17–ാം സ്ഥാനക്കാരോട് തോറ്റ് ഒന്നാം സ്ഥാനക്കാരായ സിറ്റി; യുണൈറ്റഡിനെ ഫുൾഹാം തളച്ചു
Mail This Article
ലണ്ടൻ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗിലെ സംഭവബഹുലമായ ദിനത്തിൽ ചാംപ്യൻ പട്ടം ഉറപ്പാക്കിയ മാഞ്ചസ്റ്റർ സിറ്റിയെ അട്ടിമറിച്ച് 17–ാം സ്ഥാനക്കാരായ ബ്രൈട്ടൺ. ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്രൈട്ടന്റെ ജയം. പ്രീമിയർ ലീഗ് ചരിത്രത്തിൽ സിറ്റിക്കെതിരെ ബ്രൈട്ടന്റെ ആദ്യ ജയമാണിത്. മറ്റൊരു മത്സരത്തിൽ മൂന്നു ദിവസത്തിനിടെ രണ്ടാം തവണയും മുഖാമുഖമെത്തിയപ്പോൾ ലെസ്റ്റർ സിറ്റിയോട് പകരംവീട്ടി ചെൽസി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ലെസ്റ്റർ സിറ്റിയെ വീഴ്ത്തിയ ചെൽസി, മൂന്നാം സ്ഥാനത്തേക്കുയർന്ന് ചാംപ്യൻസ് ലീഗ് യോഗ്യതാ പ്രതീക്ഷകൾ കൂടുതൽ സജീവമാക്കി. ലീഗിൽ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഇക്കുറി തരംതാഴ്ത്തൽ ഉറപ്പായ ഫുൾഹാം സമനിലയിൽ തളച്ചു. ഓരോ ഗോളടിച്ചാണ് ഇരു ടീമുകളും സമനില പാലിച്ചത്.
∙ സിറ്റിക്കെതിരെ ബ്രൈട്ടന്റെ കന്നി ജയം
ബ്രൈട്ടന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ രണ്ടു ഗോളുകൾക്ക് ലീഡെടുത്ത ശേഷമാണ് മാഞ്ചസ്റ്റർ സിറ്റി അപ്രതീക്ഷിത തോൽവി വഴങ്ങിയത്. 10–ാം മിനിറ്റിൽ ഡിഫൻഡർ ജാവോ കാൻസലോ ചുവപ്പുകാർഡ് കണ്ടു പുറത്തുപോയതിനാൽ മത്സരത്തിന്റെ ഏറിയ പങ്കും സിറ്റി 10 താരങ്ങളുമായാണ് കളിച്ചത്. രണ്ടാം മിനിറ്റിൽ ഇൽകേ ഗുണ്ടോഗൻ നേടിയ ഗോളിൽ മുന്നിലെത്തിയ സിറ്റിക്ക്, 48–ാം മിനിറ്റിൽ ഒറ്റയാൾ മുന്നേറ്റത്തിലൂടെ ഫിൽ ഫോഡൻ നേടിയ ഗോൾ ലീഡ് വർധിപ്പിച്ചതാണ്. പക്ഷേ, ബ്രൈട്ടന്റെ സ്വപ്നതുല്യമായ തിരിച്ചുവരവിൽ സിറ്റി വീണുപോയി.
