ഇടതു വിങ്ങൊഴിഞ്ഞു, ഇനി വിങ്ങൽ; സി.എ. ലിസ്റ്റൻ ഇനി ഓർമ
Mail This Article
കേരള പൊലീസ് 2 വട്ടം ഫെഡറേഷൻ കപ്പ് നേടിയപ്പോഴും ഇടതു ‘വിങ് കമാൻഡർ’ ആയിരുന്ന സി.എ. ലിസ്റ്റൻ ഇനി ഓർമ..
മഴ കടുത്താൽ തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിലെ ലോങ്ജംപ് പിറ്റിൽ വെള്ളം നിറയും. ആ വെള്ളത്തിൽ കരണംമറിഞ്ഞു ബൈസിക്കിൾ കിക്കെടുക്കാൻ പഠിച്ച 2 കുട്ടികൾ: ഐ.എം.വിജയനും സി.എ.ലിസ്റ്റനും. പിൽക്കാലത്ത് അവരുടെ കൈകളിൽ കിടന്നു കിരീടങ്ങൾ കരണം മറിഞ്ഞു. ഫുട്ബോളിലും പൊലീസിലും ഒന്നിച്ചു ബൂട്ടുകെട്ടിയ ഇവർക്കൊപ്പം സി.വി.പാപ്പച്ചനും കൂടി ചേർന്നപ്പോൾ കൂട്ടുകെട്ടു വലുതായി.
ഫെഡറേഷൻ കപ്പ് കിരീടം കേരള പൊലീസിനു 2 വട്ടം സ്വന്തമായി. ഒടുവിലിതാ, പൊലീസ് ചരിത്രത്തിലെ സുവർണ ടീമിന്റെ ഇടതു വിങ് ശൂന്യമാക്കി ലിസ്റ്റൻ ഓർമയായിരിക്കുന്നു.
ഫുട്ബോൾ ഡിഎൻഎ
എങ്ങനെ ഫുട്ബോൾ താരമായെന്നാരെങ്കിലും ചോദിച്ചാൽ ലിസ്റ്റൻ ഒരു പേരിൽ ഉത്തരം ചുരുക്കും: സി.പി.ആന്റണി. സെവൻസ് കളിക്കാരനായിരുന്ന പുതുക്കാട് അളഗപ്പനഗർ പാവു വീട്ടിൽ ആന്റണിയുടെ മകനു ഫുട്ബോൾ ഡിഎൻഎയിലുണ്ട്.
കേരളവർമയിലെ കായികാധ്യാപകൻ എം.സി.രാധാകൃഷ്ണനും പ്രമുഖ പരിശീലകൻ ടി.കെ.ചാത്തുണ്ണിയും ചേർന്ന് 1980ൽ സംഘടിപ്പിച്ച ക്യാംപിൽ കുഞ്ഞു ലിസ്റ്റനെ എത്തിച്ചതും ആന്റണി തന്നെ. പിന്നീടു കേരളവർമ കോളജിലൂടെ സർവകലാശാല ടീമിലെത്തി. 88ൽ ഗുവാഹത്തിയിൽ കേരളത്തിനായി സന്തോഷ് ട്രോഫി കളിച്ചു.
ബംഗാളിനോടു ഫൈനലിൽ തോറ്റു കേരളം പുറത്തായെങ്കിലും ലിസ്റ്റൻ പേരെടുത്തു. അതേ വർഷംവിജയനു തൊട്ടുപിന്നാലെ കേരള പൊലീസിലംഗമായി. 89ൽ മഡ്ഗാവിലും സന്തോഷ് ട്രോഫി കളിച്ചു.
പൊലീസിലെ കമാൻഡർ
പാപ്പച്ചൻ – വിജയൻ – ലിസ്റ്റൻ ത്രയം കേരള പൊലീസിനെ ഇന്ത്യൻ ഫുട്ബോളിലെ രാജാക്കൻമാരാക്കി മാറ്റിയതു തൊണ്ണൂറുകളുടെ തുടക്കത്തിലാണ്. വി.പി.സത്യൻ, കെ.ടി.ചാക്കോ, യു.ഷറഫലി, കുരികേശ് മാത്യു, തോബിയാസ് തുടങ്ങിയ ഇതിഹാസങ്ങൾ കൂടി ചേർന്നപ്പോൾ തൃശൂരിൽ 90ൽ നടന്ന ഫെഡറേഷൻ കപ്പിൽ കേരള പൊലീസ് ചരിത്ര വിജയം നേടി.
പിൽക്കാലത്തു പൊലീസിൽ അസി. കമൻഡാന്റായി ഉയർന്ന ലിസ്റ്റൻ കളിയിലും ‘കമാൻഡർ’ റോൾ പുറത്തെടുത്തു. കരുത്തുറ്റ ഇടംകാലുമായി ഇടതു വിങ്ങിൽനിന്നു ലിസ്റ്റൻ തൊടുത്ത പീരങ്കിയുണ്ടകൾ ഗോൾകീപ്പർമാരെ നിലംപരിശാക്കി. 90ലെ ഫെഡറേഷൻ കപ്പിനു പിന്നാലെ 91ൽ കണ്ണൂരിൽ നടന്ന ഫെഡറേഷൻ കപ്പും പൊലീസ് ടീം നേടി.
ഫൈനലിൽ മഹീന്ദ്രയ്ക്കെതിരെ ഗോൾ നേടി വിജയമുറപ്പിച്ചതു ലിസ്റ്റൻ തന്നെ. 91ലെ ഡ്യുറാൻഡ് കപ്പിൽ പൊലീസ് ടീം ക്വാർട്ടറിൽ പുറത്തായെങ്കിലും പ്രീക്വാർട്ടറിൽ ലിസ്റ്റൻ നേടിയ ഹാട്രിക്കിന് ഇന്നും ആരാധകരേറെ.
പിതാവിൽ നിന്നു കൈമാറ്റം ചെയ്യപ്പെട്ട ഫുട്ബോൾ ഡിഎൻഎ, തന്റെ മകൻ ലിനോയിലേക്കു പകർന്ന ശേഷമാണു ലിസ്റ്റൻ വിടവാങ്ങുന്നത്. മലപ്പുറം എംഎസ്പി ഫുട്ബോൾ അക്കാദമി താരമാണു ലിനോ.