ADVERTISEMENT

പാരിസ്∙ യുവേഫ ചാംപ്യൻസ് ലീഗ് കിരീടമെന്ന സ്വപ്നത്തിലേക്ക് ഒരു ചുവടുകൂടി വച്ച് ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിക്ക് ആദ്യ പാദ സെമിയിൽ തകർപ്പൻ ജയം. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ ഫ്രഞ്ച് ക്ലബ് പിഎസ്ജിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി തകർത്തത്. മത്സരം നടന്നത് പിഎസ്ജിയുടെ തട്ടകത്തിലായതിനാൽ, സ്വന്തം തട്ടകത്തിലെ രണ്ടാം പാദത്തിന് ഇറങ്ങുമ്പോൾ സിറ്റിക്ക് രണ്ട് എവേ ഗോളിന്റെ ആനുകൂല്യം കൂടിയായി. കെവിൻ ഡിബ്രൂയ്നെ (64), റിയാദ് മെഹ്റെസ് (71) എന്നിവരാണ് സിറ്റിക്കായി ഗോൾ നേടിയത്. പിഎസ്ജിയുടെ ആശ്വാസഗോൾ ക്യാപ്റ്റൻ മാർക്വീഞ്ഞോസ് (15) നേടി. മിഡ്ഫീൽഡർ ഇദ്രിസ ഗുയെ ചുവപ്പുകാർഡ് പുറത്തായതിനാൽ 10 പേരുമായാണ് പിഎസ്ജി മത്സരം പൂർത്തിയാക്കിയത്.

സ്വന്തം തട്ടകത്തിലെ ആദ്യ പാദ സെമിയിൽ ക്യാപ്റ്റൻ മാർക്വീഞ്ഞോസിലൂടെ പിഎസ്ജിയാണ് ആദ്യം ലീഡെടുത്തത്. എസ്ജിക്ക് അനുകൂലമായി ലഭിച്ച കോർണർ കിക്കാണ് ഗോളിനു വഴിതുറന്നത്. എയ്ഞ്ചൽ ഡി മരിയ എടുത്ത കോർണർ കിക്ക് ഉയർന്നുചാടി വലയിലേക്കു തിരിച്ചുവിട്ടാണ് മാർക്വീഞ്ഞോസ് ടീമിനു ലീഡ് സമ്മാനിച്ചത്. ആദ്യപകുതി കൂടുതൽ ഗോളുകളില്ലാതെ അവസാനിച്ചെങ്കിലും മൈതാനത്ത് ആധിപത്യം പുലർത്തിയത് മാഞ്ചസ്റ്റർ സിറ്റിയായിരുന്നു. മുന്നേറ്റത്തിൽ നെയ്മർ നിറം മങ്ങിയതും കിലിയൻ എംബപ്പെയ്ക്ക് പതിവു പ്രകടനം പുറത്തെടുക്കാനാകാതെ പോയതുമാണ് പിഎസ്ജിക്ക് തിരിച്ചടിയായത്.

64–ാം മിനിറ്റിൽ സിറ്റി കാത്തിരുന്ന ഗോളെത്തി. കെവിൻ ഡിബ്രൂയ്നെ പിഎസ്ജി ബോക്സിലേക്ക് ഉയർത്തി നൽകിയ അപകടകരമായ ക്രോസാണ് ഗോളായി പരിണമിച്ചത്. പന്തിന് ഗോളിലേക്കു വഴികാട്ടാനുള്ള സിറ്റി താരങ്ങളുടെ ശ്രമങ്ങളെ പ്രതിരോധിക്കാൻ പിഎസ്ജി കിണഞ്ഞു ശ്രമിക്കുന്നതിനിടെ, പന്ത് ആരുടെയും ‘സഹായമില്ലാതെ’ വലയിൽ കയറി.

സിറ്റിയുടെ ആദ്യ ഗോളിന് ഏഴു മിനിറ്റ് പ്രായമാകുമ്പോഴേയ്ക്കും വിജയഗോളുമെത്തി. ഇക്കുറി പിഎസ്ജി ബോക്സിനു തൊട്ടുപുറത്ത് സിറ്റിക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്കാണ് ഗോളിനു വഴിതുറന്നത്. കിക്കെടുത്ത റിയാദ് മെഹ്റെസിന്റെ ഇടംകാൽ ഷോട്ട് പിഎസ്ജി പ്രതിരോധത്തിനുള്ളിലൂടെ നൂഴ്ന്ന് കയറി വലയിലെത്തി.

സമനില ഗോളിനായി പിഎസ്ജി കയ്യും മെയ്യും മറന്നു പൊരുതുന്നതിനിടെയാണ് നില വഷളാക്കി റഫറി ചുവപ്പുകാർഡ് പുറത്തെടുത്തത്. സിറ്റി മിഡ് ഫീൽഡർ ഇൽകേയ് ഗുണ്ടോഗനെ ഫൗൾ ചെയ്തതിനാണ് മുൻ എവർട്ടൻ താരം കൂടിയായ ഇദ്രിസ ഗുയെയെ റഫറി ചുവപ്പുകാർഡ് കാട്ടി പുറത്താക്കിയത്. എതിരാളികളുടെ ആളെണ്ണം കുറഞ്ഞതോടെ ലീഡ് വർധിപ്പിക്കാൻ സിറ്റി കിണഞ്ഞു ശ്രമിച്ചെങ്കിലും പിഎസ്ജി പ്രതിരോധം പിടിച്ചുനിന്നു.

English Summary: Manchester City Register comeback win over PSG in UCL 2021 semi-final 1st leg

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com