് 2–0ന് വിജയിച്ചു.

∙ ജയം, ലെസ്റ്റർ മുന്നിൽ

ലണ്ടൻ ∙ ബേൺലിയെ 4-2നു തോൽപിച്ച ലെസ്റ്റർ സിറ്റി ഇംഗ്ലിഷ് പ്രീമിയർ ലീഗ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഹാർവി ബാൺസ്, ജയിംസ് ജസ്റ്റിൻ, ഡെനിസ് പ്രെയ്റ്റ് എന്നിവരാണ് ഗോൾ നേടിയത്. ബേൺലി താരം എറിക് പീറ്റേഴ്സന്റെ സെൽഫ് ഗോളും ഒപ്പമുണ്ട്. സാദിയോ മാനെയുടെ ഇരട്ടഗോളിൽ ചെൽസിയെ 2-0നു തോൽപിച്ച ലിവർപൂൾ നിലവിൽ 4-ാം സ്ഥാനത്താണ്. എവർട്ടൻ, ആർസനൽ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ദക്ഷിണ കൊറിയൻ താരം സൺ ഹ്യൂങ് മിൻ 4 ഗോളുകൾ നേടിയ മത്സരത്തിൽ ടോട്ടനം 5-2ന് സതാംപ്ടനെ തകർത്തു. ഹാരി കെയ്‌നാണ് ഒരു ഗോൾ നേടിയത്. സണിന്റെ 4 ഗോളുകൾക്കും അസിസ്റ്റ് നൽകിയതും കെയ്ൻ തന്നെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com