വീണ്ടും ഇരട്ടഗോൾ; റഷ്യയ്‌ക്കെതിരെ രണ്ടാമതും ‘ഇരട്ടച്ചങ്കന്’ ലുക്കാകു!
Mail This Article
റഷ്യയ്‌ക്കെതിരെ ആ ഗോളടിച്ചശേഷം ലുക്കാകു അമ്പെയ്തത് റഷ്യന്‍ കാണികളുടെ നെഞ്ചിലേക്കു തന്നെയായിരുന്നു. ഒന്നോര്‍മിപ്പിക്കാന്‍... റഷ്യ എന്നും എന്റെ ഇരയാണ്. ലുക്കാകുവിന്റെ കരിയറിലെ ആദ്യ രാജ്യാന്തര ഗോളും റഷ്യക്കെതിരെയായിരുന്നു; 11 വര്‍ഷം മുന്‍പ്, ഇരട്ടഗോള്‍. കഴിഞ്ഞദിവസവും അതുപോലെ രണ്ടു ഗോള്‍. യൂറോ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ റഷ്യക്കെതിരെ തന്റെ രണ്ടാം ഗോള്‍ നേടിയശേഷമാണ് ബെല്‍ജിയത്തിന്റെ മുന്നേറ്റനിരക്കാരന്‍ റൊമേലു ലുക്കാകു ആവേശഭരിതനായി ഗാലറിയെ നോക്കി സാങ്കല്‍പിക അമ്പെയ്ത്ത് നടത്തിയത്. അമ്പേറ്റു ഹൃദയം പിളര്‍ന്നപ്പോള്‍ റഷ്യന്‍ കാണികളും ആ ഇരട്ടപ്രഹരത്തെക്കുറിച്ച് ഓര്‍ത്തിരിക്കും.
സെന്റ് പീറ്റേഴ്സ് ബര്‍ഗ് സ്റ്റേഡിയത്തിലെ കാണികളെ അമ്പെയ്തു വീഴ്ത്തിയപ്പോള്‍ ലോകമാകമാനമുള്ള ഫുട്ബോള്‍ പ്രേമികള്‍ ഒന്നുകൂടി ആഗ്രഹിച്ചിട്ടുണ്ടാകും.. ഈ അമ്പെയ്ത്ത് ഇനിയും തുടരണേയെന്ന്.. ഗോളടിയുടെ അമ്പെയ്ത്തിനായി ലോകം കാത്തിരിക്കുന്നു. ഇരട്ടച്ചങ്കനാണ്.. രണ്ടുതവണ ഇരട്ടഗോളുമായി റഷ്യയുടെ കഥകഴിച്ചവന്‍. റഷ്യക്കെതിരെയുള്ള രണ്ടാം ഗോള്‍ രാജ്യത്തിനുവേണ്ടിയുള്ള ലുക്കാകുവിന്റെ 62-ാം ഗോളായിരുന്നു, 94-ാം കളിയും. ബെല്‍ജിയത്തിന്റെ എക്കാലത്തെയും മികച്ച ഗോളടിവീരനാണ് ഈ വമ്പന്‍.
സീരി എയില്‍ ഇന്റര്‍ മിലാനെ കിരീടം ധരിപ്പിക്കാന്‍ ഏറെ വിയര്‍പ്പൊഴുക്കിയശേഷം ബെല്‍ജിയത്തെ യൂറോപ്യന്‍ ചാംപ്യന്മാരാക്കാന്‍ ഒരുങ്ങിയെത്തിയിരിക്കുന്ന ബിഗ് റോമയില്‍നിന്ന് കളിയാരാധകര്‍ ഏറെ പ്രതീക്ഷിക്കുന്നുണ്ടാകും. വമ്പന്‍ ശരീരം സ്പ്രിന്റിന് വഴങ്ങുമോയെന്നു സംശയിച്ചവര്‍ക്കുള്ള മറുപടിയായിരുന്നു രണ്ടാം ഗോള്‍. ആദ്യ ഗോൾ ഒരു നല്ല സ്ട്രൈക്കറുടെ ടൈമിങ്ങിന്റെ തെളിവും. അറ്റാക്കിങ് മിഡ്ഫീല്‍ഡറാണെങ്കിലും കഴിഞ്ഞ കളിയില്‍ ഏക സ്ട്രൈക്കര്‍ എന്ന പൊസിഷനിലായിരുന്നു മിക്കപ്പോഴും ലുക്കാകു. തന്നില്‍ എത്രമാത്രം ടീം വിശ്വസിച്ചിരിക്കുന്നുവെന്ന് മനസ്സിലാക്കിയ ലുക്കാകു അതിന് കോട്ടം വരുത്തിയില്ല.
