ADVERTISEMENT

ബാ‍ർസിലോന ∙ സ്പാനിഷ് ലാ ലിഗ ഫുട്ബോൾ കിരീടപ്രതീക്ഷകളിലേക്കു വീണ്ടും ബാർസിലോന. തിങ്കൾ രാത്രി നടന്ന മത്സരത്തിൽ റയൽ വല്ലദോലിദിനെ 1–0നു ബാർസ തോൽപിച്ചു. ഇതോടെ, പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള അത്‌ലറ്റിക്കോ മഡ്രിഡിന് വെറും ഒരുപോയിന്റ് പിന്നിൽ 2–ാം സ്ഥാനത്തെത്തി ബാർസ. 3–ാം സ്ഥാനക്കാരായ റയൽ മഡ്രിഡിനെക്കാൾ 2 പോയിന്റ് മുന്നിലും.

തുടക്കം മുതൽ പൊരുതിനിന്ന വല്ലദോലിദിനെതിരെ 90–ാം മിനിറ്റിൽ ഉസ്മാൻ ഡെംബലെയാണു ലക്ഷ്യം കണ്ടത്. ആദ്യന്തം ആവേശകരമായ മത്സരത്തിന്റെ 79–ാം മിനിറ്റിൽ ഡെംബലെയെ ഫൗൾ ചെയ്തതിനു വല്ലദോലിദിന്റെ ഓസ്കാർ പ്ലാനോ ചുവപ്പുകാർഡ് കണ്ടു പുറത്തുപോയിരുന്നു. തുടർന്നു 10 പേരുമായി കളിക്കേണ്ടിവന്നതും വല്ലദോലിദിന്റെ പോരാട്ടവീര്യം കുറച്ചു.

കഴിഞ്ഞ ദിവസം അത്‌ലറ്റിക്കോ മഡ്രിഡ് 1–0നു സെവിയ്യയോടു പരാജയപ്പെട്ടതോടെയാണു ലാ ലിഗ കിരീടപ്പോര് വീണ്ടും ആവേശകരമായത്. 2, 3 സ്ഥാനക്കാരായ ബാർസയും റയലും മത്സരങ്ങൾ ജയിക്കുകകൂടി ചെയ്തതോടെ അത്‌ലറ്റിക്കോ മഡ്രിഡിനു സമ്മർദം കൂടി. ലീഗിൽ ഇനി 9 മത്സരങ്ങളാണു ബാക്കി. ഇതോടെ ശനിയാഴ്ച നടക്കുന്ന റയൽ മഡ്രിഡ് – ബാർസിലോന എൽ ക്ലാസിക്കോ പോരാട്ടം നിർണായകമായി. ഈ മത്സരം ജയിക്കുന്ന ടീം താൽക്കാലികമായി ഒന്നാം സ്ഥാനത്തെത്തും. അത്‌ലറ്റിക്കോ – റയൽ ബെറ്റിസ് പോരാട്ടം പിറ്റേന്നാണ്.

ലാ ലിഗ TOP 3

1. അത്‌ലറ്റിക്കോ 29 66*

2. ബാർസിലോന 29 65

3. റയൽ മഡ്രിഡ് 29 63

(*സ്ഥാനം, ടീം, മത്സരം, പോയിന്റ് )

കുടീഞ്ഞോയ്ക്ക് ശസ്ത്രക്രിയ

ഡിസംബറിൽ ഐബറിനെതിരായ മത്സരത്തിനിടെ പരുക്കേറ്റു കളംവിട്ട ബാർസ മിഡ്ഫീൽഡർ ഫിലിപ്പെ കുടീഞ്ഞോയുടെ കാൽമുട്ടിനു ശസ്ത്രക്രിയ നടത്തി. സീസണിൽ ഇനിയുള്ള മത്സരങ്ങളും താരത്തിനു നഷ്ടപ്പെടും.

English Summary: Spanish La liga - Latest Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com