ഇന്ത്യൻ ഫുട്ബോൾ ടീം ഇന്ന് കളത്തിൽ; ഒമാനെതിരെ ഛേത്രിയില്ലാതെ ‘യങ് ഇന്ത്യ’
Mail This Article
ദുബായ് ∙ 24 – കോവിഡ് ലോക്ഡൗണിനു ശേഷം ഇതാദ്യമായി രാജ്യാന്തര മത്സരത്തിനിറങ്ങുന്ന ഇന്ത്യൻ ഫുട്ബോളിന്റെ ശരാശരി വയസ്സ് ഇത്ര മാത്രം. ക്യാപ്റ്റൻ സുനിൽ ഛേത്രി ഇല്ലാതെ 2 സൗഹൃദ മത്സരങ്ങൾക്കാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ന് ഒമാനെതിരെ. ശനിയാഴ്ച യുഎഇയ്ക്കെതിരെ. ഇന്ത്യൻ സമയം രാത്രി 7.15നാണ് ഇന്നത്തെ കിക്കോഫ്. യൂറോ സ്പോർട്ട് ചാനലിലും ജിയോ ടിവിയിലും തൽസമയം കാണാം. കോവിഡ് ബാധിതനായതിനാലാണു ഛേത്രിക്ക് വിശ്രമം അനുവദിച്ചത്.
ഐഎസ്എലിൽ മിന്നിത്തിളങ്ങിയ താരങ്ങളുമായാണു കോച്ച് ഇഗോർ സ്റ്റിമാച്ച് വിമാനം കയറിയത്. ആകാശ് മിശ്ര, ലിസ്റ്റൻ കൊളാസോ, ബിപിൻ സിങ്, അപുയ എന്നിവർക്കെല്ലാം മികവു തെളിയിക്കാനുള്ള അവസരമാണിത്. മലയാളി താരങ്ങളായ ആഷിഖ് കുരുണിയൻ, മഷ്ഹൂർ ഷെരീഫ് എന്നിവരും ടീമിലുണ്ട്. ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു, ഡിഫൻഡർ സന്ദേശ് ജിങ്കാൻ, മിഡ്ഫീൽഡർ അനിരുദ്ധ് ഥാപ്പ തുടങ്ങിയവരാണു ടീമിലെ സീനിയർ താരങ്ങൾ.
ഫിഫ റാങ്കിങ്ങിൽ 81–ാം സ്ഥാനത്താണ് ഒമാൻ. ഇന്ത്യ 104. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇരുടീമുകളും കണ്ടുമുട്ടിയപ്പോൾ 2 തവണയും ഒമാൻ ജയിച്ചു.
English Summary: India vs Oman friendly football match - Live