ഐഎസ്എലിലെ പുത്തൻ ‘കോടിപതി’ ലിസ്റ്റണിന്റെ മുൻഗാമി മലയാളിയാണ്!
Mail This Article
തൃശൂർ ∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിലെ (ഐഎസ്എൽ) റെക്കോർഡ് ട്രാൻസ്ഫർ തുക ലിസ്റ്റൺ കൊളാസോ എന്ന ഗോവൻ താരത്തിന്റെ പേരിൽ കുറിക്കപ്പെടുമ്പോൾ ഇന്ത്യൻ ഫുട്ബോളിലെ ആദ്യ കോടിപതിയായ മലയാളി ഇങ്ങ് കാസർകോട്ടെ തൃക്കരിപ്പൂരിലുണ്ട് – മുഹമ്മദ് റാഫി എന്ന സ്ട്രൈക്കർ. ഹൈദരാബാദ് എഫ്സിയിൽനിന്ന് കഴിഞ്ഞദിവസം കൊൽക്കത്ത എടികെ മോഹൻ ബഗാൻ ലിസ്റ്റണെ വാങ്ങിയത് ഒരു കോടി രൂപയ്ക്കു മുകളിലാണെന്നാണ് പറയപ്പെടുന്നത് (കൃത്യം തുക ഇനിയും വെളിപ്പെടുത്തിയിട്ടില്ല).
11 വർഷം മുൻപ് ഐ ലീഗിലാണ് മുഹമ്മദ് റാഫി ഇന്ത്യൻ ഫുട്ബോളിലെ ക്രോർപതിയായത്. മുംബൈ മഹീന്ദ്രയിൽനിന്ന് ഗോവ ചർച്ചിൽ ബ്രദേഴ്സാണ് റെക്കോർഡ് തുകയ്ക്ക് റാഫിയെ ടീമിലെടുത്തത്. ഒരു കോടിയെന്നാണ് അന്ന് പുറത്തുവന്ന വാർത്തയെങ്കിലും അതിലുമപ്പുറമായിരുന്നു തുകയെന്ന് റാഫി പറയുന്നു. പക്ഷേ ഇപ്പോഴും തുക പരസ്യപ്പെടുത്തുന്നില്ല. ഐ ലീഗിൽ പ്രതിഭ തെളിയിച്ചശേഷം പല ടീമുകൾക്കുവേണ്ടിയും ഐഎസ്എൽ കളിച്ച റാഫി പക്ഷേ ഇക്കഴിഞ്ഞ സീസണിൽ കളത്തിനു പുറത്തായിരുന്നു.
ഒരു സീസണിനായി ഒരു കോടി രൂപയ്ക്കു മുകളിൽ റാഫിക്കായി ചർച്ചിൽ മുടക്കിയെങ്കിലും പരുക്കുമൂലം അത്തവണ കാര്യമായി തിളങ്ങാൻ ഈ ഇന്ത്യൻ താരത്തിനായില്ല. 6 കളികളിൽനിന്ന് 4 ഗോൾ മാത്രമാണ് നേടാനായത്. പരുക്കുമൂലം പിന്നെ ഏറെക്കാലം കളത്തിനു പുറത്തായിരുന്നു. എന്നാൽ ഐഎസ്എലിന്റെ വരവോടെ റാഫിയും കളത്തിൽ മടങ്ങിയെത്തി. ആദ്യ സീസണിൽ അത്ലറ്റിക്കോ കൊൽക്കത്ത താരമായ റാഫി പോയ സീസണിലൊഴിച്ച് എല്ലാ വർഷവും ഏതെങ്കിലും ടീമിന്റെ ഭാഗമായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനായി പല സീസൺ കളിച്ചു. ചെന്നൈയിൻ എഫ്സിയുടെ ജഴ്സിയിലും കളത്തിലിറങ്ങി.
16 വർഷത്തെ കരിയറിനിടയ്ക്ക് കളിച്ച ക്ലബുകൾ ഒൻപത്. നേടിയ ഗോളുകൾ 150നടുത്ത്. ഏറ്റവും കൂടുതൽ തവണ കളിച്ചതും (140) കൂടുതൽ ഗോളുകൾ കണ്ടെത്തിയതും മുംബൈ മഹീന്ദ്രക്കായി(43). ഈ സീസണിൽ കളത്തിലിറങ്ങിയില്ലെങ്കിലും ഫിറ്റ്നസ് കാത്തുസൂക്ഷിക്കാനുള്ള കഠിന ശ്രമത്തിലായിരുന്നു മുൻ കോടിപതി. അടുത്ത സീസണിലേക്കായി പല ടീമുകളുമായും ചർച്ച പുരോഗമിക്കുന്നു.
∙ 90 ലക്ഷത്തിൽ റിനോ
ഐഎസ്എലിന്റെ ആരംഭത്തിൽ ഒരു കോടിക്കടുത്ത് പ്രതിഫലം വാങ്ങിയ മറ്റൊരു മലയാളിയും നമുക്കുണ്ട്, തൃശൂർക്കാരൻ റിനോ ആന്റോ. രണ്ടാം സീസണിൽ അത്ലറ്റിക്കോ കൊൽക്കത്ത റിനോ ആന്റോയെ ടീമിലെത്തിച്ചത് 90 ലക്ഷം രൂപയ്ക്കാണ്. അന്നത്തെ ഐഎസ്എൽ ലേലത്തിൽ (ഡ്രാഫ്റ്റ്) 17.5 ലക്ഷമായിരുന്നു റിനോയുടെ അടിസ്ഥാനവില. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ ഇത് കുതിച്ചുയർന്ന് 90 ലക്ഷത്തിലെത്തുകയായിരുന്നു. പോയ സീസണിൽ ഈസ്റ്റ് ബംഗാളിനായി കരാർ ഒപ്പിട്ടിരുന്നെങ്കിലും ഈ ഇന്ത്യൻ താരത്തിന് കളത്തിലിറങ്ങാനായില്ല. ഐ ലീഗിലും ഐഎസ്എലിലുമായി മോഹൻ ബഗാൻ, ബെംഗളൂരു എഫ്സി, കേരള ബ്ലാസ്റ്റേഴ്സ് ടീമുകൾക്കായി കളിച്ചു.
English Summary: Mohammad Rafi’- Once the highest paid Indian footballer