ADVERTISEMENT

ലണ്ടൻ∙ ഗോൾ ലക്ഷ്യമിട്ടുള്ള എതിരാളികളുടെ ഷോട്ടുകൾ തടുക്കാൻ മാത്രമല്ല, അത‌്യാവശ്യ ഘട്ടങ്ങളിൽ ഗോളടിക്കാനും തനിക്കാകുമെന്ന് ലിവർപൂളിന്റെ ബ്രസീലിയൻ ഗോൾകീപ്പർ അലിസൻ ബക്കർ തെളിയിച്ചു. ഫലം, സമനില ഉറപ്പിച്ചിരുന്ന ഇംഗ്ലിഷ് പ്രീമിയർ ലീഗ് മത്സരത്തിൽ ലിവർപൂളിന് അപ്രതീക്ഷിത വിജയവും ചാംപ്യൻസ് ലീഗ് യോഗ്യതാ പ്രതീക്ഷയും. പൊരുതിക്കളിച്ച വെസ്റ്റ് ബ്രോമിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ലിവർപൂൾ തകർത്തത്. റോബ്സൻ കാനു 15–ാം മിനിറ്റിൽ നേടിയ ഗോളിൽ വെസ്റ്റ് ബ്രോമാണ് മത്സരത്തിൽ ലീഡെടുത്തത്. 33–ാം മിനിറ്റിൽ മുഹമ്മദ് സലാ ലിവർപൂളിന് ലീഡ് നൽകി. ഇതോടെ ഈ സീസണിൽ 22 ഗോളുമായി ഗോൾവേട്ടക്കാരുടെ പട്ടികയിൽ ടോട്ടനം ഹോട്സ്പർ താരം ഹാരി കെയ്നൊപ്പമെത്തി സലാ.

സമനില ഉറപ്പാക്കിയ ഘട്ടത്തിലാണ് ഇൻജറി ടൈമിൽ അലിസന്റെ ഗോളെത്തിയത്. 1892 മുതലുള്ള ലിവർപൂളിന്റെ ചരിത്രത്തിൽ ഗോൾ നേടുന്ന ആദ്യ ഗോൾകീപ്പറാണ് അലിസൻ. പ്രീമിയർ ലീഗ് ചരിത്രത്തിൽത്തന്നെ ഹെഡറിലൂടെ ഗോൾ നേടുന്ന ആദ്യ ഗോൾകീപ്പറും അലിസനാണ്. പ്രീമിയർ ലീഗ് മത്സരങ്ങളിൽ 90–ാം മിനിറ്റിലോ അതിനുശേഷമോ ലിവർപൂൾ വിജയഗോൾ നേടുന്നത് ഇത് 38–ാം തവണയാണ്. രണ്ടാം സ്ഥാനത്തുള്ള ടീമിനേക്കാൾ 13 ഗോളുകൾ കൂടുതൽ!

മത്സരം ഇൻജറി ടൈമിലേക്കു കടക്കുമ്പോഴും സമനിലയിലായിരുന്ന മത്സരത്തിൽ, അവസാന നിമിഷം ലിവർപൂളിന് ലഭിച്ച കോർണർ കിക്കാണ് വഴിത്തിരിവായത്. മത്സരം അവസാന മിനിറ്റിലായിരുന്നതിനാൽ ഗോൾകീപ്പർ അലിസൻ ബക്കർ ഉൾപ്പെടെയുള്ളവർ വെസ്റ്റ് ബ്രോം ഗോൾമുഖത്തുണ്ടായിരുന്നു. ട്രെന്റ് അലക്സാണ്ടർ ആർണോൾഡ് കോർണർ കിക്കെടുക്കുമ്പോൾ ലിവർപൂൾ നിരയിലെ പ്രധാന താരങ്ങളെയെല്ലാം വെസ്റ്റ് ബ്രോം പ്രതിരോധം മാർക്ക് ചെയ്തിരുന്നു. പക്ഷേ, ലിവർപൂൾ ഗോൾകീപ്പർ അലിസന്റെ കാര്യം അവർ വിട്ടുപോയി. ഗോൾമുഖത്തേക്കു വളഞ്ഞിറങ്ങിയ പന്തിൽ ഉയർന്നുചാടി തലവച്ച അലിസനു പിഴച്ചില്ല. പന്ത് നേരെ വെസ്റ്റ് ബ്രോം പോസ്റ്റിന്റെ വലതുമൂലയിൽ ഇടിച്ചുകയറി.

‘മത്സരം അവസാന മിനിറ്റിലായിരുന്നതിനാൽ വെസ്റ്റ് ബ്രോം ഗോൾമുഖത്ത് ഏറ്റവും അനുയോജ്യമായൊരു സ്ഥലം കണ്ടെത്തി അവിടെ നിൽക്കാനായിരുന്നു എന്റെ പദ്ധതി. വെസ്റ്റ് ബ്രോമിന്റെ ഏതെങ്കിലുമൊരു ഡിഫൻഡറെ തടഞ്ഞുനിർത്തി എന്റെ സഹതാരങ്ങളെ സഹായിക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ എന്നെ നോക്കാൻ അവിടെ ആരുമുണ്ടായിരുന്നില്ല. എന്റെ ഭാഗ്യമോ എനിക്ക് ലഭിച്ച അനുഗ്രഹമോ ആയിരിക്കാം. ചില കാര്യങ്ങൾ നമുക്ക് വിശദീകരിക്കാനാകില്ലല്ലോ’ – മത്സരശേഷം അലിസൻ പറഞ്ഞു.

വിജയത്തോടെ 36 മത്സരങ്ങളിൽനിന്ന് 63 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ലിവർപൂൾ. ഇത്ര തന്നെ മത്സരങ്ങളിൽനിന്ന് 64 പോയിന്റുമായി ചെൽസി നാലാമതും 66 പോയിന്റുമായി ലെസ്റ്റർ സിറ്റി മൂന്നാം സ്ഥാനത്തുമാണ്. അടുത്ത മത്സരം ഇവർ തമ്മിലായതിനാൽ ഒരു ടീം തോറ്റാൽ ലിവർപൂളിന് ആദ്യ നാലിൽ കടന്ന് ചാംപ്യൻസ് ലീഗ് യോഗ്യത സജീവമാക്കാൻ അവസരമുണ്ട്.

English Summary: Alisson's historic goal keeps Liverpool in top 4 hunt, seals 2-1 win over West Ham

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com