ചാംപ്യൻസ് ലീഗ് ക്വാർട്ടർ ആദ്യ പാദത്തിൽ റയൽ ലിവർപൂളിനെ വീഴ്ത്തി; സിറ്റിക്കും ജയം
Mail This Article
മഡ്രിഡ്∙ യുവേഫ ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ആദ്യ പാദ പോരാട്ടങ്ങളിൽ സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡിനും ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിക്കും തകർപ്പൻ ജയം. ഇംഗ്ലിഷ് കരുത്തൻമാരായ ലിവർപൂളിനെ സ്വന്തം തട്ടകത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് റയൽ തകർത്തത്. മാഞ്ചസ്റ്റർ സിറ്റിയാകട്ടെ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിനെ സ്വന്തം തട്ടകത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കും വീഴ്ത്തി.
ബ്രസീലിയൻ താരം വിനീസ്യൂസ് ജൂനിയറിന്റെ ഇരട്ടഗോളും സ്പാനിഷ് താരം മാർക്കോ അസെൻസിയോയുടെ ഗോളുമാണ് റയലിന് വിജയം സമ്മാനിച്ചത്. മത്സരത്തിന്റെ ഇരുപകുതികളിലുമായാണ് (27, 65) വിനീസ്യൂസ് ഇരട്ടഗോൾ തികച്ചത്. 36–ാം മിനിറ്റിലായിരുന്നു അസെൻസിയോയുടെ ഗോൾ. ലിവർപൂളിന്റെ ആശ്വാസ ഗോൾ 51–ാം മിനിറ്റിൽ മുഹമ്മദ് സലാ നേടി. മത്സരത്തിന്റെ രണ്ടാം പാദം ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിലെ ആളൊഴിഞ്ഞ ഗാലറിക്കു മുന്നിൽ ഈ മാസം 14ന് നടക്കും.
അതേസമയം, മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ കഷ്ടിച്ചാണ് ആതിഥേയർ വിജയവുമായി കടന്നുകൂടിയത്. സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരത്തിൽ, അവസാന മിനിറ്റിൽ യുവതാരം ഫിൽ ഫോഡനാണ് സിറ്റിക്ക് വിജയം സമ്മാനിച്ച ഗോൾ നേടിയത്. 90–ാം മിനിറ്റിലായിരുന്നു ഇത്.
നേരത്തെ, 19–ാം മിനിറ്റിൽ കെവിൻ ഡിബ്രൂയ്‌നെ നേടിയ ഗോളിൽ സിറ്റിയാണ് ആദ്യം ലീഡെടുത്തത്. 84–ാം മിനിറ്റുവരെ കാത്തിരുന്നശേഷം മാർക്കോ റ്യൂസിലൂടെയാണ് ഡോർട്മുണ്ട് സമനില ഗോൾ കണ്ടെത്തിയത്.
English Summary: UEFA Champions League - Live Updates