ADVERTISEMENT

റോം ∙ ജീവിതത്തിനും മരണത്തിനുമിടയിലെ മുനമ്പിൽനിന്ന് മനസ്സുകൊണ്ടു തിരികെ നടക്കാൻ ഇലേനിയ മാറ്റില്ലി എന്ന പത്തൊമ്പതുകാരിയെ പ്രേരിപ്പിച്ചത് ഒരേയൊരാളുടെ ശബ്ദമാണ്– ഇറ്റാലിയൻ ക്ലബ് എഎസ് റോമയുടെ മുൻ ക്യാപ്റ്റനും ഇതിഹാസതാരവുമായ ഫ്രാഞ്ചെസ്കോ ടോട്ടിയുടെ! പ്രിയതാരം ആശുപത്രിക്കിടയ്ക്കയ്ക്ക് അരികെ വന്നുനിന്നു പേരുവിളിക്കുന്നതു പോലെ ഇലേനിയയ്ക്കു തോന്നി. അബോധാവസ്ഥയിൽനിന്ന് ഉണർന്നപ്പോൾ ആദ്യം കണ്ണു കൊണ്ടു തിരക്കിയതും അദ്ദേഹത്തെ. ഒടുവിൽ, ആശുപത്രി അധികൃതരുടെ അഭ്യർഥന സ്വീകരിച്ച് ഇലേനിയയെ നേരിൽ കാണാൻ ടോട്ടിയെത്തുകയും ചെയ്തു.

കഴിഞ്ഞ ഡിസംബറിലാണ് വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഇലേനിയ ‘കോമ’യിലായത്. സുഹൃത്ത് അപകടത്തിൽ മരിക്കുകയും ചെയ്തു.

എഎസ് റോമ ക്ലബ്ബിന്റെ നഗരവൈരികളായ ലാസിയോയുടെ വനിതാ ടീം അംഗമായിരുന്നു ഇലേനിയ. എന്നാൽ, ഇലേനിയയുടെ ആരാധ്യപുരുഷൻ ക്ലബ് കരിയറിൽ റോമയ്ക്കു വേണ്ടി മാത്രം അറുന്നൂറോളം മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ടോട്ടിയായിരുന്നു. അബോധാവസ്ഥയിലായ ഇലേനിയയെ തിരികെക്കൊണ്ടുവരാൻ പരിശ്രമിക്കുന്നതിനിടെ മാതാപിതാക്കൾ തന്നെയാണ് ടോട്ടിയോടുള്ള ആരാധനയുടെ കാര്യം ആശുപത്രി അധികൃതരോടു പറ‍ഞ്ഞത്.

ടോട്ടിയുടെ വിഡിയോ സന്ദേശമാണ് ആദ്യമെത്തിയത്. കിടക്കയ്ക്ക് അരികെ ടോട്ടി സംസാരിക്കുന്നതു പോലെ തോന്നിയ ഇലേനിയ പതിയെ കണ്ണു തുറന്നു. പിന്നീട് ഇലേനിയയുടെ കൂടി അഭ്യർഥന മാനിച്ചാണ് നാൽപത്തിനാലുകാരനായ ടോട്ടി ആശുപത്രിയിലെത്തിയത്. ഇനി ആശുപത്രിക്കു പുറത്തുവച്ചു നമുക്കു കാണണം – ടോട്ടി ഇലേനിയയോടു പറഞ്ഞു.

ഒരുമണിക്കൂർ ഇലേനിയയ്ക്ക് ഒപ്പമിരുന്നു സംസാരിച്ച താരം കയ്യൊപ്പു ചാർത്തിയ ജഴ്സിയും സമ്മാനിച്ചാണു മടങ്ങിയത്. ചികിൽസാ പുരോഗതിയുണ്ടെന്നും ഇലേനിയ പൂർണാരോഗ്യവതിയായി തിരികെയെത്താൻ സമയമെടുക്കുമെന്നും ആശുപത്രി അധികൃതർ വെളിപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com