ADVERTISEMENT

മഡ്രിഡ് ∙ അത്‌ലറ്റിക് ബിൽബാവോയെ 4–0നു കീഴടക്കി ബാർസിലോന സ്പാനിഷ് കോപ്പ ഡെൽ റേ ഫുട്ബോൾ ചാംപ്യൻമാർ. സ്പെയിനിലെ ഏറ്റവും പഴക്കം ചെന്ന ആഭ്യന്തര ടൂർണമെന്റിൽ 31–ാം തവണയാണു ബാർസ ജേതാക്കളാവുന്നത്. ഇക്കാര്യത്തിൽ റെക്കോർഡ് നേരത്തേ തന്നെ പേരിലുള്ള ബാർസ അതൊന്നു പുതുക്കിയെന്നു മാത്രം. മെസ്സി 2 ഗോളും അന്റോയ്ൻ ഗ്രീസ്മാൻ, ഫ്രെങ്കി ഡി യോങ് എന്നിവർ ഓരോ ഗോളും നേടി കണക്കുതീർത്ത കളി ബാ‍ർസിലോനയ്ക്കു സമ്മാനിക്കുന്നത് ആരാധകർ ആഗ്രഹിച്ചൊരു ഉയിർത്തെഴുന്നേൽപാണ്. 2019ലെ ലാ ലിഗ വിജയത്തിനു ശേഷം കിരീടമൊന്നുമില്ലാതെ നിരാശയുടെ പടുകുഴിയിൽ വീണുപോയ കാറ്റലൻ ക്ലബ്ബിനു ക്യാപ്റ്റൻ മെസ്സിയും സംഘവും നൽകിയൊരു ഉണർത്തുപാട്ട്.

ബാർസിലോനയുടെ കിരീടധാരണം ടീമിനു നൽകുന്ന പ്രതീക്ഷകളിൽ മറ്റൊന്നു കൂടിയുണ്ട്. സീസണിന് ഒടുവിൽ ബാർസയുമായുള്ള കരാർ കാലാവധി അവസാനിക്കുന്ന സൂപ്പർ താരം ലയണൽ മെസ്സി അവരെ വിട്ടുപോകില്ലെന്ന പ്രതീക്ഷയാണത്. ബാർസിലോനയുടെ പുതിയ പ്രസിഡന്റ് ജോൻ ലാപോർട്ടയും ആ ആഗ്രഹം പങ്കുവച്ചു കഴിഞ്ഞു. കിരീടമുയർത്തി ബാർസ ടീമംഗങ്ങൾക്കൊപ്പം ആഹ്ലാദനൃത്തം ചവിട്ടിയ മെസ്സി ഇതേക്കുറിച്ചൊന്നും പ്രതികരിച്ചിട്ടില്ലെങ്കിലും. ബാർസയ്ക്കൊപ്പം മെസ്സിയുടെ 35–ാം കിരീടമാണിത്.

കളി ഒരു മണിക്കൂർ തികഞ്ഞ നേരത്ത് ഡി യോങ്ങിന്റെ ക്രോസിൽനിന്ന് ഗ്രീസ്മാനാണ് ബാർസയുടെ അക്കൗണ്ട് തുറന്നത്. വെറും 3 മിനിറ്റിന്റെ അകലത്തിൽ ഡി യോങ്ങും ഗോൾ നേടി. അത്‌ലറ്റിക് താരങ്ങളുടെ കടുപ്പമേറിയ ടാക്ലിങ്ങുകൾക്ക് ഇരയായ മെസ്സി അവയ്ക്കെല്ലാമുള്ള മധുരപ്രതികാരം പോലെയാണു പിന്നീടുവന്ന 2 ഗോളുകളും നേടിയത്. 68, 72 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ സുന്ദരമായ ഗോളുകൾ. ആദ്യഗോളിനു ഡി യോങ്ങും രണ്ടാം ഗോളിനു ജോർഡി ആൽബയും വഴിയൊരുക്കി.

കോവിഡ് മൂലം നീട്ടിവച്ച 2020ലെ കോപ്പ ഡെൽ റേയിൽ അത്‌ലറ്റിക് ബിൽബാവോയെ തോൽപിച്ച് റയൽ സോസിദാദ് ജേതാക്കളായത് 2 ആഴ്ച മുൻപായിരുന്നു. സോസിദാദിന്റെ കിരീടാവകാശത്തിനു വെറും 14 ദിവസത്തെ ആയുസ് മാത്രം! ഒപ്പം, 2 ആഴ്ചയ്ക്കിടെ 2 ഫൈനലുകൾ തോൽക്കുകയെന്ന ദുർവിധിയുമായി അത്‌ലറ്റിക് ബിൽബാവോയും.

∙ 2009

അത്‌ലറ്റിക് ബിൽബാവോ 2009നു ശേഷം 4 കോപ്പ ഡെൽ റേ ഫൈനലുകളിലാണ് ബാർസിലോനയോടു തോൽക്കുന്നത്. ഈ 4 ഫൈനലുകളിലും മെസ്സി ഗോൾ നേടിയെന്നതും സമാനതയാണ്.

∙ ലിയോ (മെസ്സി) ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്. അദ്ദേഹത്തിനു ബാ‍ർസിലോന ക്ലബ്ബുമായി ആഴത്തിലുള്ള ബന്ധമാണുള്ളത്. അത് എളുപ്പം മുറിച്ചുമാറ്റാൻ കഴിയില്ല. അദ്ദേഹം ബാർസയിൽ തുടരാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യാൻ തയാറാണ്. ഇക്കാര്യം അദ്ദേഹത്തെയും ബോധ്യപ്പെടുത്തിക്കഴിഞ്ഞു. – ജോൻ ലാപോർട്ട (ബാർസിലോന പ്രസിഡന്റ്)

English Summary: Barcelona thrash Athletic Bilbao and win the Copa del Rey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com