ഗുഡ്ബൈ അഗ്യൂറോ; 10 വർഷം സിറ്റിക്കു കളിച്ച സൂപ്പർതാരം ക്ലബ് വിടുന്നു
Mail This Article
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ സെർജിയോ അഗ്യൂറോ ക്ലബ് വിടുന്നു. നിലവിലെ കരാർ പൂർത്തിയാക്കുന്നതോടെ സീസൺ അവസാനം ടീം വിടുമെന്ന് അഗ്യൂറോ ട്വീറ്റ് ചെയ്തു.
സിറ്റിക്കുവേണ്ടി 10 വർഷം കളിച്ച അർജന്റീന താരം 257 ഗോളുകളുമായി ക്ലബ്ബിന്റെ റെക്കോർഡ് ബുക്കിലുണ്ട്. 2011–12 സീസണിന്റെ അവസാന ദിവസം ക്യുപിആറിനെതിരെ 95–ാം മിനിറ്റിൽ നേടിയ ഗോളിലൂടെ സിറ്റിയെ പ്രീമിയർ ലീഗ് ചാംപ്യൻമാരാക്കിയതാണു മുപ്പത്തിരണ്ടുകാരനായ അഗ്യൂറോയുടെ ക്ലബ് കരിയറിലെ അവിസ്മരണീയ നിമിഷം. 44 വർഷത്തിനു ശേഷമാണ് ആ സീസണിൽ സിറ്റി ഇംഗ്ലിഷ് ഒന്നാം ഡിവിഷൻ കിരീടം ചൂടിയത്.
ഇംഗ്ലിഷ് ഫുട്ബോളിലെയും യൂറോപ്യൻ ഫുട്ബോളിലെയും പ്രബല ടീമുകളിലൊന്നായി കഴിഞ്ഞ പതിറ്റാണ്ടിൽ സിറ്റി വളർന്നപ്പോൾ അതിന്റെ ചാലകശക്തികളിലൊന്ന് അഗ്യൂറോ കൂടിയായിരുന്നു. എന്നാൽ, നിരന്തരമായ പരുക്കു മൂലം കഴിഞ്ഞ കുറച്ചു വർഷങ്ങളായി പലപ്പോഴും അഗ്യൂറോ ടീമിനു പുറത്തായിരുന്നു. ഈ സീസണിൽ എല്ലാ ചാംപ്യൻഷിപ്പുകളിലുമായി 14 മത്സരങ്ങൾ മാത്രമാണു കളിക്കാനായത്.
English Summary: Sergio Aguero To Leave Manchester City At The End Of The Season