ADVERTISEMENT

ന്യൂയോർക്ക് ∙ പുൽമൈതാനത്തെ നീലാകാശത്തുണ്ടു പോലെയുള്ള ഡിയേഗോ മറഡോണയ്ക്കു മുന്നിൽ ചുവപ്പു കൊടികൾ പോലെ 6 ബൽജിയം താരങ്ങൾ വഴി മുടക്കി നിന്ന ആ ചിത്രം ഓർമയില്ലേ? മറഡോണയുടെ കരിയറിലെയും ലോകകപ്പ് ചരിത്രത്തിലെയും തന്നെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളിലൊന്നിലൂടെ അനശ്വരമായ ആ മറഡോണ ജഴ്സി ലേലത്തിനെത്തുന്നു.

1982 ലോകകപ്പിൽ അർജന്റീനയുടെ ആദ്യ മത്സരത്തിൽ ബൽജിയത്തിനെതിരെ മറഡോണ ധരിച്ചിരുന്ന ജഴ്സിയാണു മോഹവിലയ്ക്കു സ്വന്തമാക്കാൻ അവസരമൊരുങ്ങുന്നത്. 

ഒരു അർജന്റീനിയൻ മാധ്യമപ്രവർത്തകനാണ് ഇതുവരെ ജഴ്സി കൈവശം വച്ചിരുന്നത്. മറഡോണയുടെ ഒപ്പോടു കൂടിയ ജഴ്സി 2 ലക്ഷം ഡോളറിനടുത്ത് (ഏകദേശം 1.49 കോടി രൂപ) തുക നേടുമെന്നാണു കരുതപ്പെടുന്നത്. മത്സരത്തിൽ മറഡോണ ഗോളടിച്ചില്ലെങ്കിലും അർജന്റീന 1–0നു ജയിച്ചു. സ്പാനിഷ് ക്ലബ് എഫ്സി ബാർസിലോനയുടെ മൈതാനമായ നൂകാംപിലായിരുന്നു മത്സരം. 

ലോകകപ്പിനു തൊട്ടു മുൻപാണു ലോക റെക്കോർഡ് ട്രാൻസ്ഫർ തുകയ്ക്കു മറഡോണ അർജന്റീന ക്ലബ് ബൊക്ക ജൂനിയേഴ്സിൽ നിന്ന് ബാർസയിലെത്തിയത്. 1982 ലോകകപ്പിൽ അർജന്റീന 2–ാം റൗണ്ടിൽ തന്നെ പുറത്തായെങ്കിലും അടുത്ത ലോകകപ്പിൽ മറഡോണയുടെ ക്യാപ്റ്റൻസിയിൽ അർജന്റീന ലോകകപ്പ് നേടി. സെമിഫൈനലിൽ ബൽജിയത്തിനെതിരെ മറഡോണ ഇരട്ടഗോൾ നേടിയ കളിയിൽ അർജന്റീന 2–0നു ജയിച്ചിരുന്നു. കഴിഞ്ഞ വർഷം തന്റെ 60–ാം വയസ്സിൽ മറഡോണ അന്തരിച്ചത്. അതിനുശേഷം അദ്ദേഹവുമായി ബന്ധപ്പെട്ട സ്മരണികകൾക്ക് ലേലവിപണിയിൽ ആവശ്യം വർധിച്ചിരുന്നു. 

ആ ചിത്രത്തിന്റെ കഥയതല്ല! 

മറഡോണയെ കൂട്ടത്തോടെ ബൽജിയം താരങ്ങൾ മാർക്ക് ചെയ്യുന്നു എന്ന വിശേഷണത്തോടെയാണ് 1982 ലോകകപ്പിലെ ആ ചിത്രം പ്രശസ്തമായത്. മറഡോണയുടെ പ്രതിഭയുടെ തെളിവായി ആ ചിത്രം പ്രചരിക്കുകയും ചെയ്തു. എന്നാൽ, ചിത്രത്തിനു പിന്നിലെ കഥ ഫൊട്ടോഗ്രഫറായിരുന്ന സ്റ്റീവ് പവൽ പിന്നീടു വെളിപ്പെടുത്തിയിരുന്നു.

മറഡോണയെ ബൽജിയം താരങ്ങൾ കൂട്ടത്തോടെ മാർക്ക് ചെയ്ത സന്ദർഭമായിരുന്നില്ല അത്. അർജന്റീനയ്ക്കു കിട്ടിയ ഒരു ഫ്രീകിക്ക് സഹതാരം മറഡോണയ്ക്കു തട്ടി നൽകിയപ്പോൾ പ്രതിരോധ മതിൽ തീർത്തു നിൽക്കുകയായിരുന്ന ബൽജിയം താരങ്ങൾ ഓടിയെത്തുകയായിരുന്നുവത്രെ. അവരുടെ തലയ്ക്കു മുകളിലൂടെ പന്ത് ക്രോസ് ചെയ്യാനുള്ള മറഡോണയുടെ ശ്രമം വിഫലമാവുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com