മെസ്സി ബാർസ വിടുമോ? റൊണാള്ഡോ യുവെ വിടുമോ? ക്ലബ് ഫുട്ബോളിൽ തലമുറമാറ്റം!
Mail This Article
മഡ്രിഡ് ∙ ബാർസയിൽ മെസ്സിയുടെ പിൻഗാമിയാര്? യുവന്റസിൽ റൊണാൾഡോയ്ക്കു പകരമാര്?– യൂറോപ്യൻ ഫുട്ബോൾ ലീഗുകൾ ഈയാഴ്ച അവസാനിക്കുന്നതോടെ അരങ്ങു നിറയാൻ പോകുന്നത് ഈ ചോദ്യങ്ങളാണ്. ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ ടോട്ടനം ഹോട്സ്പറിന്റെ സൂപ്പർ താരം ഹാരി കെയ്നും ക്ലബ് വിടാനൊരുങ്ങി നിൽക്കുകയാണ്.
മാഞ്ചസ്റ്റർ സിറ്റിയുടെ റെക്കോർഡ് ഗോൾ സ്കോററായ സെർജിയോ അഗ്യൂറോ ക്ലബ് വിടുകയാണെന്നു പ്രഖ്യാപിച്ചു കഴിഞ്ഞു. കോവിഡ് കാലത്തും കൂടുമാറ്റം തകൃതിയായാൽ വരും സീസണിൽ ഓരോ ലീഗും ഭരിക്കുക പുതിയ തലമുറയാകും.
∙ അഗ്യൂറോ, കെയ്ൻ എങ്ങോട്ട്?
‘എതിരാളികളെ കൊല്ലുന്ന സിംഹമാണ് അഗ്യൂറോ’ എന്നാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള ഇന്ന് എവർട്ടനെതിരെ സിറ്റി ജഴ്സിയിൽ അവസാന മത്സരത്തിനിറങ്ങുന്ന മുപ്പത്തിരണ്ടുകാരനെക്കുറിച്ച് പറഞ്ഞത്. 40 വയസ്സു വരെ അഗ്യൂറോയ്ക്കു കളി തുടരാം എന്നും പെപ് പറഞ്ഞത് അർജന്റീന താരത്തെ സ്വന്തമാക്കാൻ ആലോചിക്കുന്ന ക്ലബ്ബുകളെ പ്രലോഭിപ്പിക്കാൻ തന്നെ.
പെപ്പിന്റെ മുൻ ക്ലബ് ബാർസിലോനയാണ് അഗ്യൂറോയ്ക്കു വേണ്ടിയുള്ള മത്സരത്തിൽ മുന്നിൽ. അഗ്യൂറോയ്ക്കു പകരം സിറ്റി കണ്ണുവയ്ക്കുന്നത് നിലവിൽ അതിലും പ്രഹരശേഷിയുള്ള ടോട്ടനം താരം ഹാരി കെയ്നിനെയാണ്.
∙ മെസ്സി, റോണോ നിൽക്കുമോ?
ബാർസയ്ക്കു ലാ ലിഗ കിരീടമില്ല എന്നുറപ്പായതോടെ തന്നെ മെസ്സിയുടെ ഭാവിനീക്കങ്ങളെക്കുറിച്ച് അഭ്യൂഹങ്ങൾ പരന്നു തുടങ്ങി. ഐബറിനെതിരെ അവസാന മത്സരത്തിനു നിൽക്കാതെ തന്നെ മെസ്സി ടീം ക്യാംപ് വിട്ടു. കോപ്പ അമേരിക്കയ്ക്കു മുൻപു കോവിഡ് വാക്സീനെടുക്കാൻ പോയതാണെന്നാണ് വാർത്തകൾ.
ഇറ്റാലിയൻ ലീഗിൽനിന്ന് യുവന്റസ് ചാംപ്യൻസ് ലീഗിനു യോഗ്യത നേടിയില്ലെങ്കിൽ ക്രിസ്റ്റ്യാനോയും ക്ലബ് വിട്ടേക്കാം. ഇന്ന് ബൊലോന്യയ്ക്കെതിരെ സീസണിലെ അവസാന മത്സരം യുവെയ്ക്കു നിർണായകമാണ്. 5–ാം സ്ഥാനത്തുള്ള അവർക്കു ചാംപ്യൻസ് ലീഗിനു യോഗ്യത നേടാൻ ജയിച്ചാൽ മാത്രം പോര. 4–ാം സ്ഥാനത്തുള്ള നാപ്പോളി വെറോണയ്ക്കെതിരെ ജയിക്കാതിരിക്കുകയും വേണം. ക്രിസ്റ്റ്യാനോ യുവെ വിടുകയാണെങ്കിലും സ്വീകരിക്കാൻ കാത്തിരിക്കുന്നത് മുൻ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെ.
∙ എംബപെ, ഹാലൻഡ് ആർക്ക്?
മെസ്സി–റൊണാൾഡോ യുഗത്തിനു ശേഷം ലോക ഫുട്ബോൾ ഭരിക്കുമെന്നു കരുതുന്ന പിഎസ്ജി താരം കിലിയൻ എംബപ്പെ, ബൊറൂസിയ ഡോർട്ട്മുണ്ട് താരം ഏർലിങ് ഹാലൻഡ് എന്നിവർക്കാണ് ട്രാൻസ്ഫർ മാർക്കറ്റിൽ ഡിമാൻഡ് കൂടുതൽ. ക്രിസ്റ്റ്യാനോയ്ക്കു പകരം വയ്ക്കാവുന്ന ഒരാളെ ഇതുവരെ കിട്ടാത്ത റയൽ മഡ്രിഡ്, പുതിയ സ്ട്രൈക്കിങ് സഖ്യത്തെ തേടുന്ന ലിവർപൂൾ എന്നിവരെല്ലാം ഫ്രഞ്ച് താരത്തെ നോട്ടമിടുന്നുണ്ട്. ഇരുപതുകാരൻ ഹാലൻഡിനെ കൊതിക്കാത്ത ക്ലബ്ബുകളില്ല.
ജർമൻ ക്ലബ് ബയൺ മ്യൂണിക്, സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ്, ബാർസിലോന, ഇംഗ്ലിഷ് ക്ലബ്ബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ചെൽസി എന്നിവരെല്ലാം നോർവെ താരത്തിനു പിന്നാലെയുണ്ട്. ഹാലൻഡിന്റെ സഹതാരമായ ജെയ്ഡൻ സാഞ്ചോയെ റാഞ്ചാനും ക്ലബ്ബുകൾ ക്യൂ നിൽക്കുന്നു.
English Summary: Generation change in club football