രണ്ടാം പകുതിയുടെ അവസാനഭാഗത്ത് സൂപ്പര്‍താരം ഏഡന്‍ ഹസാര്‍ഡ് കളത്തിലെത്തിയതോടെ വീര്യം കൂടിയ ലുക്കാകു ഒരിക്കല്‍ക്കൂടി റഷ്യയുടെ കെട്ടുപൊട്ടിച്ച് നിറഞ്ഞാടുകയും ചെയ്തു.
∙ ടോപ് സ്കോറര്‍
ഇരുപത്തെട്ടുകാരനായ ലുക്കാകു രാജ്യാന്തര മത്സരത്തിന് ആദ്യമായിറങ്ങുന്നത് 11 വര്‍ഷം മുന്‍പ്, ക്രൊയേഷ്യക്കെതിരെ. 2010 നവംബര്‍ 17ന് റഷ്യക്കെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ ലുക്കാകു ഇരട്ടഗോള്‍ നേടി, ഇപ്പോള്‍ അതിന്റെ തനിയാവര്‍ത്തനവും. മൂന്നുവര്‍ഷം മുന്‍പാണ് ബെല്‍ജിയത്തിന്റെ ടോപ് സ്കോററായി ലുക്കാകു മാറിയത്. ഈജിപ്തിനെതിരയുള്ള മത്സരത്തിലെ ഗോളോടെ 31 എന്ന നമ്പറിലെത്തിയ ലുക്കാകു മറികടന്നത് ബെര്‍ണാര്‍ഡ് വൂറോഫിനെയും പോള്‍ വാന്‍ഹിംസ്റ്റിനെയുമാണ്.
കഴിഞ്ഞ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍നേടിയ (4) രണ്ടാമനുള്ള പുരസ്കാരം നേടുമ്പോള്‍ ഒരു റെക്കോര്‍ഡുകൂടി തിരുത്തിക്കുറിക്കുകയായിരുന്നു അദ്ദേഹം. 32 വര്‍ഷത്തിനുശേഷം തുടരെയുള്ള രണ്ടു കളികളില്‍നിന്ന് രണ്ടോ അതിലധികമോ ഗോള്‍നേടുന്ന താരമെന്ന നേട്ടം. പാനമ, തുനീസിയ എന്നീ ടീമുകള്‍ക്കെതിരെയായിരുന്നു ലുക്കാകുവിന്റെ ഇരട്ടഗോളുകള്‍, 1986 ല്‍ ഡീഗോ മാറഡോണയ്ക്കുശേഷം ആദ്യം.
