ബയണിന് പിഎസ്ജി; റയലിന് ലിവർപൂൾ
Mail This Article
ന്യോൺ (സ്വിറ്റ്സർലൻഡ്) ∙ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ മത്സരക്രമമായി. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ ഫ്രഞ്ച് ക്ലബ് പിഎസ്ജിയും ജർമൻ ക്ലബ് ബയൺ മ്യൂണിക്കും ക്വാർട്ടറിൽ തന്നെ കണ്ടുമുട്ടും. 2018ലെ ഫൈനലിസ്റ്റുകളായ റയൽ മഡ്രിഡും ലിവർപൂളും തമ്മിലാണ് മറ്റൊരു ക്വാർട്ടർ ഫൈനൽ.
ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനെയും പോർച്ചുഗൽ ക്ലബ് പോർട്ടോ ഇംഗ്ലിഷ് ക്ലബ് ചെൽസിയെയും നേരിടും. ആദ്യപാദ മത്സരങ്ങൾ ഏപ്രിൽ 6,7 ദിവസങ്ങളിലും 2–ാം പാദ മത്സരങ്ങൾ 13,14 തീയതികളിലും നടക്കും. ഏപ്രിൽ 27നും 28നുമാണ് സെമിഫൈനൽ ആദ്യപാദം. 2–ാം പാദം മേയ് 4,5 തീയതികളിൽ. മേയ് 29ന് ഇസ്തംബൂളിലാണ് ഫൈനൽ.
മിലാനെ വീഴ്ത്തി മാഞ്ചസ്റ്റർ
മിലാൻ ∙ ഇറ്റാലിയൻ വമ്പന്മാരായ എസി മിലാനെ മറികടന്ന് ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് യുവേഫ യൂറോപ്പ ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ. മിലാന്റെ മൈതാനമായ സാൻ സിറോയിലെ 2–ാം പാദത്തിൽ 1–0നാണ് യുണൈറ്റഡിന്റെ ജയം( ഇരുപാദങ്ങളിലുമായി 2–1). പകരക്കാരനായി ഇറങ്ങിയ മിഡ്ഫീൽഡർ പോൾ പോഗ്ബയാണ് 48–ാം മിനിറ്റിൽ വിജയഗോൾ നേടിയത്. ഇംഗ്ലിഷ് ക്ലബ് ടോട്ടനത്തെ അട്ടിമറിച്ച് യുക്രെയ്നിൽനിന്നുള്ള ഡൈനമോ സാഗ്രെബും മുന്നേറി. ആദ്യപാദം 0–2നു തോറ്റ സാഗ്രെബ് 2–ാം പാദത്തിൽ 3–0നു ജയിച്ചു. മിസ്‌ലാവ് ഓർസിച്ച് ഹാട്രിക് നേടി. ഇംഗ്ലിഷ് ക്ലബ് ആർസനൽ, ഡച്ച് ക്ലബ് അയാക്സ്, സ്പാനിഷ് ക്ലബുകളായ ഗ്രനഡ, വിയ്യാറയൽ, ഇറ്റാലിയൻ ക്ലബ് എഎസ് റോമ, ചെക്ക് റിപ്പബ്ലിക് ക്ലബ് സ്ലാവിയ പ്രാഗ് എന്നിവരും അവസാന എട്ടിലെത്തി. ആർസനൽ–സ്ലാവിയ പ്രാഗ്, ഗ്രനഡ–മാൻ.യുണൈറ്റഡ്, അയാക്സ്–റോമ, സാഗ്രെബ്–വിയ്യാറയൽ എന്നിങ്ങനെയാണ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ.
Content Highlights: UEFA champions league fixtures