ADVERTISEMENT

‘‘ദേശീയ ടീമിൽ കളിക്കുക എന്നത് എക്കാലത്തെയും വലിയ സ്വപ്നമായിരുന്നു. മറ്റൊരു രാജ്യത്തുപോയി ആ രാജ്യത്തിന്റെ ടീമിനെതിരെ ആകുമ്പോൾ അതൊരു മറക്കാനാവാത്ത അനുഭവമാണ്. ഗ്രൗണ്ടിൽ ദേശീയ ഗാനം ആലപിക്കുമ്പോഴുള്ള ഫീൽ ഒന്നു വേറെതന്നെ.’’

ഒമാനും യുഎഇക്കും എതിരായ സൗഹൃദ മത്സരങ്ങളിൽ ഇന്ത്യൻ ടീമിൽ അംഗമായി ദുബായിൽ എത്തിയ മലയാളി താരം ആഷിഖ് കുരുണിയൻ ‘മനോരമ’യുമായുള്ള ടെലിഫോൺ സംഭാഷണത്തിൽ...

∙ സ്പെഷൽ മാസ്ക്

മാസ്ക് അണിഞ്ഞാണ് ആഷിഖ് ഇപ്പോൾ കളിക്കുന്നത്. പക്ഷേ, കോവിഡ് പ്രതിരോധിക്കാനുള്ള സാധാരണ മാസ്ക്കല്ലത്. ഫുട്ബോൾ ജീവിതത്തിന്റെ ഭാഗമായ പ്രത്യേക മാസ്ക് ആണ്. പരുക്കിന്റെ പിടിയിൽ നിന്നു മോചിതനാവാൻ ആ മാസ്ക് അത്യാവശ്യമാണെന്നതു വൈദ്യോപദേശം. 6 മാസം ധരിച്ചേ തീരൂ.

‘‘മാസ്ക് ധരിച്ചു കളിക്കുക എന്നതു ബുദ്ധിമുട്ടാണ്. ഐഎസ്എലിനിടെ പരുക്കേറ്റതിന്റെ ബാക്കിയാണത്. സങ്കടപ്പെട്ടിട്ടു കാര്യമില്ല. മുഖത്തെ എല്ലിനു മൂന്നു നാലു പൊട്ടലുണ്ട്. പഴയപോലെ ആവാൻ മാസങ്ങളെടുക്കും. പൊട്ടൽ മാറി ഉറച്ചുവരുന്നതു വരെ സുരക്ഷയ്ക്കാണ് ഈ മാസ്ക് ധരിക്കുന്നത്.’’

∙ ക്രൊയേഷ്യൻ കോച്ച്

ദേശീയ ടീം കോച്ച് ഇഗോർ സ്റ്റിമാച് ഓരോ കളിക്കാരനെയും വ്യക്തിപരമായി മനസ്സിലാക്കി പെരുമാറുന്നയാളാണ്. പരിശീലനത്തിൽ കർക്കശക്കാരൻ. പക്ഷേ, എന്തുകാര്യവും തുറന്നു പറയാം. കോച്ച് എന്നതിലുപരി നല്ലൊരു മനുഷ്യൻ. അതുകൊണ്ടെന്താ, നമ്മൾ രാജ്യത്തിനുവേണ്ടിയെന്നതുപോലെ കോച്ചിനുവേണ്ടിയും കളിക്കും. ലോകകപ്പിൽ 3–ാം സ്ഥാനത്തെത്തിയ ക്രൊയേഷ്യ ടീമിലെ അംഗം. പക്ഷേ, അതിന്റെ ഗമയൊന്നും കാണിക്കാറില്ല. ലോകകപ്പ് കഥകൾ പറയാൻ അദ്ദേഹത്തിനും കേട്ടിരിക്കാൻ ഞങ്ങൾക്കും സമയം കിട്ടിയിട്ടില്ല.

∙ ഛേത്രിയും അനസും

സുനിൽ ഛേത്രിയെ ഞങ്ങൾ ‘മിസ്’ ചെയ്യുന്നുണ്ട്. പക്ഷേ ഫുട്ബോളാണിത്. ആരും കൂടെയുണ്ടാകാം. ഇല്ലാതിരിക്കാം. കോവിഡ് മൂലം വിശ്രമിക്കുന്ന അദ്ദേഹം കൂടെയില്ലാത്തതിൽ വിഷമമുണ്ട്. അനസിക്കയാണ് (അനസ് എടത്തൊടിക) ഇന്ത്യൻ ടീം സ്വപ്നം കാണുന്ന പ്രായത്തിൽ എന്റെ ഹീറോ. അദ്ദേഹവും ഛേത്രിയും അണിഞ്ഞ കുപ്പായം എനിക്കും സ്വന്തമായെന്നതിൽ അഭിമാനിക്കുന്നു.

∙ കൊൽക്കത്ത, കേരളം

എല്ലാ മലയാളികൾക്കും കേരളത്തിലെ ടീമുകൾക്കു വേണ്ടി കളിക്കണമെന്ന് ആഗ്രഹമുണ്ടാവില്ലേ! പക്ഷേ, ഞാൻ കേരളത്തിനായി സന്തോഷ് ട്രോഫി പോലും കളിച്ചിട്ടില്ല. കൊൽക്കത്തയിൽ കളിക്കണം എന്നതും ഒരു ആഗ്രഹമാണ്. പക്ഷേ, തൽക്കാലം രണ്ടിടത്തു കളിക്കുന്നതിനെക്കുറിച്ചും ഞാൻ ചിന്തിക്കുന്നില്ല. കാരണം, ബെംഗളൂരു എഫ്സിയിൽ എനിക്കു 4 വർഷത്തെ കരാറുണ്ട്.

English Summaary: Interview with Ashique Kuruniyan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com