കുതിച്ചും കിതച്ചും കിരീടപ്പോരാട്ടങ്ങൾ; മാഞ്ചസ്റ്റർ സിറ്റി ബഹുദൂരം മുന്നിൽ
Mail This Article
യൂറോപ്പിലെ മുൻനിര ഫുട്ബോൾ ലീഗുകളിൽ ഓരോ മത്സരദിനത്തിലും ഉദ്വേഗവും ആവേശവും നിറയുകയാണ്. ഇംഗ്ലണ്ടിലൊഴികെ മറ്റു ലീഗുകളിലെല്ലാം നിലവിൽ കിരീടപ്പോരാട്ടം പ്രവചനാതീതം. ഇംഗ്ലണ്ടിൽ എതിരാളികളെ ഒന്നൊന്നായി വീഴ്ത്തി അജയ്യരായി സിറ്റി മുന്നേറുമ്പോൾ സിറ്റിക്കു വെല്ലുവിളിയുയർത്താൻ സാധ്യതയുള്ളവരെല്ലാം ഏറെ പിന്നിലാണ്. ഇറ്റലിയിൽ മിലാൻ ടീമുകൾ വ്യക്തമായ ആധിപത്യമില്ലെങ്കിലും മുന്നിൽത്തന്നെ തുടരുന്നു. സ്പെയിനിൽ അത്‌ലറ്റിക്കോ മഡ്രിഡും ജർമനിയിൽ ബയൺ മ്യൂനിക്കും ഫ്രാൻസിൽ ലിലും ഒന്നാം സ്ഥാനത്തു തുടരുന്നു.
∙ ഇംഗ്ലിഷ് പ്രീമിയർ ലീഗ്
ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ കടിഞ്ഞാണില്ലാത്തെ കുതിരകളെപ്പോലെ കുതിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. കഴിഞ്ഞ 15 കളികളും ജയിച്ച അവർ ഇപ്പോൾ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിനെക്കാൾ 14 പോയിന്റ് മുന്നിലാണ്. കിരീടപ്പോരാട്ടം അവസാനഘട്ടത്തിലേക്കെത്തുമ്പോൾ സിറ്റിയുമായുള്ള അകലം കുറയ്ക്കാനുള്ള അവസരമെല്ലാം മറ്റു ടീമുകളും കൈവിടുകയാണ്. കഴിഞ്ഞ മത്സരങ്ങളിൽ ചെൽസിയുമായും ക്രിസ്റ്റൽ പാലസുമായും സമനിലയിൽ കുരുങ്ങിയത് യുണൈറ്റഡിന് തിരിച്ചടിയായി.
ബെൺലിയുമായി ലെസ്റ്റർ സിറ്റിയും സമനില വഴങ്ങിയതോടെ സിറ്റിക്ക് കൂടുതൽ ആത്മവിശ്വാസമാവുകയാണ്. നാലാം സ്ഥാനത്തുള്ള വെസ്റ്റ്ഹാം യുണൈറ്റഡ് ചാംപ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കാമെന്ന പ്രതീക്ഷയിലാണ്. ഇടവേളയ്ക്കു ശേഷം മികവു വീണ്ടെടുക്കുന്ന ചെൽസി യൂറോപ് ലീഗ് യോഗ്യതാ സ്ഥാനത്തുണ്ട്. നിലവിലുള്ള ജേതാക്കളായ ലിവർപൂളിന് നിലവിൽ യൂറോപ്യൻ യോഗ്യതയ്ക്കായി പൊരുതിനോക്കാമെന്നതു മാത്രമാണ് പ്രതീക്ഷയായി ബാക്കിയുള്ളത്. കഴിഞ്ഞ കളിയിൽ ചെൽസിക്കെതിരെ ഒരു ഗോളിനു തോറ്റത് അവർക്ക് വീണ്ടും തിരിച്ചടിയായി.
