സിറ്റിയുടെ ലീഡ് കുറച്ച് ലീഡ്സ്
Mail This Article
മാഞ്ചസ്റ്റർ ∙ എത്തിഹാദ് സ്റ്റേഡിയത്തിൽ അപ്രതീക്ഷിതമായൊരു അട്ടിമറി. 10 പേരുമായി കളിച്ച ലീഡ്സ് യുണൈറ്റഡ് ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോൾ കിരീടത്തിലേക്കു കുതിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി. സ്കോർ: മാൻ. സിറ്റി –1, ലീഡ്സ് –2.
ലീഗിലെ കിരീടക്കുതിപ്പിനു വേഗം കുറച്ച ഈ തോൽവി സിറ്റിയുടെ പ്രതിരോധപ്പിഴവുകളുടെ അടയാളമായി. 42–ാം മിനിറ്റിൽ ഫുൾബായ്ക്ക് സ്റ്റുവർട്ട് ഡാലസിന്റെ ഗോളിൽ, മാഴ്സെലോ ബിയേൽസ പരിശീലകനായ ലീഡ്സ് മുന്നിലെത്തി. ആദ്യപകുതിയുടെ ഇൻജറി ടൈമിൽ, ഗബ്രിയേൽ ജിസ്യൂസിനെ ഫൗൾ ചെയ്തതിന് ലീഡ്സ് ക്യാപ്റ്റൻ ലിയാം കൂപ്പർ ചുവപ്പുകാർഡ് കണ്ട് പുറത്ത്. വിഎആർ പരിശോധനയ്ക്കു ശേഷമായിരുന്നു റഫറി മാർച്ചിങ് ഓർഡർ നൽകിയത്. 10 പേരിലേക്കു ചുരുങ്ങിയിട്ടും ആവേശം കൈവിടാതിരുന്ന ലീഡ്സിനെതിരെ 71–ാ മിനിറ്റിൽ ഫെറാൻ ടോറസ് സിറ്റിയുടെ മറുപടി ഗോൾ നേടി. സ്കോർ 1–1.
സമനിലയിലേക്കു നീങ്ങുകയാണെന്നു വിചാരിച്ചിരിക്കെയാണ് ഡാലസിന്റെ രണ്ടാം ഗോൾ സകലരെയും ഞെട്ടിച്ചത്. ഇൻജറി ടൈമിൽ (90+1) ഡാലസ് നേടിയ ഗോളിൽ, കഴിഞ്ഞ 6 മത്സരമായി തോൽവിയറിയാതെ വന്ന സിറ്റിയുടെ വിജയക്കുതിപ്പ് നിലച്ചു.