അപരാജിതം ചെൽസി; ചെൽസിയും ബയണും ക്വാർട്ടറിൽ
Mail This Article
മ്യൂണിക് ∙ കോച്ച് തോമസ് ടുഹെലിന്റെ കീഴിൽ തകർപ്പൻ ഫോം തുടരുന്ന ചെൽസി സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മഡ്രിഡിനെ മറികടന്നു യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടറിൽ. പ്രീക്വാർട്ടറിലെ 2–ാം പാദത്തിൽ 2–0നു ജയിച്ച ചെൽസി ഇരുപാദങ്ങളിലുമായി 3–0 സ്കോറിലാണു മുന്നേറിയത്. ഇറ്റാലിയൻ ക്ലബ് ലാസിയോയെ ഇരുപാദങ്ങളിലുമായി 6–2നു മറികടന്ന് ജർമൻ ക്ലബ് ബയൺ മ്യൂണിക്കും ക്വാർട്ടറിലെത്തി. 2–ാം പാദത്തിൽ 2–1നാണു ബയണിന്റെ ജയം.
സ്വന്തം മൈതാനമായ സ്റ്റാംഫഡ് ബ്രിജിൽ ഹാക്കിം സിയെച്ച് (34’), പകരക്കാരൻ എമെഴ്‍സൻ പാൽമെയ്‌രി (90+4) എന്നിവരാണു ചെൽസിയുടെ ഗോളുകൾ നേടിയത്. ആദ്യ പാദത്തിൽ ചെൽസി 1–0നു ജയിച്ചിരുന്നു. ജർമൻ താരം കെയ് ഹാവെർട്സും ടിമോ വെർണറുമാണ് ഒപ്പം ടീമിലെത്തിയ സിയെച്ചിന്റെ ഗോളിനു വഴിയൊരുക്കിയത്. യാനിക് കരാസ്കോയെ ചെൽസി ക്യാപ്റ്റൻ സെസാർ അസ്പിലിക്യുയേറ്റ വീഴ്ത്തിയതു റഫറി കാണാതെ പോയതും അത്‌ലറ്റിക്കോയ്ക്കു തിരിച്ചടിയായി.
കഴിഞ്ഞ വർഷത്തെ ജേതാക്കളായ ബയണിന് ആദ്യ പാദത്തിലെ വലിയ ജയം (4–1) 2–ാം പാദം അനായാസമാക്കി. പെനൽറ്റിയിലൂടെ റോബർട്ട് ലെവൻഡോവ്സ്കിയും ചൗപോ മോട്ടിങ്ങുമാണു ബയണിന്റെ ഗോളുകൾ നേടിയത്.