പോയിന്റ് നില
ക്ലബ്, മത്സരം, ജയം, സമനില, തോൽവി, ഫോം ഗൈഡ് (കഴിഞ്ഞ 6 മത്സരങ്ങൾ) എന്ന ക്രമത്തിൽ
1. മാഞ്ചസ്റ്റർ സിറ്റി 27 20 5 2 65 (6 ജയം)
2. മാൻ. യുണൈറ്റഡ് 27 14 9 4 51 (2 ജയം, 4 സമനില)
3. ലെസ്റ്റർ സിറ്റി 27 15 5 7 50 (3 ജയം, 2 സമനില, 1 തോൽവി)
4. വെസ്റ്റ്ഹാം യുണൈറ്റഡ് 26 13 6 7 45 (3 ജയം, 1 സമനില, 2 തോൽവി)
5. ചെൽസി 27 12 8 6 47 (4 ജയം, 2 സമനില)
ടോപ് സ്കോറർ
1. മുഹമ്മദ് സാല (ലിവർപൂൾ) 17
2. ബ്രൂണോ ഫെർണാണ്ടസ് (മാൻ. യുണൈറ്റഡ്) 15
3. ഹാരി കെയ്ൻ (ടോട്ടനം) 14
4. കാൾവെർട്ട് ലെവിൻ (എവർട്ടൺ) 13
5. സൺ ഹ്യൂങ് മിൻ (ടോട്ടനം) 13
∙ സെരി എ
ഇറ്റാലിയൻ സെരി എയിൽ കഴിഞ്ഞ മത്സരദിനത്തോടെ കിരീടപ്പോരാട്ടത്തിൽ കൂടുതൽ ആവേശം നിറയുകയാണ്. കഴിഞ്ഞ മത്സരത്തിൽ എസി മിലാനെ ഉഡിനേസി സമനിലയിൽ കുരുക്കിയതോടെ യുവെന്റസിനും അറ്റലാന്റയ്ക്കും വീണ്ടും പ്രതീക്ഷയായി. 5 തുടർ വിജയങ്ങളുമായി ഇന്റർ മിലാൻ കിരീടപ്രതീക്ഷയോടെ കുതിക്കുകയാണ്. അടുത്തകാലത്തെ രണ്ടു തോൽവികളും സമനിലയും എസി മിലാന്റെ സ്ഥിതി അൽപം പരുങ്ങലിലാക്കിയിട്ടുണ്ട്.
ഹെല്ലാസ് വെറോണയ്ക്കെതിരെ സമനിലയിൽ കുരുങ്ങിയതിന്റെ ക്ഷീണം സ്പെസിയയ്ക്കെതിയുള്ള വിജയത്തോടെ തീർത്ത യുവെന്റസ് മിലാനെ മറികടക്കാമെന്ന പ്രതീക്ഷയിലാണ്.
എസി മിലാനെക്കാലും അറ്റലാന്റെയെക്കാളും ഒരു മത്സരം കൂടുതൽ കളിക്കാനുള്ളത് യുവെയ്ക്ക് ആത്മവിശ്വാസമേകുന്നുണ്ട്. എങ്കിലും ചാംപ്യൻമാരുടെ മികവിനൊത്തം പ്രകടനം ഈ സീസണിൽ പുറത്തെടുക്കാനാവാത്ത യുെവയ്ക്ക് ഇനിയുള്ള എല്ലാ കളികളിലും ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാലേ ഇന്ററിനെ പിടിക്കാനാകൂ. മിലാൻ ടീമുകൾക്കെതിരെ ഇനിയുള്ള രണ്ടു കളികളും ഫലത്തിൽ യുവെയ്ക്ക് ഫൈനൽ മത്സരങ്ങൾ പോലെയാകും.
