ഓർമകളിൽ ത്രസിച്ച് ടീം ഇന്ത്യ ഇന്നു വീണ്ടും കളത്തിൽ; തിരിച്ചടിക്കാൻ ഖത്തർ
Mail This Article
ഒരു വർഷം അകലെ ഫിഫ ലോകകപ്പിനു പന്തു തട്ടാൻ ഒരുങ്ങിനിൽക്കുന്ന ജാസിം ബിൻ അഹമ്മദ് സ്റ്റേഡിയത്തിൽ ഇന്നു സുനിൽ ഛേത്രിയും സംഘവും കളിക്കാനിറങ്ങുമ്പോൾ ഇന്ത്യയുടെ ഫുട്ബോൾ ഓർമകളും രണ്ടു വർഷം പിന്നോട്ടിറങ്ങും. ലോകകപ്പ് ലക്ഷ്യവുമായി 2019 ൽ ഖത്തറിനെ നേരിട്ടതിന്റെ ഓർമകളിൽ ഓടിക്കളിച്ചാകും ഇഗോർ സ്റ്റിമാച്ചിന്റെ ടീം ഇന്ത്യയുടെ കളത്തിലിറക്കം. സമീപകാലത്തു ഇന്ത്യൻ ഫുട്ബോൾ കണ്ട സ്വപ്നാടനം തന്നെയായിരുന്നു ആ മത്സരം.
ദാവീദും ഗോലിയാത്തും തമ്മിലുള്ള പോരാട്ടമെന്ന മട്ടിലായിരുന്നു അന്നു ഖത്തറിനെ നേരിടാൻ അവരുടെ മണ്ണിലേക്കു നീലപ്പട വന്നിറങ്ങിയത്. വൻകരയിലെ ഭീമൻമാരായി തിളങ്ങിനിൽക്കുന്ന ആതിഥേയർക്കെതിരെ എത്ര ഗോൾ വഴങ്ങുമെന്നാകും കടുത്ത ഇന്ത്യൻ ആരാധകർ പോലും കണക്കുകൂട്ടിയിരിക്കുക. ലോകഫുട്ബോളിൽ ഏഷ്യയിലെ ഏറ്റവും പ്രബല വിലാസമായി മാറിയ ഖത്തറിനു മുന്നിൽ ഇന്ത്യക്കു പിടിച്ചുനിൽക്കാനാകില്ലെന്ന മുൻധാരണകൾ പക്ഷേ, 90 മിനിറ്റിൽ മണൽക്കാറ്റിനൊപ്പം പറന്നു. സ്കോർ കാർഡിൽ ഇങ്ങനെ തെളിഞ്ഞു: ഖത്തർ 0 - ഇന്ത്യ 0.
വിജയഗാഥകൾ ഒട്ടേറെ പറയാനുണ്ടായിരുന്ന ഖത്തറിന്റെ മുൻനിരയും പറയാൻ മാത്രമൊന്നും ഇല്ലാതിരുന്ന ഇന്ത്യയുടെ പ്രതിരോധവും തമ്മിലായിരുന്നു ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലെ പോരാട്ടം. ലോകകപ്പിനായി ഒരുങ്ങുന്ന ദോഹ സ്റ്റേഡിയത്തിൽ അന്നു തലതാഴ്ത്തി മടങ്ങിയതു ഖത്തറിന്റെ പേരെടുത്ത സംഘമാണ്. തലയിൽ കൈവച്ചു നിന്നതു ലോകകപ്പിന്റെ ഈറ്റില്ലമെന്ന ആവേശത്തിൽ ആതിഥേയർക്കായി അലമുറയിട്ട ആരാധകക്കൂട്ടമാണ്.
ഗോളുകൾ ഒഴിഞ്ഞുനിന്ന ആ മത്സരത്തിലെ സമനിലയെന്ന ഫലത്തിനു കണക്കുപുസ്തകങ്ങളിൽ മാത്രമേ സ്ഥാനമുണ്ടാകൂ. കളത്തിനും കണക്കിനും പുറത്തു ടീം ഇന്ത്യ ‘വിജയിച്ചു’ കയറിയെന്നു വിലയിരുത്തേണ്ടതാണ് ആ പോരാട്ടം. അനായാസം ജയിക്കാനായി വന്ന ഖത്തറിന്റെ അറ്റാക്കിങ് ഗെയിം പ്ലാൻ പോക്കറ്റിൽ ഒതുക്കി ഇന്ത്യയുടെ ചുണക്കുട്ടികൾ. ജയിക്കാൻ ഉറപ്പിച്ചു വന്നതായിരുന്നു ആതിഥേയർ. പക്ഷേ, പരാജയപ്പെട്ടു. സന്ദർശകൾ ശ്രമിച്ചതു പരാജയം ഒഴിവാക്കാനായിരുന്നു. അതിൽ അവർ വിജയിച്ചു. ആക്രമണത്തെ മുൻനിർത്തിയുള്ള ഖത്തറിന്റെ പോരാട്ടവീര്യം പ്രതിരോധത്തെ മുൻനിർത്തിയൊരുക്കിയ ഇന്ത്യയുടെ ഗെയിം പ്ലാനിനു മുന്നിൽ അടിയറവ് പറഞ്ഞു.
