ADVERTISEMENT

മഡ്ഗാവ് ∙ ഏഷ്യയിലെ ഒന്നാംനിര ക്ലബ് ഫുട്ബോൾ ചാംപ്യൻഷിപ്പായ എഎഫ്സി ചാംപ്യൻസ് ലീഗിലെ അരങ്ങേറ്റം ഉജ്വലമാക്കി എഫ്സി ഗോവ. ഇ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഖത്തർ ക്ലബ് അൽ റയ്യാനെ ഗോവ ഗോളില്ലാ സമനിലയിൽ പിടിച്ചു. മുൻ പിഎസ്ജി പരിശീലകനും ഫ്രഞ്ച് ലോകകപ്പ് ജേതാവുമായ ലോറന്റ് ബ്ലാങ്ക് പരിശീലിപ്പിക്കുന്ന ടീമാണ് അൽ റയ്യാൻ. 12 തവണ എഎഫ്സി ചാംപ്യൻസ് ലീഗ് കളിച്ച പരിചയവും അവർക്കുണ്ട്. നാളെ യുഎഇ ക്ലബ് അൽ വഹ്ദയുമായിട്ടാണു ഗോവയുടെ അടുത്ത മത്സരം.

എഎഫ്സി ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടം കളിക്കുന്ന ആദ്യ ഇന്ത്യൻ ക്ലബ്ബെന്ന ഖ്യാതിയോടെയാണു ഗോവ ഫറ്റോർഡ സ്റ്റേ‍ഡിയത്തിലിറങ്ങിയത്. ആദ്യ പകുതിയിൽ പന്തവകാശത്തിൽ അൽ റയ്യാനൊപ്പംനിന്ന് ഗോവ കരുത്തു കാണിച്ചു. 2–ാം പകുതിയിൽ അൽ റയ്യാൻ ആധിപത്യം പുലർത്തിയെങ്കിലും ലോകകപ്പ് കളിച്ചിട്ടുള്ള അൾജീരിയൻ താരം യാസിൻ ബ്രാഹിമി ഉൾപ്പെടുന്ന അവരുടെ മുന്നേറ്റനിരയുടെ ശ്രമങ്ങളെല്ലാം ഗോവ നിഷ്ഫലമാക്കി. 87–ാം മിനിറ്റിൽ റയ്യാൻ താരം ബോളിയുടെ ഹെഡർ കുത്തിയകറ്റിയതുൾപ്പെടെ ഗോൾകീപ്പർ ധീരജ് സിങ്ങിന്റെ സേവുകളും ഇന്ത്യൻ ക്ലബ്ബിനെ തുണച്ചു.

കഴിഞ്ഞ വർഷത്തെ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിലെ ലീഗ് ജേതാക്കൾ എന്ന നിലയിലാണു ഗോവ എഎഫ്സി ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്കു നേരിട്ടു യോഗ്യത നേടിയത്. ഇ ഗ്രൂപ്പിൽ യുഎഇ ക്ലബ് അൽ വഹ്ദ, ഇറാൻ ക്ലബ് പെർസ്പോളിസ് എന്നിവരാണു സ്പാനിഷുകാരൻ യുവാൻ ഫെറാൻഡോ പരിശീലിപ്പിക്കുന്ന ഗോവയുടെ മറ്റു എതിരാളികൾ.

English Summary: On Asian debut, FC Goa steps into history with a draw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com