യൂറോപ്പ ലീഗ് ഫുട്ബോൾ: ആർസനൽ, യുണൈറ്റഡ് സെമിയിൽ
Mail This Article
ലണ്ടൻ ∙ യൂറോപ്പ ലീഗ് ഫുട്ബോളിൽ ഇംഗ്ലിഷ് ഫൈനലിനു കളമൊരുങ്ങുന്നു. സ്ലാവിയ പ്രാഗിനെ തകർത്ത് ആർസനലും ഗ്രനഡയെ മറികടന്നു മാഞ്ചസ്റ്റർ യുണൈറ്റഡും സെമിഫൈനലിലെത്തി. ആർസനലിനു വിയ്യാറയലും യുണൈറ്റഡിന് എഎസ് റോമയുമാണ് എതിരാളികൾ. അയാക്സിനെ മറികടന്നാണു റോമ അവസാന നാലിലെത്തിയത്. വിയ്യാറയൽ ഡൈനമോ സാഗ്രെബിനെ മറികടന്നു. 29നാണു സെമി ആദ്യപാദം. മേയ് 6നു 2–ാം പാദം.
പ്രാഗിലെ എവേ മൈതാനത്തു 2–ാം പാദം 4–0നു ജയിച്ചാണ് ആർസനലിന്റെ മുന്നേറ്റം. അലക്സാന്ദ്രെ ലകാസെറ്റ് ഇരട്ടഗോൾ നേടി. നിക്കോളാസ് പെപെ, ബുകായോ സാക എന്നിവരും ലക്ഷ്യം കണ്ടു. ആദ്യ പകുതിയിലെ 6 മിനിറ്റുകൾക്കിടയിലായിരുന്നു ആദ്യ 3 ഗോളുകൾ.
ഇരുപാദങ്ങളിലുമായി ഗണ്ണേഴ്സിന്റെ ജയം 5–1ന്. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന ആദ്യപാദം 1–1 സമനിലയായിരുന്നു. ഡൈനമോ സാഗ്രെബിനെ ഇരുപാദങ്ങളിലുമായി 3–1നു മറികടന്നാണു വിയ്യാറയൽ സെമിയിൽ ആർസനലിന്റെ എതിരാളികളായെത്തുന്നത്. മുൻ ആർസനൽ പരിശീലകൻ ഉനായ് എമെറിയാണു സ്പാനിഷ് ക്ലബ്ബിനെ പരിശീലിപ്പിക്കുന്നത്. തുടരെ 2–ാം സീസണിലാണ് ആർസനൽ സെമിയിലെത്തുന്നത്.
സ്പാനിഷ് ക്ലബ് ഗ്രനഡയെ 2–ാം പാദത്തിലും 2–0നാണു യുണൈറ്റഡ് മറികടന്നത്. എഡിൻസൺ കവാനി 6–ാം മിനിറ്റിൽ യുണൈറ്റഡിനെ മുന്നിലെത്തിച്ചു. 90–ാം മിനിറ്റിൽ ഗ്രനഡ താരം ജീസസ് വല്ലെയോ സെൽഫ് ഗോളും സമ്മാനിച്ചു. അയാക്സ് ആംസ്റ്റർഡാമിനെ 2–ാം പാദത്തിൽ 1–1 സമനിലയിൽ പിടിച്ചാണു റോമ സെമിയിലെത്തിയത്. ആദ്യപാദത്തിലെ 2–1 ജയം റോമയ്ക്കു തുണയായി.
English Summary: Europa League Football