പോയിന്റ് നില
ക്ലബ്, മത്സരം, ജയം, സമനില, തോൽവി, ഫോം ഗൈഡ് (കഴിഞ്ഞ 6 മത്സരങ്ങൾ) എന്ന ക്രമത്തിൽ
1. ഇന്റർ മിലാൻ 25 17 5 2 59 (5 ജയം, 1 സമനില)
2. എസി മിലാൻ 25 16 5 4 53 (3 ജയം, 1 സമനില, 2 തോൽവി)
3. യുവെന്റസ് 24 14 7 3 49 (4 ജയം, 1 സമനില, 1 തോൽവി)
4. അറ്റലാന്റ 25 14 7 4 49 (4 ജയം, 1 സമനില, 1 തോൽവി)
5. എഎസ് റോമ 25 14 5 6 47 (3 ജയം, 1 സമനില, 2 തോൽവി)
∙ ലാ ലിഗ
സ്പാനിഷ് ലാ ലീഗയിൽ ഒന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മഡ്രിഡിനു പിന്നാലെ ബാർസലോനയും റയലും പോരാട്ടത്തിൽ ഒപ്പത്തിനൊപ്പമാണ്. പോയിന്റ് നിലയിൽ ഒപ്പമാണെങ്കിലും ഗോൾ ശരാശരിയിൽ റയിലനെ പിന്തള്ളി ബാർസയാണ് രണ്ടാം സ്ഥാനത്ത്. കളിഞ്ഞ കളിയിൽ വിയ്യാറയലിനെ 2-0 നു കീഴടക്കിയാണ് അത്‌ലറ്റിക്കോ ഒരിടവേളയ്ക്കു ശേഷം വിജയവഴിയിലേക്കു തിരിച്ചെത്തിയത്. ഒരു ഘട്ടത്തിൽ വ്യക്തമായ ലീഡുമായി മുന്നേറിയ അവർ കഴിഞ്ഞ 6 കളികളിൽ മൂന്നെണ്ണത്തിലും വിജയം കൈവിട്ടതോടെയാണ് ബാർസയും റയലും അരികിലെത്തിയത്. എങ്കിലും ഇരു ടീമുകളെക്കാലും ഒരു മത്സരം കൂടുതൽ കളിക്കാനുള്ളത് അത്‌ലറ്റിക്കോയ്ക്ക് പ്രതീക്ഷ നൽകുന്നു.
അത്‌ലറ്റിക്കോയുടെ വീഴ്ച നന്നായി മുതലാക്കിയത് ബാർസയാണ്. സമീപകാലത്ത് തോൽവിയാറിയാതെ മുന്നേറിയാണ് മെസ്സിയും കൂട്ടരും കിരീടപ്പോരാട്ടം സജീവമാക്കിയത്. കളിഞ്ഞ കളിയിൽ റയൽ സോസീഡാഡിനോട് സമനില വഴങ്ങയതോടെ റയലിന് ബാർസയെ പിന്നിലാക്കനുള്ള അവസരം നഷ്ടമായി. ബാർസയോടു തോറ്റ സെവിയ്യയും പോയിന്റി നിലയിൽ പിന്നോട്ടിറങ്ങി.
പോയിന്റ് നില
ക്ലബ്, മത്സരം, ജയം, സമനില, തോൽവി, ഫോം ഗൈഡ് (കഴിഞ്ഞ 6 മത്സരങ്ങൾ) എന്ന ക്രമത്തിൽ
1. അത്‌ലറ്റിക്കോ മഡ്രിഡ് 24 18 4 2 58 (3 ജയം, 2 സമനില, 1 തോൽവി)
2. ബാർസലോന 25 16 5 4 53 (5 ജയം, 1 സമനില)
3. റയൽ മഡ്രിഡ് 25 16 5 4 53 (4 ജയം, 1 സമനില, 1 തോൽവി)
4. സെവിയ്യ 24 15 3 6 48 (5 ജയം, 1 തോൽവി)
ടോപ് സ്കോറർ
1. ലിയണൽ മെസ്സി (ബാർസ) 19
2. ലൂയിസ് സുവാരസ് (അത്‌ലറ്റിക്കോ) 16
