ADVERTISEMENT

കോഴിക്കോട് ∙ ഐ ലീഗ് ഫുട്ബോൾ കിരീടത്തിലേക്കു ഫോട്ടോ ഫിനിഷ്. പോയിന്റ് പട്ടികയിലെ ആദ്യ 3 ടീമുകളിൽ മൂന്നിനും ഒരേ സാധ്യത. കേരളത്തിൽനിന്നുള്ള ഗോകുലം കേരള എഫ്സി, മണിപ്പുർ ടീം ട്രാവു എഫ്സി, ഗോവ ചർച്ചി‍ൽ ബ്രദേഴ്സ് എന്നിവരിലാർക്കു വേണമെങ്കിലും ചാംപ്യൻ പട്ടത്തിലേക്കെത്താം. ഗോകുലം ഇനിയുള്ള 2 മത്സരങ്ങൾ ജയിച്ചാലും ട്രാവുവിന്റെയും ചർച്ചിലിന്റെയും മത്സരഫലങ്ങൾ അനുകൂലമായില്ലെങ്കിൽ പിന്നിലാകും. ഇനി ഒരു മത്സരം തോറ്റാലും ഒരുപക്ഷേ ഗോകുലം കിരീടം നേടിയേക്കാം! 

25 വീതം പോയിന്റുമായി ട്രാവു എഫ്സിയും ചർച്ചിലുമാണു പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ. 23 പോയിന്റുമായി ഗോകുലം മൂന്നാമതാണ്. എല്ലാ ടീമുകൾക്കും ഇനി 2 മത്സരങ്ങൾ ബാക്കിയുണ്ട്. ജേതാക്കളെ അറിയാൻ അവസാന മത്സരംവരെ കാത്തിരിക്കണം. ഗോകുലത്തിന്റെ അടുത്ത മത്സരം ഞായറാഴ്ച മുഹമ്മദൻസിനെതിരെ. അവസാന മത്സരം 27നു ട്രാവുവിനെതിരെ. 

ഗോകുലത്തിന്റെ സാധ്യത

അടുത്ത 2 മത്സരങ്ങളും ജയിച്ചാൽ ഗോകുലത്തിനു സുരക്ഷിതമായ നിലയിലെത്താം. ഗോകുലം ആദ്യ മത്സരം തോറ്റാലും 21നു നടക്കുന്ന ട്രാവു – ചർച്ചിൽ പോരാട്ടം സമനിലയിലായാൽ കിരീട പ്രതീക്ഷ തുടരാം. 2–ാം റൗണ്ടിലെ 3 കളികളിലും ഗോകുലം തോൽവിയറിഞ്ഞിട്ടില്ല. ഇതുവരെ നടന്ന 13 കളികളിൽ 9 താരങ്ങൾ ഗോകുലത്തിനായി സ്കോർ ചെയ്തപ്പോൾ എതിരാളികളുടെ വലയിൽ കയറിയത് 25 ഗോളുകളാണ്. ഘാന സ്ട്രൈക്കർമാരായ ഡെന്നിസ് അഗ്യാരെയും ഫിലിപ് അഡ്ജയും ആക്രമണത്തിനു ചുക്കാൻ പിടിക്കുന്നു. മധ്യനിരയിൽ മലയാളിതാരം എമിൽ ബെന്നിയും മികച്ച പ്രകടനം നടത്തുന്നുണ്ട്. എന്നാൽ, ഗോൾ വഴങ്ങുന്നതിൽ പിശുക്കു കാട്ടാത്ത പ്രതിരോധനിര തലവേദനയാണ്.

ചർച്ചിലോ ട്രാവുവോ

21നു നടക്കുന്ന ചർച്ചിൽ– ട്രാവു മത്സരം ലീഗ് ജേതാക്കളെ നിർണയിക്കുന്നതിൽ നിർണായകമാകും. മുഹമ്മദൻസിനെതിരെ ഗോകുലവും ചർച്ചിലിനെതിരെ ട്രാവുവും വിജയിച്ചാൽ 27നു നടക്കുന്ന ഗോകുലം– ട്രാവു മത്സരം കിരീട ജേതാക്കളെ തീരുമാനിക്കും. എന്നാൽ, ചർച്ചിൽ ബ്രദേഴ്സ് ഇനിയുള്ള 2 മത്സരങ്ങൾ വിജയിച്ചാൽ കീരിടം ഗോവയിലേക്കു പോകും.

ലീഗിന്റെ ആദ്യ റൗണ്ടിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ച ടീമാണു ചർച്ചിൽ എന്നാൽ, 2–ാം റൗണ്ടിലെ അവസാന 2 മത്സരങ്ങൾ തോറ്റു. ഗോകുലത്തിന്റെ മുൻകോച്ച് ഫെർണാണ്ടോ വരേലയാണു ചർച്ചിൽ പരിശീലകൻ. തുടർച്ചയായി 2 കളികളിൽ ഹാട്രിക് നേടി ഐ ലീഗിൽ ചരിത്രം സൃഷ്ടിച്ച ഇന്ത്യൻ താരം ബിദ്യാസാഗർ സിങ്ങാണു ട്രാവുവിന്റെ ശക്തി. ലീഗ് ടോപ് സ്കോററും ബിദ്യാസാഗറാണ്.

മറ്റൊരു സ്ട്രൈക്കറായ തജിക്കിസ്ഥാൻ താരം കോമ്രോൺ ടൂർസുനോവ് ദേശീയ ടീമിനൊപ്പം ചേരാൻ തിരികെപ്പോയത് എതിരാളികൾക്ക് ആശ്വാസം പകരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com