യൂറോപ്പ ലീഗ്: ജയിച്ച് മുന്നേറി മിലാൻ, ആർസനൽ
Mail This Article
ആന്റ്‌വെർപ് (ബൽജിയം) ∙ ഇറ്റാലിയൻ ക്ലബ് എസി മിലാനും ഇംഗ്ലിഷ് ക്ലബ് ആർസനലിനും യൂറോപ്പ ലീഗ് ഫുട്ബോൾ ഗ്രൂപ്പ് റൗണ്ടിൽ ഉജ്വല വിജയം. മിലാൻ 3–0നു സ്പാർട്ട പ്രാഗിനെ തോൽപിച്ചു. സ്റ്റാർ സ്ട്രൈക്കർ സ്ലാറ്റൻ ഇബ്രാഹിമോവിച്ച് പെനൽറ്റി നഷ്ടമാക്കിയ മത്സരത്തിൽ ബ്രഹിം ഡാസ്, റാഫേൽ ലിയോ, ഡിയേഗോ ഡാലറ്റ് എന്നിവരാണു മിലാന്റെ സ്കോറർമാർ. ആർസനൽ 3–0ന് അയർലൻഡ് ക്ലബ് ഡുൻഡാൽകിനെയാണു കീഴടക്കിയത്. എഡ്ഡി എൻകെറ്റിയാ, ജോ വില്ലോക്ക്, നിക്കൊളാസ് പെപെ എന്നിവർ ലക്ഷ്യം കണ്ടു.
ഇംഗ്ലിഷ് ക്ലബ് ടോട്ടനത്തെ 1–0നു കീഴടക്കി ബൽജിയം ക്ലബ് ആന്റ്‌വെർപ് ആരാധകരെ ഞെട്ടിച്ചു. ബൊറൂസിയ ഡോർട്മുണ്ടും തോൽവി രുചിച്ചു. ചെക്ക് റിപ്പബ്ലിക് ക്ലബ് സ്ലാവിയ പ്രാഗാണ് 1–0നു ജർമൻ ക്ലബ്ബിനെ കീഴടക്കിയത്. നാപ്പോളി 1–0നു സ്പാനിഷ് ക്ലബ് റയൽ സോസിദാദിനെ തോൽപിച്ചു.
തോൽവി അറിയാതെ മുന്നോട്ട്!
കോവിഡ് ലോക്ഡൗണിനു ശേഷം ഒരു കളി പോലും തോൽക്കാത്ത യൂറോപ്പിലെ ഒരേയൊരു ടീം– ഇറ്റലിക്കാരായ എസി മിലാൻ. കളിച്ച 23ൽ 18 ജയം, 5 സമനില. യൂറോപ്പിലെ മുൻനിര ലീഗുകളിലെ ടീമുകളിൽ മിലാൻ ഒഴികെ എല്ലാവരും ഒരു വട്ടമെങ്കിലും തോൽവി രുചിച്ചു. ഒരു പതിറ്റാണ്ടോളം തകർച്ച നേരിട്ട ശേഷമാണ് എസി മിലാന്റെ ഈ ഉയിർത്തെഴുന്നേൽപ്. യൂറോപ്പ ലീഗിൽ സ്പാർട്ട പ്രാഗിനെ 3–0 ന് തകർത്തതോടെ യൂറോപ്പിലും ഇറ്റലിയിലും മിലാൻ ശക്തി തെളിയിച്ചുകഴിഞ്ഞു.
മുപ്പത്തിയൊമ്പതുകാരൻ സ്വീഡിഷ് താരം സ്ലാറ്റൻ ഇബ്രാഹിമോവിച്ചിന്റെ വരവാണ് മിലാന്റെ പെട്ടെന്നുള്ള മാറ്റത്തിനു കാരണമെന്നു വിശ്വസിക്കുന്നവർ ഏറെയാണ്.
മിലാൻ ടീമിലെ ചെറുപ്പക്കാരുടെ നിരയ്ക്ക് ആത്മവിശ്വാസം നൽകാൻ ഇബ്രാഹിമോവിച്ചിനു സാധിച്ചു. ഈ സീസണിൽ ആദ്യ 5 കളിയിൽ 12 ഗോളുകളാണ് എസി മിലാൻ നേടിയത്. ഇതിൽ 6 ഗോളുകൾ ഇബ്രാഹിമോവിച്ചിന്റേതാണ്.
Content highlights: Europa league football