ADVERTISEMENT

ദോഹ ∙ ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതയെന്ന സ്വപ്നങ്ങൾക്കു പ്രതീക്ഷ പകർന്ന് ഇന്ത്യയ്ക്കു വിജയം. ലോകകപ്പ് – ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അയൽക്കാരായ ബംഗ്ലദേശിനെയാണ് ഇന്ത്യ തോൽപ്പിച്ചത്. ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് ഇന്ത്യയുടെ 2 ഗോളുകളും നേടിയത്. 79, 90+2 മിനിറ്റുകളിലായിരുന്നു ഗോളുകൾ. നീണ്ട 11 മത്സരങ്ങളുടെ കാത്തിരിപ്പിനുശേഷമാണ് ഇന്ത്യൻ ഫുട്ബോൾ ടീം വിജയം നേടുന്നതെന്ന പ്രത്യേകതയുമുണ്ട്.

ഇതോടെ, ഗ്രൂപ്പ് ഇയിൽ 7 കളികളിൽ 6 പോയിന്റുമായി ഇന്ത്യ 3–ാം സ്ഥാനം കാത്തു. ഖത്തർ (19), ഒമാൻ (12) എന്നിവയാണു ഗ്രൂപ്പിൽ ആദ്യ 2 സ്ഥാനങ്ങളിൽ. ഇന്ത്യയ്ക്കു വെല്ലുവിളിയായി 6 കളികളിൽ 5 പോയിന്റുമായി അഫ്ഗാനിസ്ഥാൻ 4–ാം സ്ഥാനത്തുണ്ട്. ഗ്രൂപ്പിലെ ആദ്യ 3 സ്ഥാനക്കാർക്ക് ഏഷ്യൻ കപ്പിലേക്കുള്ള വഴിയിൽ നേരിട്ടു മുന്നേറാം.

ഫിഫ റാങ്കിങ്ങിൽ 192–ാം സ്ഥാനക്കാരായ ബംഗ്ലദേശിനെതിരെ 97–ാം സ്ഥാനക്കാരായ ഇന്ത്യ വിജയമുറപ്പിച്ചാണു കളിക്കിറങ്ങിയതെങ്കിലും എളുപ്പമായിരുന്നില്ല കാര്യങ്ങൾ. തുടക്കം മുതൽ ആക്രമിച്ചു കളിച്ചിട്ടും 2–ാം പകുതിയുടെ അവസാന നേരത്തുമാത്രമാണ് ഇന്ത്യയ്ക്കു ലക്ഷ്യം കാണാനായത്. ആദ്യപകുതിയിൽ ചിംഗ്ലിൻസാന സിങ് കോൻഷാമും മൻവീർ സിങ്ങും ഗോളിനടുത്തെത്തിയെങ്കിലും ബംഗ്ലദേശിന്റെ ഉറച്ച പ്രതിരോധക്കോട്ട തകർക്കാനായില്ല.

2–ാം പകുതിയിൽ ബിപിൻ സിങ്ങിനു പകരം മലയാളി ആഷിഖ് കുരുണിയനെ ഇറക്കി കോച്ച് ഇഗോർ സ്റ്റിമാച്ച് കളിക്കു വേഗം കൂട്ടിയതോടെയാണു ഫലമുണ്ടായത്. കളിയിൽ 74% പന്തവകാശവും ഇന്ത്യയ്ക്കായിരുന്നിട്ടും സ്കോറിങ് ഫലിച്ചില്ല. അഫ്ഗാനിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ മത്സരം 15നാണ്.

ബംഗ്ലദേശിനെതിരായ ഇരട്ടഗോളുകളോടെ, ഇന്ത്യൻ ജഴ്സിയിൽ ഛേത്രിയുടെ ഗോൾനേട്ടം 74 ആയി ഉയർന്നു. ഇപ്പോഴും കളത്തിൽ സജീവമായിട്ടുള്ള താരങ്ങളിൽ ദേശീയ ടീമിനു വേണ്ടി കൂടുതൽ ഗോൾ നേടിയിട്ടുള്ളത് പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രം. പോർച്ചുഗലിനായി 103 ഗോളുകളാണ് ഇതുവരെ റൊണാൾഡോയുടെ സമ്പാദ്യം. അർജന്റീനയുടെ സൂപ്പർതാരം ലയണൽ മെസ്സിയെ (72) ഗോളടിയിൽ സുനിൽ ഛേത്രി പിന്നിലാക്കി.

ഇതോടെ, രാജ്യാന്തര ഫുട്ബോളിൽ കൂടുതൽ ഗോൾ നേടിയ താരങ്ങളിൽ ഛേത്രി 11–ാം സ്ഥാനത്തെത്തി. ഹംഗറിയുടെ സാന്‍ഡോർ കോസിസ്, ജപ്പാന്റെ കുനിഷികെ കമാമോട്ടോ, കുവൈത്തിന്റെ ബാഷർ അബ്ദുല്ല എന്നിവർ ഛേത്രിക്ക് ഒറ്റ ഗോൾ മാത്രം മുന്നിലാണ്.

English Summary: FIFA World Cup qualifiers: Sunil Chhetri scores twice to help India crush Bangladesh, end winless streak

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com