അത്‌ലറ്റിക്കോയ്ക്ക് അടിപതറി; ബാർസയ്ക്കും റയലിനും സന്തോഷം!
Mail This Article
മഡ്രിഡ് ∙ സ്പാനിഷ് ലാ ലിഗ കിരീടപ്പോരാട്ടത്തിൽ അത്‌ലറ്റിക്കോ മഡ്രിഡിനു കാലിടറി. റയൽ ബെറ്റിസുമായി 1–1 സമനില വഴങ്ങിയതോടെ അത്‌ലറ്റിക്കോയ്ക്ക് ഒന്നാം സ്ഥാനത്തു ലീഡ് കുറഞ്ഞു. കഴിഞ്ഞ ദിവസം ബാർസിലോനയെ കീഴടക്കി ലീഗിൽ ഒന്നാം സ്ഥാനത്തെത്തിയ റയൽ മഡ്രിഡിനെ പിന്തള്ളി വീണ്ടും അത്‌ലറ്റിക്കോ മുന്നിലെത്തിയെങ്കിലും ലീഡ് ഒരുപോയിന്റ് മാത്രം. ഇതോടെ, സ്പാനിഷ് ലീഗ് കിരീടപ്പോരാട്ടം ഇത്തവണ ആവേശകരമായി.
കളി സമനിലയായതിനെക്കാൾ പ്രമുഖ താരങ്ങൾക്കു പരുക്കേറ്റതാണ് അത്‌ലറ്റിക്കോ കോച്ച് ഡിയേഗോ സിമിയോണിയെ കൂടുതൽ വേദനിപ്പിക്കുന്നത്. 5–ാം മിനിറ്റിൽ യാനിക് കരാസ്കോയുടെ ഗോളിൽ മുന്നിലെത്തി അത്‌ലറ്റിക്കോ തുടക്കം ഗംഭീരമാക്കിയതാണ്. എന്നാൽ, 20–ാം മിനിറ്റിൽ ക്രിസ്റ്റ്യൻ ടെല്ലോയുടെ വോളിയിലൂടെ ബെറ്റിസ് ഗോൾ മടക്കി.
അത്‌ലറ്റിക്കോയുടെ സൂപ്പർ താരങ്ങളായ ജോവ ഫെലിക്സ്, റൈറ്റ് ബാക്ക് കീറൻ ട്രിപ്പിയർ എന്നിവർക്കു പരുക്കേറ്റതു പിന്നാലെയാണ്. ഇതോടെ ലൂയി സ്വാരെസ്, തോമസ് ലെമാർ, മൂസ ഡെംബലെ എന്നിവർ ഉൾപ്പെടുന്ന ഇൻജറി നിരയിലേക്കു 2 പേർ കൂടി. ലീഗിലെ ശേഷിക്കുന്ന മത്സരങ്ങളിൽ വിജയമാവർത്തിച്ചു കിരീടം നേടാൻ പ്രമുഖ താരങ്ങളില്ലാത്തത് അത്‌ലറ്റിക്കോയ്ക്കു വൻ തിരിച്ചടിയാണ്.
30 കളിയിൽ 67 പോയിന്റോടെയാണ് അത്‌ലറ്റിക്കോ ഇപ്പോൾ ഒന്നാമതു നിൽക്കുന്നത്. 2–ാം സ്ഥാനക്കാരായ റയലിനു 30 കളിയിൽ 66; ബാർസയ്ക്കു 30 കളിയിൽ 65. ഇനിയുള്ള ഓരോ മത്സരവും ഈ 3 ടീമുകൾക്കും നിർണായകമാണ്.
Engish Summary: Spanish La Liga - Updates