3. ജോറാർഡ് മോറിനോ (വിയ്യാറയൽ) 14
∙ ബുന്ദസ് ലിഗ
ജർമൻ ബുന്ദസ് ലീഗയിൽ ബയൺ മ്യൂനിക്കും ആർബി ലൈപ്സിഗും തമ്മിലുള്ള കിരീടപ്പോരാട്ടം മുറുകുകയാണ്. ബയണിനെക്കാൾ 2 പോയിന്റ് മാത്രം പിന്നിലാണ് ലൈപപ്സിഗ് ഇപ്പോൾ. മൂന്നു മത്സരദിനങ്ങൾക്കിടെ രണ്ടു കളികളിൽ വിജയം കൈവിട്ടതാണ് ബയണിന് വിനയായത്. അവസരം മുതലാക്കിയ ലൈപ്സിഗ് തുടർച്ചയായ 5 ജയങ്ങളോടെ ബയണിനു തൊട്ടരികിലെത്തുകയും ചെയ്തു. വോൾവ്സ്ബർഗും ഫ്രാങ്ക്ഫുർട്ടുമാണ് ഇരുവർക്കും പിന്നിലായുള്ളത്. സീസണൺ തുടക്കത്തിൽ ബയണിനു വെല്ലുവിളിയുയർത്തി പിന്നീട് മികവു കൈവിട്ട ബോറുസിയ ഡോർട്ട്മുണ്ട് അഞ്ചാം സ്ഥാനത്ത് ചാംപ്യൻസ് ലീഗ് യോഗ്യതയ്ക്കായാണ് പൊരുതുന്നത്.
പോയിന്റ് നില
ക്ലബ്, മത്സരം, ജയം, സമനില, തോൽവി, ഫോം ഗൈഡ് (കഴിഞ്ഞ 6 മത്സരങ്ങൾ) എന്ന ക്രമത്തിൽ
1. ബയൺ മ്യൂനിക് 23 16 4 3 52 (4 ജയം, 1 സമനില, 1 തോൽവി)
2. ലൈപ്സിഗ് 23 15 5 3 50 (5 ജയം, 1 തോൽവി)
3. വോൾവ്സ്ബർഗ് 23 12 9 2 45 (5 ജയം, 1 സമനില)
ടോപ് സ്കോറർ
1. ലെവൻഡോവ്സ്കി (ബയൺ) 28
2. ആന്ദ്രെ സിൽവ (ഫ്രാങ്ക്ഫുർട്ട്) 19
3. എർലിങ് ഹാലൻഡ് (ഡോർട്ട്മുണ്ട്) 17
∙ ലീഗ് വൺ
ഫ്രാൻസിലെ ലീഗ് വൺ ഇക്കുറി ലിൽ - പാരിസ് സെന്റ് ജെർമെയ്ൻ - ലിയോൺ പോരാട്ടമാവുകയാണ്. മാഴ്സെയുമായുള്ള സൂപ്പർപോരാട്ടം 2-0 ന് ജയിച്ച ലിൽ രണ്ടു പോയിന്റ് വ്യത്യാസത്തിൽ ഒന്നാം സ്ഥാനത്തു തുടരുകയാണ്. ബോർദോയെ 1-0 നു കീഴടക്കിയ പിഎസ്ജി അവരെ എത്തിപ്പിടിക്കാവുന്ന അകലത്തിലുണ്ട്. റെനിനെ 1-0ന് മറികടന്ന ലിയോൺ പിഎസ്ജിയുടെ തൊട്ടരികിലെത്തി.
പോയിന്റ് നില
ക്ലബ്, മത്സരം, ജയം, സമനില, തോൽവി, ഫോം ഗൈഡ് (കഴിഞ്ഞ 6 മത്സരങ്ങൾ) എന്ന ക്രമത്തിൽ
1. ലിൽ 28 18 8 2 62 (4 ജയം, 2 സമനില)
2. പിഎസ്ജി 28 19 3 6 60 (5 ജയം, 1 തോൽവി)
3. ലിയോൺ 28 17 8 3 59 (4 ജയം, 1 സമനില, 1 തോൽവി)
ടോപ് സ്കോറർ
1. കിലിയൻ എംബപ്പെ (പിഎസ്ജി) 18
2. മെംഫിസ് ഡിപേ (ലിയോൺ) 14
3. കെവിൽ വോലാൻഡ് (മൊണാക്കോ) 1
English Summary: European Football League Live Updates