ടോട്ടനത്തെ പിന്നിൽനിന്നും തിരിച്ചടിച്ച് വീഴ്ത്തി യുണൈറ്റഡ്; ആർസനലും ജയിച്ചു
Mail This Article
ലണ്ടൻ ∙ തിരിച്ചുവരവിന്റെ രാജാക്കന്മാരായി മാഞ്ചസ്റ്റർ യുണൈറ്റഡ്! ആദ്യം ഒന്നോ രണ്ടോ ഗോൾ വഴങ്ങുക, പിന്നീടു കടംവീട്ടി തിരിച്ചടിക്കുകയെന്ന പുത്തൻ കളി ശൈലിയോടെ കം ബാക്ക് കിങ്സ് എന്ന വിളിപ്പേരു കിട്ടിയ മാഞ്ചസ്റ്റർ യുണൈറ്റഡിനു ഞായറാഴ്ച രാത്രിയും ഉജ്വല വിജയം. ടോട്ടനം ഹോട്സ്‌പറിനെ 3–1നു ചുവന്ന ചെകുത്താന്മാർ കീഴടക്കി.
40–ാം മിനിറ്റിൽ സൺ ഹ്യൂങ് മിന്നിന്റെ ഗോളിൽ ടോട്ടനം ലീഡെടുത്തതാണ്. എന്നാൽ, 2–ാം പകുതിയിൽ ഫ്രെഡ് (57), എഡിൻസൻ കാവാനി (79), മേസൺ ഗ്രീൻവുഡ് (90+6) എന്നിവരുടെ ഗോളുകളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം പൂർണമാക്കി. 31 കളിയിൽ 63 പോയിന്റോടെ യുണൈറ്റഡ് ലീഗ് പോയിന്റ് പട്ടികയിൽ 2–ാം സ്ഥാനമുറപ്പിച്ചു.
32 കളിയിൽ 74 പോയിന്റുമായി കിരീടത്തിലേക്ക് ഒറ്റയ്ക്കു കുതിക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്കു വെല്ലുവിളി ഉയർത്താൻ സാധിക്കില്ലെങ്കിലും ലീഗിലെ ടോപ് 4 നേട്ടം യുണൈറ്റഡും ഉറപ്പിച്ച മട്ടാണ്. തോൽവിയോടെ ടോട്ടനം (31 കളിയിൽ 49 പോയിന്റ്) 7–ാം സ്ഥാനത്തായി.
ആർസനലിനോടു 3–0നു തോൽക്കേണ്ടി വന്നതോടെ ഷെഫീൽഡ് യുണൈറ്റഡ് തരംതാഴ്ത്തൽ ഉറപ്പിച്ചു. 20 ടീമുകളുടെ പട്ടികയിൽ 20–ാം സ്ഥാനത്താണിപ്പോൾ ക്ലബ്. അലക്സാന്ദ്രേ ലകാസറ്റെ (2 ഗോൾ) , ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവരാണ് ആർസനലിന്റെ ഗോളുകൾ നേടിയത്. 31 കളിയിൽ 45 പോയിന്റുമായി 9–ാം സ്ഥാനത്താണ് ആർസനൽ.
Engish Summary: English Premier League - Live Updates