ADVERTISEMENT

ക്ലബ് ഫുട്ബോളിൽ ഒരു സീസണിനു കൂടി തിരശീല വീഴുമ്പോൾ, വിവിധ ടീമുകളുടെ തലപ്പത്ത് മാറ്റങ്ങൾക്കും തുടക്കം. പോയ സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ക്ലബ്ബുകളുടെ പരിശീലക സ്ഥാനത്താണ് മാറ്റങ്ങളിലേറെയും. മോശം പ്രകടനം നടത്തിയ ചില ക്ലബ്ബുകളുടെ പരിശീലകർക്ക് കസേര നഷ്ടമായപ്പോൾ, പിടിച്ചു പുറത്താക്കും മുൻപേ ടീം വിട്ടവരുമുണ്ട്. സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ്, ഇംഗ്ലിഷ് ക്ലബ് ടോട്ടനം ഹോട്‍സ്‌പർ, ഇറ്റാലിയൻ ക്ലബ്ബുകളായ ഇന്റർ മിലാൻ, യുവെന്റസ് തുടങ്ങിയവയുടെ തലപ്പത്തെല്ലാം മാറ്റമുണ്ട്.

∙ സിദാൻ റയൽ വിട്ടു

മഡ്രിഡ് ∙ ഒരു പതിറ്റാണ്ടിനിടെ ആദ്യമായി സീസണിൽ ഒരു കിരീടം പോലും നേടാൻ കഴിയാതെ പോയ റയൽ മഡ്രിഡിൽനിന്നു പരിശീലകൻ സിനദിൻ സിദാൻ പടിയിറങ്ങുന്നു. 2016–18 കാലഘട്ടത്തിൽ തുടർച്ചയായ 3 ചാംപ്യൻസ് ലീഗ് കിരീടനേട്ടങ്ങളോടെ റയൽ മഡ്രിഡിന്റെ ചരിത്രം ഇതിഹാസസമാനമായി പുനർനിർമിച്ച സിദാന് 2–ാം തവണ ലാ ലിഗ, സ്പാനിഷ് സൂപ്പർ കപ്പ് ട്രോഫികൾ മാത്രമേ നേടാൻ സാധിച്ചുള്ളൂ.

∙ പോച്ചെറ്റീനോ വീണ്ടും ടോട്ടനത്തിലേക്ക്?

പാരിസ് ∙ ഇത്തവണ ഫ്രഞ്ച് ലീഗ് ഫുട്ബോൾ കിരീടം നിലനിർത്താൻ കഴിയാത്തതിന്റെ പേരിൽ പടിക്കു പുറത്തായ പിഎസ്ജി പരിശീലകൻ മൗറീഷ്യോ പോച്ചെറ്റീനോ തന്റെ പഴയ തട്ടകമായ ഇംഗ്ലിഷ് ക്ലബ് ടോട്ടനത്തിലേക്കു തിരിച്ചെത്തിയേക്കും. ഫ്രഞ്ച് കപ്പ് മാത്രം നേടി ഈ സീസൺ അവസാനിപ്പിക്കേണ്ടി വന്നതാണു പോച്ചെറ്റീനോയ്ക്കു തിരിച്ചടിയായത്.

∙ ഇന്റർ മിലാൻ കോച്ച് കോന്റെ രാജിവച്ചു

മിലാൻ ∙ 11 വർഷത്തിനു ശേഷം ഇറ്റാലിയൻ ലീഗ് കിരീടം നേടിയ ഇന്റർമിലാന്റെ കോച്ച് അന്റോണിയോ കോന്റെ വിജയാഘോഷങ്ങൾക്കു പിന്നാലെ ക്ലബ് വിട്ടു. പ്രധാന താരങ്ങളെ വിറ്റഴിക്കാനുള്ള ക്ലബ് മാനേജ്മെന്റിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണു നടപടി. ക്ലബ്ബിന്റെ ചൈനീസ് ഉടമകളും കോന്റെയുമായി സ്വരച്ചേർച്ചയില്ലാതായിട്ടു കുറച്ചുകാലമായി. ഒരുവർഷം കൂടി കരാർ ബാക്കിയിരിക്കെയാണു രാജി.

∙ പിർലോയ്ക്കു പകരം മാസിമിലിയാനോ അലെഗ്രി

റോം ∙ ആന്ദ്രേ പിർലോ പുറത്താക്കപ്പെട്ട ഒഴിവിൽ ഇറ്റാലിയൻ ഫുട്ബോൾ ക്ലബ് യുവന്റസിന്റെ പരിശീലകനായി മാസിമിലിയാനോ അലെഗ്രി തിരിച്ചെത്തുന്നു. സീസണിലെ മോശം പ്രകടനത്തിന്റെ പേരിലാണ് മുൻ യുവെ താരം കൂടിയായ പിർലോയെ ക്ലബ് പുറത്താക്കിയത്. പകരം ടീമിന്റെ ചുമതലയേറ്റെടുക്കാൻ അൻപത്തിമൂന്നുകാരനായ അലെഗ്രി സമ്മതിച്ചു.

English Summary: Antonio Conte in Real Madrid frame as Zinedine Zidane successor with Max Allegri to rejoin Juventus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com