ഗോളി ഗോളടിച്ചു!
Mail This Article
ബാർസിലോന ∙ ഗത്യന്തരമില്ലെങ്കിൽ ഗോൾകീപ്പറും ഗോളടിക്കും! സ്പാനിഷ് ലാ ലിഗ ഫുട്ബോളിലാണ് ആവേശകരമായൊരു ഗോളിനു മൈതാനം സാക്ഷിയായത്. ലീഗിലെ 4–ാം സ്ഥാനക്കാരായ സെവിയ്യയും റയൽ വല്ലദോലിദും തമ്മിലുള്ള കളി തോൽക്കുമെന്നുറപ്പിച്ച ഘട്ടത്തിലാണ് സെവിയ്യ ഗോളി യാസീൻ ബൗണോ ഗോൾമേഖല വിട്ടിറങ്ങി വന്നു ഗോൾ നേടിയത്. ചിലെ വിങ്ങർ ഫാബിയൻ ഓറെല്ലാനയുടെ 44–ാം മിനിറ്റിലെ പെനൽറ്റി ഗോളിൽ വല്ലദോലിദ് മുന്നിലെത്തിയിരുന്നു. രണ്ടാം പകുതിയിൽ പലവട്ടം ശ്രമിച്ചിട്ടും സെവിയ്യയ്ക്കു ഗോൾ തിരിച്ചടിക്കാനായില്ല. ഒടുവിൽ രണ്ടാം പകുതിയുടെ ഇൻജറി ടൈമിൽ (90+4) ലഭിച്ച കോർണർ കിക്ക് ഗോളാക്കാൻ സെവിയ്യയുടെ മൊറോക്കൊക്കാരൻ ഗോളിയും എതിർ ബോക്സിലേക്ക് ഓടിയെത്തുകയായിരുന്നു.
പോസ്റ്റിലിടിച്ച് മൈതാനത്തേക്കു തന്നെ തിരികെ വന്ന പന്ത് സെവിയ്യയുടെ യൂൾസ് കൗണ്ടേ ബോക്സിന്റെ നടുവിൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന ബൗണോയ്ക്കു നൽകി. ഫ്രീയായി നിന്ന ബൗണോയുടെ കിടിലൻ ഷോട്ട് വല്ലദോലിദിന്റെ വലയിൽ. കളി സമനില (1–1). ഇരുപത്തൊമ്പതുകാരൻ ഗോൾകീപ്പറുടെ കരിയറിലെ ആദ്യഗോളാണിത്.
സെൽറ്റ വിഗോയെ 3–1നു തോൽപിച്ച് റയൽ മഡ്രിഡ് പോയിന്റ് പട്ടികയിൽ ബാർസയെ മറികടന്നു 2–ാം സ്ഥാനത്തെത്തി. ഒന്നാമതുള്ള അത്‌ലറ്റിക്കോ മഡ്രിഡുമായി 3 പോയിന്റ് വ്യത്യാസം മാത്രം. ഞായറാഴ്ച മത്സരങ്ങളുള്ള അത്‌ലറ്റിക്കോയും ബാർസയും ജയിച്ചാൽ റയൽ വീണ്ടും മൂന്നാമതാകും. ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസേമയുടെ ഇരട്ട ഗോളുകളാണ് റയലിനു 11–ാം സ്ഥാനക്കാരായ സെൽറ്റ വിഗോയ്ക്കെതിരെ സൂപ്പർ വിജയമൊരുക്കിയത്. 20, 30 മിനിറ്റുകളിൽ ബെൻസേമ ഗോൾ നേടി. ഇൻജറി ടൈമിൽ (90+4) മാർക്കോ അസെൻസിയോ റയലിന്റെ 3–ാം ഗോളും നേടി.
അത്‌ലറ്റിക്ക് ബിൽബാവോയും ഐബറും തമ്മിലുള്ള മത്സരത്തിനിടെ ആകാശത്തു ഡ്രോൺ പ്രത്യക്ഷപ്പെട്ടത് കുറച്ചുസമയം കളി മുടക്കി. കളി 1–1 സമനിലയിൽ പിരിഞ്ഞു. വെസ്ക ഒസാസുനയുമായി 0–0 സമനിലയിലായി.1
Content Highlights: Sevilla Goalkeeper score goal