ഗോളടിച്ചുകൂട്ടിയിട്ടും കിരീടങ്ങളില്ല; ടോട്ടനത്തെ ‘കൈവിടാൻ’ ഒരുങ്ങി ഹാരി കെയ്ൻ!
Mail This Article
ലണ്ടൻ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് ടോട്ടനം ഹോട്‍സ്പറിന്റെ സൂപ്പർ സ്ട്രൈക്കർ ഹാരി കെയ്ൻ ഈ സീസണിനൊടുവിൽ ടീം വിടുമെന്ന് റിപ്പോർട്ട്. ഈ വർഷം യൂറോ കപ്പിനു മുൻപേ ക്ലബ് വിടാനുള്ള താൽപര്യം കെയ്ൻ അധികൃതരെ അറിയിച്ചെന്നാണ് വിവരം. ഇതോടെ, ഹാരി കെയ്നിന്റെ പകരക്കാരനായി ടോട്ടനം അന്വേഷണം ആരംഭിച്ചു. ടോട്ടനത്തിനായി ഗോളുകളടിച്ചുകൂട്ടിയിട്ടും പ്രധാന ട്രോഫികളൊന്നും നേടാനാകാത്തതിന്റെ നിരാശയിലാണ് താരം ക്ലബ് വിടുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇംഗ്ലിഷ് പ്രീമിയർ ലീഗിലെ മികച്ച ഗോൾവേട്ടക്കാരനുള്ള ഗോൾഡൻ ബൂട്ടിനായുള്ള മത്സരത്തിൽ മുൻനിരയിലുണ്ട് കെയ്ൻ. ഈ സീസണിൽ രണ്ടു മത്സരങ്ങൾ വീതം എല്ലാ ടീമിനും ശേഷിക്കെ 22 ഗോളുമായി ലിവർപൂൾ താരം മുഹമ്മദ് സലായ്ക്കൊപ്പം ഒന്നാം സ്ഥാനത്താണ് കെയ്ൻ. 13 ഗോളുകൾക്ക് കെയ്ൻ അസിസ്റ്റും നൽകി. മുൻപ് രണ്ടു തവണ ഗോൾഡൻ ബൂട്ട് നേടിയിട്ടുള്ള താരം കൂടിയാണ് ഇരുപത്തിയേഴുകാരനായ കെയ്ൻ.
വ്യക്തിപരമായി നേട്ടങ്ങൾ ഒട്ടേറെ സ്വന്തമാക്കുമ്പോഴും ക്ലബ്ബിന് പ്രധാന കിരീടങ്ങളൊന്നും നേടാനാകാത്ത സാഹചര്യത്തിലാണ് കെയ്ൻ പുതിയ തട്ടകം തേടുന്നത്. 2008നുശേഷം ഒരു പ്രധാന കിരീടം സ്വന്തമാക്കാനുള്ള അവസരം ടോട്ടനത്തിന് ഇക്കുറി ലഭിച്ചെങ്കിലും കഴിഞ്ഞ മാസം നടന്ന ലീഗ് കപ്പ് ഫൈനലിൽ അവർ മാഞ്ചസ്റ്റർ സിറ്റിയോടു തോറ്റു.
ഡിസംബറിൽ പ്രീമിയർ ലീഗ് പോയിന്റ് പട്ടികിയൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ടോട്ടനം, പിന്നീട് മോശം പ്രകടനങ്ങളിലൂടെ പോയിന്റ് പട്ടികയിൽ താഴേക്കിറങ്ങിയിരുന്നു. പ്രകടനം തീർത്തും മോശമായതോടെ പരിശീലകൻ ഹോസെ മൗറീഞ്ഞോയെ ക്ലബ് പുറത്താക്കുകയും ചെയ്തു. നിലവിൽ 59 പോയിന്റുമായി ലീഗിൽ ആറാം സ്ഥാനത്തുള്ള ടോട്ടനത്തിന് ആദ്യ നാലിൽ തിരിച്ചെത്തി ചാംപ്യൻസ് ലീഗിന് യോഗ്യത നേടാനുള്ള സാധ്യത കുറവാണ്. ഇതും കെയ്ൻ ക്ലബ് വിടാനുള്ള കാരണമാണെന്നു കരുതുന്നു.
English Summary: Tottenham Hotspur left reeling after Harry Kane tells club he wants to leave