ADVERTISEMENT

പോർട്ടോ ∙ മർമം നോക്കി നടന്ന മാഞ്ചസ്റ്റർ സിറ്റിക്ക് ചെൽസി മസ്തകത്തിൽ തന്നെ തിരിച്ചു കൊടുത്തു! സിറ്റിയുടെ പാസിങ് ഫുട്ബോളിന് പേസുള്ള കളിയിലൂടെ മറുപടി നൽകിയ ഇന്ദ്ര‘നീലപ്പട’യ്ക്ക് യുവേഫ ചാംപ്യൻസ് ലീഗ് കിരീടം. പോർട്ടോയിലെ എസ്റ്റാഡിയോ ഡോ ഡ്രഗാവോയിൽ 1–0നാണു ചെൽസിയുടെ ജയം. 42–ാം മിനിറ്റിൽ ജർമൻ താരം കായ് ഹാവെർട്സാണു വിജയഗോൾ നേടിയത്. ചെൽസിയുടെ ചരിത്രത്തിലെ 2–ാം ചാംപ്യൻസ് ലീഗ് കിരീടമാണിത്. ചുമതലയേറ്റെടുത്ത് 123 ദിവസങ്ങൾക്കുള്ളിൽ ടീമിനു കിരീടം നേടിക്കൊടുക്കാൻ പരിശീലകൻ തോമസ് ടൂഹലിനായി. സിറ്റി കോച്ച് പെപ് ഗ്വാർഡിയോളയ്ക്ക് ടീമിനൊപ്പമുള്ള 5–ാം സീസണിലും നിരാശയോടെ മടക്കം. 

ഗ്രാമർ ഫുട്ബോൾ 

ഫുട്ബോളിന്റെ ‘വ്യാകരണം’ തെറ്റാതെ കളിക്കാൻ സ്വന്തം ടീമുകളെ പഠിപ്പിക്കുന്ന സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയ്ക്ക് ഇത്തവണ ‘സ്പെല്ലിങ്’ തെറ്റിപ്പോയി. ഡിഫൻസീവ് മിഡ്ഫീൽഡർമാരായ ഫെർണാണ്ടിഞ്ഞോയോ റോ‍ഡ്രിയോ ഇല്ലാതെ പെപ് പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചപ്പോൾ തന്നെ ആരാധകർക്ക് ഷോക്ക് ആയി. അതോടെ സീസണിൽ അറ്റാക്കിങ് മിഡ്ഫീൽഡർ റോളിൽ തിളങ്ങിയ ഇൽ‌കായ് ഗുണ്ടോവനു പിന്നോട്ടിറങ്ങേണ്ടി വന്നു. ഗോൾ വഴങ്ങിയതിൽ തന്നെ ഫെർണാണ്ടിഞ്ഞോയുടെ അസാന്നിധ്യം പ്രകടമായിരുന്നു. മേസൺ മൗണ്ടും ടിമോ വെർണറും കായ് ഹാവെർട്സും ഒരുക്കിയെടുത്ത നീക്കമാണു ലക്ഷ്യത്തിലെത്തിയത്. മധ്യവരയ്ക്കടുത്ത് മൗണ്ടിന്റെ കാലിൽ പന്തു കിട്ടിയപ്പോൾ സിറ്റി താരങ്ങൾ കരുതിയത് വെർണർക്കു പാസ് ചെയ്യുമെന്നാണ്. എന്നാൽ, മൗണ്ട് ബോക്സിനു മുന്നിലേക്കോടിയ ഹാവെർട്സിനു നൽകി. ഓടിയെത്തിയ ഗോൾകീപ്പർ എദേഴ്സനെ അനായാസം മറികടന്ന ഹാവെർട്സ് പന്ത് ആളില്ലാത്ത പോസ്റ്റിലെത്തിച്ചു. 60–ാം മിനിറ്റിൽ അന്റോണിയോ റുഡിഗറുമായി കൂട്ടിയിടിച്ചു പരുക്കേറ്റ് മിഡ്ഫീൽഡർ കെവിൻ ഡിബ്രൂയ്നെ പുറത്തു പോവുകയും ചെയ്തതോടെ സിറ്റിയുടെ അടി തെറ്റി. ഫെർണാണ്ടിഞ്ഞോയെയും സെർജിയോ അഗ്യൂറോയെയും ഇറക്കി ഗ്വാർഡിയോള തെറ്റു തിരുത്തിയെങ്കിലും വൈകിപ്പോയിരുന്നു. 

ഗ്ലാമർ ഫുട്ബോൾ 

ചെൽസി കോച്ച് തോമസ് ടൂഹൽ പരീക്ഷണങ്ങൾക്കൊന്നും നിന്നില്ല. ഉറച്ച പ്രതിരോധവും അതിവേഗത്തിലുള്ള പ്രത്യാക്രമണങ്ങളുമായി സുന്ദരമായി കളിച്ചു ചെൽസി. പതിവുപോലെ എൻഗോളോ കാന്റെയായിരുന്നു നീലപ്പടയുടെ എൻജിൻ. കെവിൻ ഡിബ്രൂയ്നെയെ ഒരു വട്ടം ഗോളിലേക്കു വഴിമുടക്കിയത് ഉൾപ്പെടെ മികച്ച ടാക്കിളുകളും ടീമിന്റെ ബോക്സ് ടു ബോക്സ് നീക്കങ്ങൾക്കു തുടക്കമിട്ട പാസുകളുമായി കാന്റെ കളം നിറഞ്ഞു. വെർണറും മൗണ്ടും ഹാവെർട്സും ചേർന്ന മുന്നേറ്റം തുടക്കം മുതലേ സിറ്റി ബോക്സിൽ ഭീഷണിയുയർത്തി. മികച്ച 2 അവസരങ്ങൾ വെർണർ നഷ്ടമാക്കിയതു കൊണ്ടു മാത്രമാണ് ഗോൾ വരാൻ വൈകിയത്. ഒടുവിൽ മൂന്നു പേരും ചേർന്ന നീക്കം ഗോളിലെത്തുകയും ചെയ്തു.

English Summary: Chelsea won the Champions League for the second time with a fully deserved victory over Manchester City

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com