ADVERTISEMENT

കൊൽക്കത്ത ∙ 70–ാം മിനിറ്റു വരെ നെഞ്ചിടിപ്പ്; അതിനു ശേഷം ഓരോ സെക്കൻഡിലും ആഹ്ലാദത്തുടിപ്പ്– കേരളത്തിലങ്ങോളമിങ്ങോളം ടിവിയിൽ കളി കണ്ട ആരാധകരെ ആവേശത്തിമിർപ്പിലാക്കിയാണ് കൊൽക്കത്തയിൽ ഗോകുലത്തിന്റെ ഐ ലീഗ് കിരീടവിജയം. മത്സരത്തിന്റെ 69–ാം മിനിറ്റ് വരെ ഒരു ഗോളിനു മുന്നിൽ നിന്ന മണിപ്പുർ ക്ലബ് ട്രാവു എഫ്സി പ്രതീക്ഷിച്ചതേയില്ല ഇത്ര വലിയൊരു തോൽവി. ഒന്നിനു പകരം നാലു ഗോളുകൾ തിരിച്ചു കൊടുത്ത്, ചാംപ്യൻ ടീമിനൊത്ത പെരുമ കാഴ്ചവച്ചാണ് ഗോകുലത്തിന്റെ കിരീടധാരണം. 

കിഷോർ ഭാരതി സ്റ്റേഡിയത്തിൽ കളിയുടെ ആദ്യ നിമിഷങ്ങളിൽ ഗോകുലത്തിന് സന്തോഷിക്കാൻ വകയുണ്ടായിരുന്നില്ല. അപ്പുറം സോൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ കിരീടപ്രതീക്ഷയോടെ കളിക്കുന്ന മറ്റൊരു ക്ലബ്ബായ ചർച്ചിൽ ബ്രദേഴ്സ് പഞ്ചാബ് എഫ്സിക്കെതിരെ 8–ാം മിനിറ്റിൽ തന്നെ ആദ്യ ഗോൾ നേടുകയും ചെയ്തു. ഇതോടെ ട്രാവുവിനും ഗോകുലത്തിനും ഗോൾ നേടിയേ മതിയാകൂ എന്ന സ്ഥിതിയായി. 

24–ാം മിനിറ്റിൽ വിദ്യാസാഗർ സിങ്ങിന്റെ ഗോളിൽ ട്രാവു 1–0നു മുന്നിൽ. 40–ാം മിനിറ്റിൽ ലാൽറോമാവിയെ പിൻവലിച്ച് ഗോകുലം മുഹമ്മദ് റാഷിദിനെ ഇറക്കി. എന്നാൽ ആദ്യ പകുതി അവസാനിക്കുമ്പോഴും ഗോകുലത്തിന് ഗോൾ മടക്കാനായില്ല. അതേ സമയം സോൾട്ട്‌ലേക്കിൽ ചർച്ചിൽ പഞ്ചാബിനെതിരെ 3–0ന് ലീഡ് ചെയ്യുകയായിരുന്നു.

Gokulam-Kerala-FC
ഗോകുലം താരങ്ങൾ ഐ ലീഗ് ട്രോഫിയുമായി ആഹ്ലാദത്തിൽ.

രണ്ടാം പകുതിയിൽ വാശിയോടെ പൊരുതിയ ഗോകുലം 70–ാം മിനിറ്റ് മുതൽ കളി തിരിച്ചു. പന്തുമായി ബോക്സിലേക്ക് ഓടിക്കയറിയ ഡെന്നിസ് അഗ്യാരെയെ ട്രാവു താരങ്ങൾ വീഴ്ത്തിയെങ്കിലും പെനൽറ്റി ലഭിച്ചില്ല. പകരം ബോക്സിനു തൊട്ടു മുന്നിൽ വച്ചൊരു ഫ്രീകിക്ക്. അഫ്ഗാൻ താരം ഷെരീഫ് മുഹമ്മദിന് അതു മതിയായിരുന്നു. ഗോൾകീപ്പർക്ക് ഒരവസരവും നൽകാതെ പോസ്റ്റിന്റെ മുകൾ മൂലയിലേക്കൊരു ചിപ്. സ്കോർ 1–1.

74–ാം മിനിറ്റിൽ പന്തുമായി ബോക്സിനുള്ളിലേക്ക് ഓടിക്കയറിയ മലയാളിതാരം എമിൽ ബെന്നി മനോഹരമായൊരു ഫിനിഷിങ്ങിലൂടെ 2–ാം ഗോൾ നേടി ഗോകുലത്തെ മുന്നിലെത്തിച്ചു. 3 മിനിറ്റിനുള്ളിൽ ഗോകുലത്തിന്റെ സൂപ്പർ സ്ട്രൈക്കർ ഡെന്നിസ് അഗ്യാരെയും ലക്ഷ്യം കണ്ടു. സ്കോർ 3–1. 93–ാം മിനിറ്റിൽ വിൻസി ബാരെറ്റോ രണ്ടാം മഞ്ഞക്കാർഡ് കണ്ടു പുറത്തായതോടെ 10 പേരായി ചുരുങ്ങിയെങ്കിലും ഇൻജറി ടൈമിന്റെ അവസാന മിനിറ്റിൽ മലയാളി താരം മുഹമ്മദ് റാഷിദിന്റെ ഗോൾ കൂടി. ഒന്നാന്തരം വിജയത്തോടെ ‘മലബാറിയൻസ്’ ഇന്ത്യൻ ഫുട്ബോളിലെ ചാംപ്യൻ ക്ലബ്! 

എമേർജിങ് താരം – എമിൽ ബെന്നി (ഗോകുലം)

ലീഗിലെ മികച്ച താരം – വിദ്യാസാഗർ സിങ് (‍ട്രാവു)

ലീഗ് ടോപ് സ്കോറർ – വിദ്യാസാഗർ സിങ് (12 ഗോളുകൾ)

ഗോകുലത്തിന്റെ ടോപ് സ്കോറർ –  ഡെന്നിസ് അഗ്യാരെ (11 ഗോളുകൾ)

∙ TOP 3 പോയിന്റ് നില

(ടീം, മത്സരം, വിജയം, തോൽവി, സമനില, അടിച്ച ഗോളുകൾ, വഴങ്ങിയ ഗോളുകൾ, പോയിന്റ് എന്ന ക്രമത്തിൽ)

ഗോകുലം: 15 9 4 2 31 17 29

ചർച്ചിൽ: 15 8 2 5 22 17 29

ട്രാവു: 15 7 3 5 27 19 26

English Summary: Gokulam Kerala FC Vs TRAU FC I-League Match, Live

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com