മൗറീഞ്ഞോയെ മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കി ടോട്ടനം ഹോട്സ്പർ!
Mail This Article
ലണ്ടൻ∙ ടോട്ടനം ഹോട്‍സ്പറിന്റെ മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് ഹോസെ മൗറീഞ്ഞോ പുറത്ത്. പോർച്ചുഗൽ സ്വദേശിയായ മൗറീഞ്ഞോയെ പരിശീലക സ്ഥാനത്തുനിന്ന് നീക്കിയതായി ടോട്ടനം സ്ഥിരീകരിച്ചു. 2019 നവംബറിൽ മൗറീഷ്യോ പൊച്ചെറ്റീനോയെ പുറത്താക്കിയണ് ടോട്ടനം മൗറീഞ്ഞോയെ മുഖ്യ പരിശീലകനാക്കിയത്. എന്നാൽ, ടോട്ടനത്തിനൊപ്പം കാര്യമായ നേട്ടങ്ങളൊന്നും സ്വന്തമാക്കാനാകാതെ പോയതോടെയാണ് മൗറീഞ്ഞോയുടെ കസേര തെറിച്ചത്. വെള്ളിയാഴ്ച എവർട്ടനോട് 2–2 സമനിലയിൽ പിരിഞ്ഞ മത്സരമാണ് മൗറീഞ്ഞോയ്ക്ക് കീഴിൽ ടോട്ടനത്തിന്റെ അവസാന മത്സരം.
മൗറീഞ്ഞോയ്ക്ക് കീഴിൽ കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്തായിരുന്നു ടോട്ടനം. ഈ സീസണിൽ നിലവിൽ ഏഴാം സ്ഥാനത്താണ് അവർ. കഴിഞ്ഞ മൂന്നു ലീഗ് മത്സരങ്ങളിൽനിന്ന് ടോട്ടനത്തിന് നേടാനായത് രണ്ടു പോയിന്റ് മാത്രമണ്. യൂറോപ്പാ ലീഗിൽനിന്ന് മാർച്ചിൽ പുറത്താകുകയും ചെയ്തു.
പരിശീലക കരിയറിൽ ഒറ്റ സീസണിൽ മൗറീഞ്ഞോ ആദ്യമായി 10 തോൽവി വഴങ്ങിയ സീസണാണിത്. ഇത്തവണ ആദ്യം ലീഡു നേടിയ മത്സരങ്ങൾ തോറ്റതു വഴി മാത്രം 20 പോയിന്റാണ് ടോട്ടനം നഷ്ടമാക്കിയത്.
പ്രീമിയർ ലീഗിൽ മുൻപ് ചെൽസിയുടെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും പരിശീലകനായിരുന്നു മൗറീഞ്ഞോ. ടീമിന്റെ മോശം പ്രകടനത്തെത്തുടർന്ന് 2018 ഡിസംബറിൽ യുണൈറ്റഡും മൗറീഞ്ഞോയെ പുറത്താക്കി. പോർച്ചുഗൽ ക്ലബ് പോർട്ടോ (2004), ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാൻ (2010) എന്നിവർക്ക് ചാംപ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്തതാണ് മൗറീഞ്ഞോയുടെ പരിശീലക കരിയറിലെ മികച്ച നേട്ടം.
English Summary: Tottenham sack manager Jose Mourinho after 17 months