ADVERTISEMENT

ലണ്ടൻ∙ ആൻഫീൽഡിൽ യൂർഗൻ ക്ലോപ്പിന്റെ ചെമ്പടയെ നിശബ്ദരാക്കി സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡും ബൊറൂസിയ ഡോർട്മുണ്ടിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റിയും യുവേഫ ചാംപ്യൻസ് ലീഗ് സെമിഫൈനലിൽ. രണ്ടാം പാദ ക്വാർട്ടറിൽ ഗോളുകളൊന്നും പിറന്നില്ലെങ്കിലും ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ നേടിയ 3–1 വിജയത്തിന്റെ കരുത്തിലാണ് റയലിന്റെ സെമിപ്രവേശം. രണ്ടാം പാദത്തിലും ഡോർട്മുണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്താണ് സിറ്റി സെമിയിലെത്തിയത്. റയലിന് ചെൽസിയും സിറ്റിക്ക് പിഎസ്ജിയുമാണ് സെമിയിൽ എതിരാളികൾ.

ഒന്നാം പകുതിയിൽ ലിവർപൂൾ നഷ്ടമാക്കിയ ഉറച്ച ഗോളവസരങ്ങളാണ് അനായാസം സെമിയിലേക്ക് മുന്നേറാൻ റയലിന് തുണയായത്. മുഹമ്മദ് സലാ, ജയിംസ് മിൽനർ, ജോർജിനോ വിനാൽഡം തുടങ്ങിയവരാണ് ലിവർപൂളിന് ലഭിച്ച അവസരങ്ങൾ പാഴാക്കിയത്. രണ്ടാം പകുതിയിൽ കൂടുതൽ ഉറപ്പോടെ പ്രതിരോധിച്ചുനിന്ന റയൽ, ആദ്യ പാദത്തിലെ വിജയത്തിന്റെ ബലത്തിൽ സെമിയിലേക്ക് മാർച്ച് ചെയ്തു. 2016 മാർച്ചിനുശേഷം ചാംപ്യൻസ് ലീഗിൽ റയൽ ഗോൾരഹിത സമനില വഴങ്ങുന്നത് ഇതാദ്യമാണ്.

റയലിനെതിരെ ചാംപ്യൻസ് ലീഗിൽ ലിവർപൂളിന് ജയിക്കാനാകാതെ പോയ തുടർച്ചയായ അഞ്ചാം മത്സരമാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. ഇതിൽ നാലെണ്ണം റയൽ ജയിച്ചപ്പോൾ ഈ മത്സരം സമനിലയിൽ അവസാനിച്ചു. ചാംപ്യൻസ് ലീഗും അതിന്റെ ആദിമ രൂപമായ യൂറോപ്യൻ കപ്പും ചേർത്ത് ഇത് 30–ാം തവണയാണ് റയൽ സെമിയിലെത്തുന്നത്. മറ്റേതൊരു ടീമിനേക്കാൾ കുറഞ്ഞത് 10 എണ്ണം കൂടുതലാണിത്.

മറ്റൊരു ക്വാർട്ടർ പോരാട്ടത്തിൽ ബൊറൂസിയ ഡോർട്മുണ്ടിന്റെ തട്ടകത്തിൽ പിന്നിൽനിന്ന് തിരിച്ചടിച്ചാണ് മാഞ്ചസ്റ്റർ സിറ്റി ജയിച്ചു കയറിയത്. 15–ാം മിനിറ്റിൽ പതിനേഴുകാരൻ ബെല്ലിങ്ഹാം നേടിയ ഗോളിൽ ഡോർട്മുണ്ടാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ, 55–ാം മിനിറ്റിൽ റിയാദ് മെഹ്റെസ് പെനൽറ്റി ഗോളിലൂടെ സിറ്റിയെ ഒപ്പമെത്തിച്ചു. 75–ാം മിനിറ്റിൽ ഫിൽ ഫോഡനാണ് സിറ്റിയുടെ വിജയഗോൾ നേടിയത്. ഇതോടെ ഇരുപാദങ്ങളിലുമായി 4–2ന്റെ ലീഡ് നേടിയാണ് സിറ്റി സെമിയിൽ കടന്നത്.

ഇപ്പോഴത്തെ പരിശീലകൻ പെപ് ഗ്വാർഡിയോളയ്ക്കു കീഴിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ സെമിഫൈനലാണിത്. മുൻപ് ബാർസിലോന പരിശീലകനായിരിക്കെ രണ്ടു തവണ ചാംപ്യൻസ് ലീഗ് കിരീടം നേടിയ വ്യക്തിയാണ് ഗ്വാർഡിയോള. ഇതിനു മുൻപ് സിറ്റി ചാംപ്യൻസ് ലീഗ് സെമിയിലെത്തിയത് 2015–16 സീസണിൽ മാനുവൽ പെല്ലഗ്രിനിയുടെ കീഴിലാണ്. അന്ന് സെമിയിൽ റയൽ മഡ്രിഡാണ് സിറ്റിയെ പുറത്താക്കിയത്. തോൽവിയോടെ അടുത്ത സീസണിൽ ചാംപ്യൻസ് ലീഗിൽ കളിക്കാനുള്ള ഡോർട്മുണ്ടിന്റെ ശ്രമങ്ങൾക്കും തിരിച്ചടി നേരിട്ടു. ബുന്ദസ് ലിഗയിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ് അവർ. നാലാമതുള്ള ടീമിനേക്കാൾ ഏഴു പോയിന്റ് പിന്നിൽ.

English Summary: Champions League semi-finals: PSG vs Manchester City, Real Madrid vs Chelsea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com