50–ാം മിനിറ്റിൽ ലിയാൻഡ്രോ ട്രൊസാർഡ് നേടിയ ഗോളിലൂടെയാണ് ബ്രൈട്ടന്റെ തിരിച്ചുവരവിന്റെ തുടക്കം. 72–ാം മിനിറ്റിൽ ആദം വെബ്സ്റ്ററിലൂടെ അവർ സമനില പിടിച്ചു. ഒടുവിൽ 76–ാം മിനിറ്റിൽ ഡാൻ ബേൺ നേടിയ ഗോളിലൂടെ വിജയവും പിടിച്ചെടുത്തു. യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിൽ ഈ മാസം അവസാനം ചെൽസിയെ നേരിടാനൊരുങ്ങുന്ന സിറ്റിക്ക് കനത്ത പ്രഹരമാണ് ബ്രൈട്ടണെതിരായ തോൽവി. മത്സരം തുടങ്ങുമ്പോൾ 17–ാം സ്ഥാനത്തായിരുന്ന ബ്രൈട്ടൺ വിജയത്തോടെ 37 കളികളിൽനിന്ന് 41 പോയിന്റുമായി 15–ാം സ്ഥാനത്തേക്ക് കയറി.
∙ പകരം വീട്ടി ചെൽസി
കഴിഞ്ഞ ദിവസം എഫ്എ കപ്പ് ഫൈനലിൽ തോൽപ്പിച്ച ലെസ്റ്റർ സിറ്റിയോട് മധുര പ്രതികാരം ചെയ്താണ് സ്വന്തം പ്രീമിയർ ലീഗ് മത്സരത്തിൽ സ്വന്തം തട്ടകത്തിൽ ചെൽസിയുടെ ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചെൽസിയുടെ ജയം. അന്റോണിയോ റുഡിഗർ (47), ജോർജീഞ്ഞോ (66 – പെനൽറ്റി) എന്നിവരാണ് ചെൽസിക്കായി ഗോൾ നേടിയത്. ലെസ്റ്ററിന്റെ ആശ്വാസഗോൾ 76–ാം മിനിറ്റിൽ ഇഹിനാച്ചോ നേടി.
വിജയവുമായി ചെൽസി മൂന്നാം സ്ഥാനത്തേക്ക് കയറിയതോടെ, നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ലെസ്റ്റർ സിറ്റിയുടെ ചാംപ്യൻസ് ലീഗ് യോഗ്യതാ പ്രതീക്ഷകൾക്കും മങ്ങലേറ്റു. നിലവിൽ 37 മത്സരങ്ങളിൽനിന്ന് 66 പോയിന്റുമായി ലെസ്റ്റർ നാലാം സ്ഥാനത്തുണ്ടെങ്കിലും, 36 മത്സരങ്ങളിൽനിന്ന് 63 പോയിന്റുമായി അഞ്ചാം സ്ഥാനത്തുള്ള ലിവർപൂളിന് അടുത്ത മത്സരത്തിൽ ബേൺലിയെ തോൽപ്പിച്ചാൽ നാലാം സ്ഥാനത്തേക്ക് കയറാം. ലീഗിൽ ഒരു മത്സരം മാത്രം ശേഷിക്കെ പിന്നീട് ലെസ്റ്ററിന് തിരിച്ചുവരണമെങ്കിൽ അവസാന മത്സരത്തിൽ ലിവർപൂൾ തോൽക്കേണ്ടിവരും.
∙ യുണൈറ്റഡിനൊരു ‘പാഠം’
അതേസമയം, ലീഗിൽ രണ്ടാം സ്ഥാം ഉറപ്പിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഞെട്ടിച്ചാണ് ഇത്തവണ തരംതാഴ്ത്തൽ ഉറപ്പായ ഫുൾഹാം ഓള്‍ഡ് ട്രാഫഡിൽനിന്ന് സമനിലയുമായി കളം വിട്ടത്. 15–ാം മിനിറ്റിൽ എഡിസൻ കവാനി 40 വാര അകലെനിന്ന് ലോബ് ചെയ്ത് നേടിയ ഗോളിൽ ലീഡെടുത്ത യുണൈറ്റഡിനെ, 76–ാം മിനിറ്റിൽ ജോ ബ്രയാൻ നേടിയ ഗോളിലാണ് ഫുൾഹാം സമനിലയിൽ തളച്ചത്.
English Summary: 10-man Manchester City loses 3-2 at Brighton, Gundogan off injured