കെവിൻ ഡിബ്രൂയ്നെ തിളങ്ങി; മാഞ്ചസ്റ്റർ സിറ്റി ജയിച്ചു
Mail This Article
വോൾവർഹാംപ്ടൻ ∙ കെവിൻ ഡിബ്രൂയ്നെ തിളങ്ങിയാൽ മാഞ്ചസ്റ്റർ സിറ്റി മത്സരം ജയിക്കാതെ തിരിച്ചു കയറിയ ചരിത്രമില്ല! ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഈ സീസണിലെ ആദ്യമത്സരത്തിൽ വോൾവർഹാംപ്ടണെ 3–1ന് സിറ്റി തകർത്തുകളഞ്ഞ മത്സരത്തിന്റെ വിജയശിൽപിയും ഡിബ്രൂയ്നെ ആയിരുന്നു. ഒരു പെനൽറ്റി ഗോൾ നേടുകയും 2 ഗോളുകൾക്കു വഴിയൊരുക്കുകയും ചെയ്തു ഇരുപത്തൊമ്പതുകാരനായ ബെൽജിയം മിഡ്ഫീൽഡർ.
20–ാം മിനിറ്റിൽ ഡിബ്രൂയ്നെയെ ബോക്സിനുള്ളിൽ വീഴ്ത്തിയതിനു ലഭിച്ച പെനൽറ്റി സ്പോട്ട് കിക്ക് ലക്ഷ്യത്തിലെത്തിച്ചായിരുന്നു തുടക്കം. 33–ാം മിനിറ്റിൽ ഫിൽ ഫോഡൻ നേടിയ ഗോളിനും രണ്ടാം പകുതിയുടെ ഇൻജറി ടൈമിൽ ഗബ്രിയേൽ ജിസ്യൂസ് ലക്ഷ്യത്തിലെത്തിച്ച ഗോളിനും വഴിയൊരുക്കിയതും ഡിബ്രൂയ്നെ. ഇതിനിടെ റൗൾ ജിമിനെസ് വോൾവ്സിന്റെ ആശ്വാസഗോൾ നേടി. കഴിഞ്ഞ സീസണിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ഡിബ്രൂയ്നെയെ പ്രശംസിച്ച് സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയും രംഗത്തെത്തി.