രണ്ട് ചാംപ്യൻസ് ലീഗ് ബർത്തിനായി പോരടിച്ച് ചെൽസി, ലിവർപൂൾ, ലെസ്റ്റർ; ഇനി ‘ഫൈനൽ’!
Mail This Article
ലണ്ടൻ∙ പരിശീലകൻ യൂർഗൻ ക്ലോപ്പ് ‘സെമി ഫൈനൽ’ എന്ന് വിശേഷിപ്പിച്ച ഇംഗ്ലിഷ് പ്രിമിയർ ലീഗ് മത്സരത്തിൽ ബേൺലിയെ തകർത്ത് ലിവർപൂൾ പോയിന്റ് പട്ടികയിൽ നാലാമത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ലിവർപൂളിന്റെ വിജയം. ഇതോടെ ലിവർപൂളിന്റെ ചാംപ്യൻസ് ലീഗ് യോഗ്യതാ പ്രതീക്ഷയും സജീവമായി. റോബർട്ടോ ഫിർമിനോ (43), നഥാനിയേൽ ഫിലിപ്സ് (52), അലക്സ് ഓക്സ്‌ലേഡ് ചേംബർലെയ്ൻ (88) എന്നിവരാണ് ലിവർപൂളിനായി ഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ ആസ്റ്റൺ വില്ലയോടു തോറ്റ ടോട്ടനം ഹോട്സ്‍പറിന്റെ പ്രതീക്ഷകൾ ഏറെക്കുറെ അസ്തമിച്ചു.
ബേൺലിക്കെതിരായ വിജയത്തോടെ 37 കളികളിൽനിന്ന് 66 പോയിന്റുമായാണ് ലിവർപൂൾ നാലാം സ്ഥാനത്തേക്ക് കയറിയത്. ലീഗിലെ ആദ്യ നാലു സ്ഥാനക്കാർക്കാണ് അടുത്ത സീസണിലെ യുവേഫ ചാംപ്യൻസ് ലീഗിന് യോഗ്യത. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ലെസ്റ്റർ സിറ്റി കഴിഞ്ഞ മത്സരത്തിൽ ചെൽസിയോടു തോറ്റതോടെയാണ് ലിവർപൂളിന് നാലാം സ്ഥാനത്തേക്ക് കയറാൻ വഴിയൊരുങ്ങിയത്. ചെൽസി 67 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്. അഞ്ചാം സ്ഥാനത്തേക്ക് ഇറങ്ങിയ ലെസ്റ്ററിനും 66 പോയിന്റുണ്ടെങ്കിലും ഗോൾ ശരാശരിയിലെ ആധിപത്യമാണ് ലിവർപൂളിനെ മുന്നിലെത്തിച്ചത്.
സീസണിൽ എല്ലാ ടീമുകൾക്കും ഓരോ മത്സരം മാത്രം ശേഷിക്കെ, അടുത്ത കളികൾ ജയിച്ചാൽ ചെൽസിക്കും ലിവർപൂളിനും ചാംപ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കാം. ലിവർപൂളിനും ലെസ്റ്ററിനും 66 പോയിന്റ് വീതമാണെങ്കിലും ഗോൾ ശരാശരിയിൽ നാലു ഗോളിന്റെ ആധിപത്യം ലിവർപൂളിനുണ്ട്. അടുത്ത മത്സരത്തിൽ ചെൽസി തോൽക്കുകയും ലിവർപൂളും ലെസ്റ്റർ സിറ്റിയും ജയിക്കുകയും ചെയ്താൽ ഈ ടീമുകൾ മുന്നേറും. സീസണിലെ അവസാന മത്സരങ്ങളിൽ കടുപ്പമേറിയ എതിരാളികൾ ലെസ്റ്ററിനാണ്. ടോട്ടനവുമായാണ് അവരുടെ മത്സരം. ലിവർപൂളിന് ക്രിസ്റ്റൽ പാലസും ചെൽസിക്ക് ആസ്റ്റൺ വില്ലയുമാണ് എതിരാളികൾ.
സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ലയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ടോട്ടനം തോറ്റത്. സ്റ്റീവൻ ബെർഗ്‌വിൻ എട്ടാം മിനിറ്റിൽ നേടിയ ഗോളിൽ ടോട്ടനമാണ് മത്സരത്തിൽ ലീഡ് നേടിയത്. എന്നാൽ, 20–ാം മിനിറ്റിൽ റിഗ്യുലോിയ വഴങ്ങിയ സെൽഫ് ഗോൾ അവർക്കു തിരിച്ചടിയായി. 39–ാം മിനിറ്റിൽ ഒലി വാട്കിൻസ് അവരുടെ വിജയഗോളും നേടി. ചാംപ്യൻസ് ലീഗ് പ്രതീക്ഷകൾ അസ്തമിച്ച ടോട്ടനം 37 കളികളിൽനിന്ന് 59 പോയിന്റുമായി ഏഴാം സ്ഥാനത്താണ്. ആസ്റ്റൺ വില്ല 52 പോയിന്റുമായി 11–ാം സ്ഥാനത്തുമുണ്ട്.
മറ്റൊരു മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ തോൽപ്പിച്ച ആർസനൽ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തേക്ക് കയറി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ആർസനലിന്റെ വിജയം. ഇൻജറി ടൈമിലാണ് ആർസനൽ രണ്ടു ഗോൾ നേടിയത്. നിക്കോളാസ് പെപ്പെയുടെ ഇരട്ടഗോളുകളാണ് (35, 90+5) ആർസനലിന് തകർപ്പൻ വിജയം സമ്മാനിച്ചത്. ഒരു ഗോൾ മാർട്ടിനെല്ലിയുടെ (90+1) വകയാണ്. ക്രിസ്റ്റൽ പാലസിന്റെ ആശ്വാസ ഗോൾ ക്രിസ്റ്റ്യൻ ബെന്റെകെ (62) നേടി.
ലീഗിലെ മറ്റു മത്സരങ്ങളിൽ എവർട്ടൻ വോൾവ്സിനെയും (1–0), ന്യൂകാസിൽ യുണൈറ്റഡ് ഷെഫീൽഡ് യുണൈറ്റഡിനെയും (1–0), വെസ്റ്റ് ഹാം വെസ്റ്റ് ബ്രോമിനെയും (3–1) തോൽപ്പിച്ചു.
English Summary: Liverpool move into top-four after win over Burnley; Tottenham's Europe hopes dented