ഏഷ്യൻ ഫുട്ബോളിൽ സമീപകാലത്തു ഖത്തർ ഫുട്ബോൾ സൃഷ്ടിച്ച സ്വാധീനം കണക്കിലെടുത്താൽ അവിശ്വസനീയം എന്നു വിശേഷിപ്പിക്കേണ്ടതാണ് ഇന്ത്യക്ക് ഈ മത്സരഫലം. ഫെലിക്സ് സാഞ്ചസ് പരിശീലകനായ ഖത്തറിന്റെ പടയോട്ടം കണ്ട നാളുകളായിരുന്നുവത്. ഏഷ്യൻ കപ്പിൽ കരുത്തരായ എതിരാളികളെ ഒന്നൊന്നായി കീഴടക്കിയുള്ള ഖത്തറിന്റെ വീരഗാഥയ്ക്കു പിന്നാലെയാണ് മുടന്തി നീങ്ങുന്നവരെന്ന ആക്ഷേപം കേട്ടുശീലിച്ച ഇന്ത്യൻ സംഘം ദോഹയിലെത്തിയത്. ലയണൽ മെസ്സിയും നെയ്‌മർ ജൂനിയറുമെല്ലാം മാറ്റുരയ്ക്കുന്ന, ലാറ്റിനമേരിക്കൻ മണ്ണിലെ ലോകകപ്പായ കോപ്പ അമേരിക്കയിൽ മത്സരിക്കാൻ ക്ഷണം ലഭിച്ചതിന്റെ ആവേശോർജം കൂടി ജ്വലിപ്പിച്ചായിരുന്നു ഇന്ത്യയെ നേരിടാനുള്ള ഖത്തറിന്റെ ആ വരവ്.
ഏഷ്യൻ മണ്ണിൽ ആ നാളുകളിൽ കളിച്ച ഒരു മത്സരത്തിലും വിജയം കാണാതെ കളംവിട്ടിരുന്നില്ല ഖത്തർ. ആ വർഷം കളിച്ച 8 മത്സരങ്ങളിലും വിജയം കണ്ടെന്നു പറഞ്ഞാലും കരുത്തിന്റെ ചിത്രം പൂർണമാകില്ല. ജപ്പാനും ദക്ഷിണ കൊറിയയും സൗദി അറേബ്യയും പോലുള്ള കരുത്തരായ എതിരാളികളുടെ വല നിറയെ ഗോളടിച്ചു കൂട്ടിയായിരുന്നു ആ പടയോട്ടങ്ങൾ. വെറും 8 മത്സരങ്ങളിൽ നിന്നായി 25 ഗോളുകൾ വാരിക്കൂട്ടിയ ആക്രമണ നിരയെയാണു ഇന്ത്യയുടെ ഗോളി ഗുർപ്രീത് സിങ് സന്ധുവും സന്ദേശ് ജിങ്കാൻ നയിച്ച കാവൽനിരയും ചേർന്നു പിടിച്ചുകെട്ടിയത്.
ഏഷ്യാ വൻകരയിലും പുറത്തുമുള്ള പ്രബലരായ പല ടീമുകളും ഒരു മത്സരത്തിൽ പോലും ഖത്തറിനെതിരെ ‘ക്ലീൻ ഷീറ്റ്’ നേട്ടവുമായി മടങ്ങാത്ത നാളുകളിലായിരുന്നു എതിരാളികളുടെ മടയിൽ ചെന്നുള്ള ഇന്ത്യൻ പ്രഹരം. ഏഷ്യൻ ചാംപ്യൻമാരെ ഗോൾ രഹിത സമനിലയിൽ പൂട്ടിയ ‘വിജയവുമായി’ സ്റ്റിമാച്ചിന്റെയും ഛേത്രിയുടെ അഭാവത്തിൽ ക്യാപ്റ്റനായ ഗുർപ്രീതിന്റെയും ടീം ഇന്ത്യ ചെന്നുകയറിയതും ലോക ഫുട്ബോളിലെതന്നെ എലൈറ്റ് എന്നു പറയേണ്ടുന്നൊരു ക്ലബ്ബിലേക്കാണ്.
