ADVERTISEMENT

ലണ്ടൻ ∙ സീസണിൽ 4 കിരീടങ്ങളെന്ന മാഞ്ചസ്റ്റർ സിറ്റിയുടെ സ്വപ്നങ്ങൾ ചാമ്പലാക്കി ചെൽസി. സിറ്റിയെ 1–0ന് തോൽപിച്ച് ചെൽസി എഫ്എ കപ്പ് ഫുട്ബോൾ ഫൈനലിൽ. ഹക്കിം സിയെച്ചാണു വിജയഗോൾ നേടിയത്. സെമിയിലെ തോൽവിയെക്കാൾ സിറ്റിയെ വേദനിപ്പിക്കുന്നതു പ്ലേമേക്കർ കെവിൻ ഡി ബ്രുയ്നെയുടെ പരുക്കാണ്. കാൽക്കുഴയ്ക്കു പരുക്കേറ്റു പുറത്തുപോയ ബൽജിയം താരത്തിന് എത്രകാലം വിശ്രമം വേണ്ടിവരുമെന്നു തീർച്ചയായിട്ടില്ല. ലീഗ് കപ്പ് ഫൈനലിൽ അടുത്ത ഞായറാഴ്ച ടോട്ടനത്തെ നേരിടേണ്ട സിറ്റിക്ക് ഡി ബ്രുയ്നെയുടെ പരുക്ക് വലിയ തലവേദനയാണെന്നു കോച്ച് പെപ് ഗ്വാർഡിയോള സമ്മതിച്ചു കഴിഞ്ഞു.

ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ 11 പോയിന്റ് ലീഡുള്ള സിറ്റിക്ക് അവിടെ ആശങ്കയില്ല. എന്നാൽ, സിറ്റി മാനേജ്മെന്റ് ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കുന്ന ചാംപ്യൻസ് ലീഗിന്റെ സെമിയിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിയെ നേരിടേണ്ട ക്ലബ്ബിന്റെ കരുത്തു ശോഷിപ്പിക്കുന്നതാണ് ഈ പരുക്ക്.

അതേസമയം, സിറ്റിക്കെതിരെ ചെൽസി നേടിയ വിജയം കോച്ച് തോമസ് ടൂഹേലിന്റെ തൊപ്പിയിൽ പൊൻതൂവലായി. ഫ്രാങ്ക് ലാംപാഡിനു പകരം ചുമതലയേറ്റ് 3 മാസത്തിനകം ചെൽസിയെ വിലപിടിപ്പുള്ള കിരീടത്തിന്റെ അരികിൽ വരെ എത്തിക്കാൻ ടൂഹേലിനായി. 5 വർഷമായി സിറ്റിക്കൊപ്പമുള്ള ഗ്വാർഡിയോളയുടെ തന്ത്രങ്ങൾക്ക് മറുതന്ത്രം മെനഞ്ഞു വിജയിക്കാൻ സാധിച്ചെന്നതും നേട്ടമാണ്.

48–ാം മിനിറ്റിലാണു ഡി ബ്രുയ്നെ പരുക്കേറ്റ് മുടന്തി മൈതാനം വിട്ടത്. യുവതാരം ഫിൽ ഫോഡനാണ് പകരം ഇറങ്ങിയത്. 55–ാം മിനിറ്റിലാണ് മൊറോക്കൻ മിഡ്ഫീൽഡർ ഹക്കിം സിയെച്ചിന്റെ ഗോൾ വന്നത്. ലെസ്റ്റർ സിറ്റി – സതാംപ്ടൻ സെമിവിജയികളുമായി മേയ് 15ന് വെംബ്ലി സ്റ്റേഡിയത്തിലാണ് ചെൽസിയുടെ ഫൈനൽ.

English Summary: Chelsea end Manchester City's quadruple quest to reach FA Cup Final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com