വിഞ്ചെൻസോ വന്നതു വെറുതെയല്ല; ഗോകുലത്തിന് കിരീടം സമ്മാനിച്ച ഇറ്റലിക്കാരൻ!
Mail This Article
കോഴിക്കോട് ∙ വിഞ്ചെൻസോ ആൽബർട്ടോ അനൈസേ– ചരിത്രനേട്ടത്തിൽ ഗോകുലം കേരള എഫ്സിയോടൊപ്പം ചേർത്തുവയ്ക്കേണ്ട പേര്. ലോകഫുട്ബോളിൽ പ്രതിരോധത്തിന്റെ ആശാന്മാരായ ഇറ്റലിയിൽ നിന്നെത്തിയ ഗോകുലത്തിന്റെ ‘ആശാൻ’ പക്ഷേ, ആക്രമണത്തിന്റെ വ്യക്താവായിരുന്നു.
വിഞ്ചെൻസോ അടിമുടി ഉടച്ചുവാർത്ത കളിശൈലിയാണ് ഗോകുലത്തിന്റെ വിജയക്കുതിപ്പിനു പിന്നിലെന്നു നിസ്സംശയം പറയാം. സീസൺ തുടക്കത്തിലെ തിരിച്ചടികൾ വകവയ്ക്കാതെ ശൈലിയിൽ മാറ്റം വരുത്താതെ മുന്നോട്ടുപോയ വിഞ്ചെൻസോയുടെ തന്ത്രങ്ങൾക്കായിരുന്നു അന്തിമവിജയം.
‘തമാശയ്ക്കല്ല, വിജയിക്കാനാണു ഞാൻ ഇവിടെയെത്തുന്നത്. കിരീടങ്ങളാണു ലക്ഷ്യം. ക്ലബ്ബിനൊപ്പം എന്റെ പേരും ഇന്ത്യയിൽ പ്രശസ്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു’. കഴിഞ്ഞ നവംബറിൽ കോഴിക്കോട്ടെത്തിയ വിഞ്ചെൻസോ മനോരമയോടു പറഞ്ഞതാണിത്. തമാശയല്ല കളിയെന്ന് അദ്ദേഹം കാട്ടിത്തന്നു.
മൈതാനത്തു 11 പേരും ആക്രമിച്ചു കളിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നയം. ടീമിലേക്കു സ്പീഡ് ഗെയിം കുത്തിവയ്ക്കുകയാണ് ആദ്യം ചെയ്തത്. ബോക്സിൽ നിന്ന് ഏറെ മുന്നോട്ടിറക്കി നിർത്തിയ പ്രതിരോധനിര എതിർ ടീമുകളെ അമ്പരിപ്പിച്ചു. എന്നാൽ, ആവശ്യമുള്ളപ്പോൾ താരങ്ങളെ പ്രതിരോധത്തിലൂന്നി കളിപ്പിക്കാനും വിഞ്ചെൻസോ തയാറായി.
നീട്ടിവളർത്തിയ തലമുടിയുമായി മൈതാനത്തിനരികിൽ നിന്നു നിർദേശങ്ങൾ നൽകുന്ന നീളൻ തലമുടിക്കാരൻ കളിക്കാരനാണോ എന്നു പോലും മറ്റു ടീമുകൾ സംശയിച്ചിട്ടുണ്ടാകാം. തങ്ങളേക്കാൾ അധികം പ്രായവ്യത്യാസമില്ലാത്ത മുപ്പത്തിയാറുകാരനായ കോച്ചുമായി താരങ്ങൾക്കു വേഗം ഇണങ്ങാനായി. മലയാളിതാരം എമിൽ ബെന്നി ഉൾപ്പെടെയുള്ളവരെ റിസർവ് ടീമിൽ നിന്നു കണ്ടെത്തി മെയിൻ സ്ക്വാഡിന്റെ ഭാഗമാക്കിയത് വിഞ്ചെൻസോയാണ്. അതു ഗോകുലത്തിന്റെ കുതിപ്പിൽ നിർണായകവുമായി.
English Summary: Gokulam Kerala FC