∙ 300 കഴിഞ്ഞു
ക്ലബ്, രാജ്യാന്തര കരിയറുകളിലായി 300 ഗോള്‍ എന്ന നേട്ടം ലുക്കാകു മറികടന്നത് ഈയിടെയാണ്. സീരി എയില്‍ ലാസിയോക്കെതിരെയുള്ള മത്സരത്തിലെ ഇരട്ടഗോളോടെ. 16–ാം വയസ്സില്‍ ബെല്‍ജിയം ക്ലബ്ബായ ആന്ദര്‍ലെയിലൂടെ പ്രഫഷനല്‍ കരിയര്‍ ആരംഭിച്ച റൊമേലു ചെല്‍സിയും വെസ്റ്റ് ബ്രോംവിച്ചും എവര്‍ട്ടണും മാഞ്ചസ്റ്റര്‍ യുണൈറ്റഡും കടന്നാണ് ഇന്റര്‍ മിലാന്റെ ജഴ്സിയില്‍ തുടരുന്നത്. 2019ല്‍ ഇന്റര്‍ മിലാനിലെത്തിയ ലുക്കാകു ഇതുവരെ അവര്‍ക്കായി 72 കളിയില്‍നിന്ന് 47 ഗോളുകള്‍ നേടി. എവര്‍ട്ടണിനായി നേടിയ 68 ആണ് ക്ലബ് തലത്തിലെ മികച്ച ഗോൾവേട്ട. അതും 141 കളികളിൽനിന്ന്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 66 കളിയില്‍നിന്നായി 28 ഗോളടിച്ചു.
∙ ചേട്ടന്‍ ബാവ, അനിയന്‍ ബാവ
ചുവന്ന ചെകുത്താന്മാര്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ലോക ഒന്നാം നമ്പര്‍ ടീമായ ബെല്‍ജിയം, റഷ്യക്കെതിരെയുള്ള മത്സരം ജയിക്കുമ്പോള്‍ ചേട്ടനും അനിയനും ടീമിലുണ്ടായിരുന്നു. ഏഡന്‍ ഹസാര്‍ഡും തോര്‍ഗാന്‍ ഹസാര്‍ഡും. പരുക്കുമൂലം കുറച്ചുകാലമായി പുറത്തിരിക്കുന്ന സൂപ്പര്‍ സ്റ്റാറും നായകനുമായ ഏഡന്‍ അവസാന ഇരുപത് മിനിറ്റിലാണ് കളത്തിലിറങ്ങിയതെങ്കില്‍ തോര്‍ഗാന്‍ ആദ്യ ഇലവനില്‍ത്തന്നെ സ്ഥാനം പിടിച്ചു. വിജയം ഉറപ്പാക്കിയശേഷം മാത്രം ഗ്രൗണ്ട് ടച്ചിനായി ഏഡനെ കളത്തിലിറക്കിയ പരിശീലകന് താന്‍ പെര്‍ഫെക്റ്റ് ഓക്കെയാണെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്.
ഡ്രിബിളിങ് മികവിനു പേരുകേട്ട ഏഡന്‍ ഇരുപത് മിനിറ്റില്‍ അത് ഏറെത്തവണ കാട്ടിത്തരികയും ചെയ്തു. ക്ലബ് ഫുട്ബോളിൽ സ്പാനിഷ് വമ്പൻമാരായ റയല്‍ മഡ്രിഡിന്റെ താരമാണ് ഏഡന്‍. ജര്‍മനിയിലെ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനായാണ് തോര്‍ഗാന്‍ കളിക്കുന്നത്. ഹസാര്‍ഡ് ഫുട്ബോള്‍ ഫാമിലിയിലെ ഇളയസഹോദരങ്ങളില്‍ കിലിയന്‍ ഹസാര്‍ഡ് ബെല്‍ജിയന്‍ ക്ലബായ സെര്‍ക്കിള്‍ ബ്രൂഗെയുടെ താരമാണ്. പതിനെട്ടുകാരനായ ഇഥാന്‍ ബെല്‍ജിയം ക്ലബായ റോയല്‍ സ്റ്റെഡ് ബ്രെയ്നോസിനായി കളിക്കുന്നു. ഇവരുടെ മാതാപിതാക്കളായ തിയറിയും കരീനയും ഫുട്ബോള്‍ താരങ്ങളായിരുന്നു.
Content Highlights: Romelu Lukaku, Belgium Football Team, Russia Football Team, UEFA EURO 2020