ഖത്തറിന്റെ ഫുട്ബോൾ കാറ്റ് ആഞ്ഞുവീശിയ 2019 ൽ ഇന്ത്യയെ കൂടാതെ മൂന്നു ടീമുകൾ മാത്രമേ അവർക്കെതിരെ ക്ലീൻ ഷീറ്റ് നേടി മടങ്ങിയിട്ടുള്ളൂ. ബ്രസീലിയയിലെ ഗാരിഞ്ച സ്റ്റേഡിയത്തിൽ ഖത്തറിനെതിരെ സൗഹൃദമത്സരം കളിച്ച ബ്രസീലാണ് അതിലെ ആദ്യത്തെ ടീം. കോപ്പ അമേരിക്ക ടൂർണമെന്റിൽ കളിച്ച അർജന്റീനയുടെയും കൊളംബിയയുടെയും സർവസന്നാഹങ്ങളും നിരന്ന കരുത്തുറ്റ ടീമുകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. പിന്നെയുള്ളതു ‘സ്വപ്നാടനം’ നടത്തിയ നമ്മുടെ ടീം ഇന്ത്യയും!
∙ ആവർത്തിക്കുമോ ആ പോരാട്ടം?
അറേബ്യൻ മണ്ണിൽ അതേ എതിരാളികൾക്കെതിരെ സമാനപ്രകടനം ആവർത്തിക്കാൻ ലക്ഷ്യമിട്ടാകും സ്റ്റിമാച്ചിന്റെ ടീം ഇന്നു വീണ്ടും ബൂട്ടു കെട്ടുന്നത്. ഗ്രൂപ്പ് ഇയിൽ നിന്ന് ഇന്ത്യയുടെ ലോകകപ്പ് എൻട്രി സ്വപ്നം അവസാനിച്ചു കഴിഞ്ഞു. 2023 ലെ എഎഫ്സി ഏഷ്യൻ കപ്പ് എന്ന ലക്ഷ്യമാണ് ഇനി ടീമിനു മുന്നിലുള്ളത്. ക്രൊയേഷ്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിനും മിന്നുന്നൊരു പ്രകടനം അനിവാര്യമാണ്. യുഎഇക്കെതിരെ എതിരില്ലാത്ത 6 ഗോളുകൾ വഴങ്ങിയ, അടുത്തിടെ ഇന്ത്യ നേരിട്ട ഏറ്റവും വലിയ തിരിച്ചടിയിൽ നിന്നു തിരിച്ചുകയറാൻ സ്റ്റിമാച്ചിനു ശരാശരിക്കും മേലൊരു പ്രകടനം വേണം.
യുഎഇക്കെതിരെ പരീക്ഷിച്ച യുവതാരനിരയെ അണിനിരത്തിയല്ല ഖത്തറിനെതിരായ പോരാട്ടം. ഇക്കുറി ടീമംഗങ്ങളിൽ ഭൂരിപക്ഷവും പരിചയസമ്പത്തേറെയുള്ളവരാണ്. സുനിൽ ഛേത്രി ഉൾപ്പെടെയുള്ള വിശ്വസ്തർ ടീമിലേക്കു മടങ്ങിയെത്തുന്നതിനൊപ്പം ഐഎസ്എലിൽ വിസ്മയിപ്പിച്ച യുവരക്തങ്ങളും നീല ജഴ്സിയിൽ അവസരം തേടുന്നുണ്ട്. ഖത്തറും കരുത്തുറ്റ നിരയുമായാണു കളത്തിലെത്തുക. ഇന്ത്യയ്ക്കെതിരെ ഗോൾരഹിത നാണക്കേട് വഴങ്ങിയ പതിനൊന്നു പേരും ഇത്തവണയും ടീമിലുണ്ട്. അൽമോസ് അലിയും ഹസൻ അൽ ഹെയ്ഡോസും അക്രം അഫിഫും പോലുള്ള പോരാളികൾക്ക് ഇക്കുറി ഒരു ലക്ഷ്യം കൂടിയുണ്ടാകും – അന്നത്തെ പ്രഹരത്തിനു പകരം ചോദിക്കുക.
പ്രതികാരച്ചൂടിൽ വർധിതവീര്യത്തോടെ ആഞ്ഞടിക്കുന്ന ഖത്തർ ആക്രമണങ്ങളെ തടുക്കാൻ സ്റ്റിമാച്ചിന്റെ ‘ബസ് പാർക്കിങ്’ പ്രതിരോധത്തിന് ഇക്കുറി സാധിക്കുമോ ? ഫിഫ ‘ഉറങ്ങുന്ന ഭീമൻ’ എന്നു വിശേഷിപ്പിച്ച ഇന്ത്യൻ ഫുട്ബോളിന്റെ ഇതേവരെ കാണാത്ത പുതിയൊരു മുഖം ജാസിം ബിൻ സ്റ്റേഡിയത്തിൽ അവതരിക്കുമോ? അറിയാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പേ ഉള്ളൂ. കിക്കോഫ് രാത്രി 10.30 ന്. സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാം.
English Summary: India vs Qatar, FIFA World Cup Qualifiers 2022