സിറ്റി ഗ്രൂപ്പിനു കീഴിലുള്ള ക്ലബ്ബുകളിൽ ലീഗ് കിരീടം നേടുന്ന മൂന്നാം പുരുഷ ടീമായി മുംബൈ സിറ്റി
Mail This Article
മഡ്ഗാവ് ∙ സിറ്റി ഗ്രൂപ്പ് സിഇഒ ഫെറാൻ സോറിയാനോയ്ക്ക് ഇത്ര പെട്ടെന്നു സന്തോഷം നൽകിയ ടീമുകളിലൊന്നു മുംബൈ സിറ്റി എഫ്സിയായിരിക്കും! കാരണം, ഏറ്റെടുത്തു 2–ാം വർഷം ആഭ്യന്തര ലീഗ് കിരീടം തന്നെയാണു സിറ്റി ഗ്രൂപ്പിനായി മുംബൈ നേടിയെടുത്തത്.
സിറ്റി ഗ്രൂപ്പിനു കീഴിൽ പല രാജ്യങ്ങളിലായി 10 ക്ലബ്ബുകളുണ്ടെങ്കിലും അതതു രാജ്യങ്ങളിലെ പുരുഷ ലീഗ് കിരീടം നേടിയതു 3 ടീമുകൾ മാത്രം. ഇംഗ്ലിഷ് പ്രീമിയൽ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി, ജപ്പാൻ ലീഗിൽ യോകൊഹാമ എ.മാരിനോസ്, ഇപ്പോഴിതാ മുംബൈ സിറ്റിയും.
13 സീസണുകളിലായി സിറ്റി ഗ്രൂപ്പിനു കീഴിൽ കളിക്കുന്ന മാഞ്ചസ്റ്റർ സിറ്റി 4 പ്രീമിയർ ലീഗ് കിരീടങ്ങളാണു നേടിയത്. 8 സീസണുകൾക്കിടയിലാണു യോകൊഹാമയുടെ ഒരേയൊരു ജെ–ലീഗ് നേട്ടം. എന്നാൽ, കളിച്ച 2–ാം സീസണിൽതന്നെ മുംബൈ ഈ നേട്ടത്തിലെത്തി.
ഇന്ത്യൻ മാർക്കറ്റ്
ലോക ഫുട്ബോളിലെ ഉറങ്ങിക്കിടക്കുന്ന ഭീമനാണ് ഇന്ത്യ എന്നു ഫിഫ മുൻ പ്രസിഡന്റ് സെപ് ബ്ലാറ്റർ പറഞ്ഞതു മറ്റു പല കാര്യങ്ങളും മുന്നിൽക്കണ്ടാകാം. പക്ഷേ, സിറ്റി ഗ്രൂപ്പ് അതിൽ കണ്ടത് ഇന്ത്യ എന്ന ‘ഫുട്ബോൾ മാർക്കറ്റ്’ ആണ്. ഏഷ്യൻ ഫുട്ബോളിൽപോലും മുൻനിരയിലില്ലെങ്കിലും 130 കോടി ജനങ്ങളുള്ള ഇന്ത്യ ഒരു ‘പൊട്ടൻഷ്യൽ മാർക്കറ്റ്’ ആണെന്നു തിരിച്ചറിഞ്ഞാണു സിറ്റി ഗ്രൂപ്പ് 2019ൽ മുംബൈ സിറ്റിയെ ഏറ്റെടുത്തത്.
ഐഎസ്എൽ മത്സരം കാണാൻ ഗാലറിയിലെത്തുന്ന കാണികളുടെ കണക്കുകളും അവർക്കു പ്രചോദനമായി. ഇത്തവണ കോവിഡ് മൂലം കാണികളെ നഷ്ടമായെങ്കിലും കിരീടം കിട്ടി.
ഏഷ്യൻ ലക്ഷ്യം
ഏഷ്യയിലെ ഒന്നാംനിര ക്ലബ് ചാംപ്യൻഷിപ്പായ ഏഷ്യൻ ചാംപ്യൻസ് ലീഗിലേക്കാണ് ഇനി മുംബൈ സിറ്റി എഫ്സിയുടെ നോട്ടം. കിരീടപ്രതീക്ഷയൊന്നുമില്ലെങ്കിലും ഇത്ര ശക്തമായ ടീമുമായി ഒരു ഇന്ത്യൻ ക്ലബ് വൻകരാ ചാംപ്യൻഷിപ്പിനു പോകുന്നത് ഇതാദ്യമായിട്ടായിരിക്കും.
ലീഗ് വിന്നേഴ്സ് ഷീൽഡ് നേടിയപ്പോൾതന്നെ മുംബൈ 2022 ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിനു യോഗ്യത നേടിയിരുന്നു. ഈ വർഷത്തെ ചാംപ്യൻഷിപ്പിൽ എഫ്സി ഗോവയാണു കളിക്കുന്നത്.
Content Highlight: Indian Super League