മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം; ആർസനലിന് സമനില
Mail This Article
ബർലിൻ ∙ യൂറോപ്പ ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനൽ ആദ്യപാദത്തിൽ ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഗംഭീരവിജയം; അതേസമയം, നാട്ടുകാരായ ആർസനൽ അവസാന നിമിഷം സമനില വഴങ്ങി ആരാധകരെ നിരാശരാക്കി. സ്പാനിഷ് ക്ലബ് ഗ്രനാഡയെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് 2–0ന് തോൽപിച്ചത്. ആർസനൽ ചെക്ക് ക്ലബ് സ്ലാവിയ പ്രാഗിനോട് 1–1 സമനില വഴങ്ങി.
മാർക്കസ് റഷ്ഫോഡ് (31), ബ്രൂണോ ഫെർണാണ്ടസ് (90– പെനൽറ്റി) എന്നിവരുടെ ഗോളുകളിൽ യുണൈറ്റഡ് നേടിയ എവേ വിജയം യൂറോപ്പിലെ 2–ാം നിര കിരീടയുദ്ധത്തിന്റെ സെമിഫൈനൽ ഏറെക്കുറെ ഉറപ്പിക്കുന്നതാണ്.
എന്നാൽ ഹോം മത്സരത്തിൽ അശ്രദ്ധമൂലം വഴങ്ങേണ്ടി വന്ന സമനില ആർസനലിനു തിരിച്ചടിയായി. നിക്കോളാസ് പെപ്പിന്റെ 86–ാം മിനിറ്റിലെ ഗോളിൽ ആർസനൽ മുന്നിലെത്തിയതാണ്. എന്നാൽ, ഇൻജറി ടൈമിൽ (90+3) ടോം ഹോളിന്റെ ഗോൾ തടുക്കാൻ പീരങ്കിപ്പടയ്ക്കു സാധിച്ചില്ല.
മറ്റു മത്സരങ്ങളിൽ, ഒരു ഗോളിനു പിന്നിൽനിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ച് ഇറ്റാലിയൻ ക്ലബ് എഎസ് റോമ ഡച്ച് ക്ലബ് അയാക്സ് ആംസ്റ്റർഡാമിനെ തോൽപിച്ചു. സ്പാനിഷ് ക്ലബ് വിയ്യാറയൽ 1–0ന് യുക്രെയ്ൻ ക്ലബ് ഡൈനമോ സഗ്രേബിനെയും കീഴടക്കി.
English Summary: Manchester United wins